Tuesday, January 4, 2011

വരനു പ്രായം 110, വധുവിനു വയസ്‌ 82

അഹമ്മദ്‌   മുഹമ്മദ്‌ ഇസ എന്ന മലേഷ്യക്കാരനു പ്രായം 110 വയസായി. 20 പേരക്കുട്ടികളും അവരുടെ 40 മക്കളും അടങ്ങുന്ന വലിയൊരു കുടുംബത്തിന്റെ മുത്തച്‌ഛനാണ്‌ ഇസ എന്ന കാരണവര്‍. എന്നാല്‍, ഇത്രയും ബന്ധുക്കളുടെ നടുവിലാണെങ്കിലും ഒറ്റയ്‌ക്കാണെന്ന തോന്നലാണ്‌ 110-ാം വയസില്‍ വീണ്ടുമൊരു വിവാഹത്തിനു ഇസയെ പ്രേരിപ്പിച്ചത്‌. അഞ്ചു തവണ വിവാഹിതനായിട്ടുണ്ട്‌ ഇസ. എന്നാല്‍, നാലു ഭാര്യമാര്‍ മരിച്ചു പോയി. അഞ്ചാമത്തെ ഭാര്യയില്‍നിന്നു വിവാഹമോചിതനുമായി.

ഒരു പ്രാദേശിക പത്രത്തിലൂടെയാണ്‌ വാര്‍ധക്യത്തിലെ തന്റെ ആഗ്രഹം ഇസ വെളിപ്പെടുത്തിയത്‌. വിവാഹം ചെയ്യുകയാണെങ്കില്‍ പാചകം ചെയ്‌തുതരാനും കാര്യങ്ങള്‍ നോക്കാനും തനിക്ക്‌ ഒരാള്‍ ആയല്ലോ എന്നാണ്‌ ഇസ പറയുന്നത്‌. പത്രത്തിലൂടെ ഇസയുടെ ആഗ്രഹമറിഞ്ഞ്‌ എണ്‍പത്തിരണ്ടു വയസുകാരിയായ സന്‍ഹ അഹമ്മദ്‌ വിവാഹത്തിനു തയാറാവുകയായിരുന്നു. വിധവയായ സന്‍ഹയുടെ ഭര്‍ത്താവ്‌ 30 വര്‍ഷം മുമ്പു വിടപറഞ്ഞിരുന്നു. ഒമ്പതു മക്കളുണ്ട്‌ സന്‍ഹയ്‌ക്ക്.

ചെറുക്കനും പെണ്ണിനും പരസ്‌പരം ഇഷ്‌ടപ്പെട്ടതോടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ മക്കള്‍ തമ്മില്‍ ആലോചിച്ചു നടത്താനാണ്‌ തീരുമാനം. ഇസയ്‌ക്കു മരിച്ചുപോയ തന്റെ ഭര്‍ത്താവിന്റെ ഛായയുണ്ടെന്നും ഇരുവര്‍ക്കും ഒരേ പേരാണെന്നുമാണ്‌ സന്‍ഹ പറയുന്നത്‌. അതുകൊണ്ടാണ്‌ ഇസയെ വിവാഹം കഴിക്കാന്‍ താത്‌പര്യം പ്രകടിപ്പിച്ചതെന്നാണ്‌ സന്‍ഹ ചൂണ്ടിക്കാട്ടിയത്‌.

No comments:

Post a Comment