Friday, January 21, 2011



15 മാസം കഴുകാതെ ജീന്‍സ്‌ ധരിച്ചാല്‍ എന്തു സംഭവിക്കും?

ഒന്നും സംഭവിക്കില്ല. എന്താ സംശയമുണ്ടോ. ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും കാനഡയിലെ ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ജോഷ്‌ ലെയെപ്പോലെ പരീക്ഷണം നടത്താം. ജീന്‍സ്‌ കഴുകാതെ ധരിക്കുന്നത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന്‌ യൂണിവേഴ്‌സിറ്റിയിലെ ജീന്‍സ്‌ വിരുദ്ധര്‍ നടത്തിയ പ്രചാരണത്തെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നു ജോഷ്‌ ലെ ജീവനുള്ള പരീക്ഷണത്തിനു തായറായത്‌. ജോഷ്‌ തന്റെ പ്രിയപ്പെട്ട ജീന്‍സ്‌ തുടര്‍ച്ചയായി 15 മാസമാണ്‌ ഉപയോഗിച്ചത്‌. ഈ കാലത്ത്‌ ഒരു തവണപോലും ജീന്‍സിനെ വെള്ളം കാണിക്കാന്‍ ജോഷ്‌ തയാറായില്ല. വീട്ടുകാരും കൂട്ടുകാരും എന്തിന്‌ കാമുകി പോലും കരഞ്ഞു പറഞ്ഞിട്ടും ജോഷിന്‌ ജീന്‍സിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടില്ല.

15 മാസമായപ്പോള്‍ ജോഷ്‌ തന്റെ ജീന്‍സുമായി യൂണിവേഴ്‌സിറ്റിയിലെ ടെക്‌സ്റ്റയില്‍സ്‌ പ്രഫസറെ കാണാന്‍ എത്തി. പ്രഫസറോട്‌ പരീക്ഷണ വിവരങ്ങള്‍ പറഞ്ഞു. പ്രഫസര്‍ തന്റെ ജീന്‍സ്‌ പരിശോധിക്കണം. അതിലുള്ള ബാക്‌ടീരിയകളെ കണ്ടെത്തണം- ഇതായിരുന്നു ജോഷിന്റെ ആവശ്യം. 15 മാസമായി അലക്കാതെ ഉപയോഗിക്കുന്ന ജീന്‍സില്‍ കോടാനുകോടി ബാക്‌ടീരയകള്‍ കാണും. ഈശ്വരാ ഈ ചെറുപ്പക്കാരന്റെ കാര്യം കഷ്‌ടം തന്നെയെന്നു വിചാരിച്ച്‌ പ്രഫസര്‍ ജീന്‍സ്‌ പരിശോധിക്കാന്‍ തുടങ്ങി. പ്രഫസറുടെ ധാരണ തെറ്റിയില്ല. കോടിക്കണക്കിനു ബാക്‌ടീരിയകളായിരുന്നു അലക്കാത്ത ജീന്‍സില്‍ ഉണ്ടായിരുന്നത്‌. അഞ്ചു വ്യത്യസ്‌ത തരത്തില്‍പ്പെട്ട ബാക്‌ടീരിയകളുടെ സാമ്രാജ്യമായിരുന്നു ജോഷിന്റെ ജീന്‍സ്‌. എന്നാല്‍, ഈ ബാക്‌ടീരിയകളൊന്നും ശരീരത്തെ ദോഷകരമായി ബാധിക്കുന്നവയല്ലെന്നും പ്രഫസര്‍ കണ്ടെത്തി.

ജോഷ്‌ ജീന്‍സ്‌ അലക്കിയതിനുശേഷം 13 ദിവസം ഉപയോഗിച്ചതിനുശേഷം വീണ്ടും യുണിവേഴ്‌സിറ്റിയിലെ പ്രഫസറുടെ അടുത്തെത്തി. ജീന്‍സ്‌ പരിശോധിച്ച പ്രഫസര്‍ വീണ്ടും ഞെട്ടി. 15 മാസം അലക്കാത്തിരുന്നപ്പോള്‍ കണ്ടെത്തിയ അതേ അളവില്‍ തന്നെയാണ്‌ ബാക്‌ടീരിയകള്‍ അലക്കിയതിനുശേഷം 13 ദിവസം മാത്രം ഉപയോഗിച്ച ജീന്‍സിലുള്ളതും.

15 മാസം തുടര്‍ച്ചയായി ധരിച്ചപ്പോള്‍ ഏഴാം മാസത്തില്‍ ജീന്‍സില്‍നിന്നും ചെറിയ തോതില്‍ ദുര്‍ഗന്ധമുണ്ടായെന്ന്‌ ജോഷ്‌ പറയുന്നു. മണം മാറ്റാന്‍ ജോഷ്‌ എന്തു ചെയ്‌തെന്നോ. ജീന്‍സെടുത്ത്‌ ഫ്രീസറില്‍വച്ചു. പിന്നീട്‌ എടുത്തപ്പോള്‍ മണമില്ലായിരുന്നു. എന്താ, ഇനി പറയൂ. ജീന്‍സ്‌ അലക്കണോ? വേണ്ടയോ?
========================================

No comments:

Post a Comment