Friday, January 21, 2011


കുഞ്ഞിന്‌ വിഷം നല്‍കി അമ്മ ആത്മഹത്യക്കു ശ്രമിച്ചു: കുട്ടി മരിച്ചു
കായംകുളം: ഒരു വയസുള്ള കുട്ടിക്ക്‌ വിഷം നല്‍കിയ ശേഷം അമ്മ ആത്മഹത്യക്ക്‌ ശ്രമിച്ചു. കുട്ടി മരിച്ചു. പന്തളം ഉള്ളന്നൂര്‍ ശ്രീസദനം പ്രകാശിന്റെ ഭാര്യ കറ്റാനം ഭരണിക്കാവ്‌ ഇളംപള്ളില്‍ സോമന്റ മകള്‍ ദീപ (26)യാണ്‌ ഒരു വയസുള്ള മകന്‍ ഹരിനന്ദന്‌ വിഷം നല്‍കിയതിന്‌ ശേഷം ആത്മഹത്യക്ക്‌ ശ്രമിച്ചത്‌. ബുധനാഴ്‌ച വൈകിട്ട്‌ ദീപയുടെ വീട്ടിലായിരുന്നു സംഭവം. വിഷം കഴിക്കുന്നതിന്‌ മുമ്പ്‌ ഭര്‍ത്താവിനെ വിളിച്ചു താനും കുഞ്ഞും മരിക്കാന്‍ പോവുകയാണെന്ന്‌ പറഞ്ഞിരുന്നു. ഹരിനന്ദനെ ദീപയുടെ മാതാവ്‌ രാധാമണി അബോധാവസ്‌ഥയില്‍ കണ്ടതിനെത്തുടര്‍ന്ന്‌ മകളെയും കൂട്ടി കറ്റാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ദീപ അവശയായിരുന്നെങ്കിലും കുട്ടിയുടെ രോഗം മൂലമുള്ള പ്രയാസമായിരിക്കുമെന്നാണ്‌ ഇവര്‍ കരുതിയത്‌.

കുട്ടിക്ക്‌ വിദഗ്‌ധ ചികിത്സ ആവശ്യമെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞപ്പോള്‍ ഇവര്‍ പ്രകാശിനെ വിവരമറിയിച്ചു. തുടര്‍ന്ന്‌ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. അടൂരിലെ ആശുപത്രിയില്‍ എത്തിയ ഭര്‍ത്താവ്‌ ദീപയെ അവശനിലയില്‍ കണ്ടു. തുടര്‍ന്ന്‌ നടത്തിയ വിദഗ്‌ധ പരിശോധനയിലാണ്‌ ഇവര്‍ വിഷം കഴിച്ചതാണെന്ന്‌ മനസിലായത്‌. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ്‌ കുട്ടി മരിച്ചത്‌. മിലിട്ടറി ഉദ്യോഗസ്‌ഥനായ പ്രകാശ്‌ ഒരു മാസമായി നാട്ടിലുണ്ട്‌. കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന്‌ ഒരുമാസമായി ദീപയും കുഞ്ഞും കറ്റാനത്തെ വീട്ടിലായിരുന്നു.

അവധിക്കു നാട്ടില്‍ എത്തിയ ഭര്‍ത്താവ്‌ ഇവരെ പന്തളത്തെ വീട്ടിലേക്ക്‌ വിളിച്ച്‌ കൊണ്ട്‌പോവുകയായിരുന്നു. അമിതമായ ഫോണ്‍ വിളിയെച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും ഇതേത്തുടര്‍ന്നാണ്‌ ഇവര്‍ കറ്റാനത്തെ വീട്ടിലേക്ക്‌ പോയതെന്നും പോലീസ്‌ പറയുന്നു. കുട്ടിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടത്തിനു ശേഷം പന്തളത്തെ വീട്ടില്‍ സംസ്‌കരിച്ചു.  (mangalam)
=============================================

No comments:

Post a Comment