Sunday, March 6, 2011


ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആനച്ചാലിലെത്തിച്ച്‌ തെളിവെടുത്തു

അടിമാലി: സഹോദരിയുമായുള്ള പ്രണയത്തിന്‌ എതിരുനിന്ന ഗ്രീഷ്‌മയെന്ന ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രശാന്തിനെ ആനച്ചാലില്‍ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. ഉച്ചകഴിഞ്ഞ്‌ രണ്ടുമണിയോടെ കസ്‌റ്റഡിയില്‍ വാങ്ങിയ പ്രശാന്തിനെ താലൂക്ക്‌ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. തുടര്‍ന്ന്‌ ആനച്ചാലില്‍ എത്തിച്ചു.
ടൗണിലെ വളം-കീടനാശിനി വ്യാപാര സ്‌ഥാപനമായ കെ.പി.ട്രേഡേഴ്‌സില്‍ നിന്നു മോഷ്‌ടിച്ച വിഷമായിരുന്നു കൊലപാതകത്തിന്‌ ഉപയോഗിച്ചത്‌. കടയില്‍ കീടനാശിനിയും വളവും വാങ്ങിക്കൊണ്ടിരുന്ന ഒരു കര്‍ഷകന്റെ മറവില്‍ ഏലത്തിനടിക്കുന്ന കീടനാശിനിയായ 'നുവാക്രോണ്‍' എടുക്കുകയായിരുന്നു.

തുടര്‍ന്ന്‌ കൃത്യനിര്‍വഹണത്തിനുശേഷം കൈയില്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ കുപ്പി കളഞ്ഞതായി പറഞ്ഞ യൂക്കാലിപ്‌റ്റസ്‌ തോട്ടത്തില്‍ പ്രതി കാണിച്ച സ്‌ഥലങ്ങളില്‍ പരതിയെങ്കിലും കുപ്പി കിട്ടിയില്ല. ഇവിടെനിന്നു വീട്ടിലെത്തിച്ച്‌ കൊലനടത്താനായി വീടിനുള്ളിലേക്കു പ്രവേശിച്ച വഴി കാട്ടിക്കൊടുത്തു. കൃത്യം നിര്‍വഹിച്ച മുറിയിലെത്തി സംഭവം അന്വേഷണ ഉദ്യോഗസ്‌ഥരോടു വിശദീകരിച്ചു. ഗ്രീഷ്‌മയുടെ വീട്ടിലേക്കു പോകാന്‍ ഉപയോഗിച്ച ബൈക്ക്‌ സൂക്ഷിച്ച ആളുടെ വീട്ടിലും തുടര്‍ന്നെത്തി ചായകുടിച്ചതായി പറഞ്ഞ സ്‌ഥലത്തും പരിശോധന നടത്തിയശേഷം തിരികെ കോടതിയില്‍ ഹാജരാക്കി ദേവികുളം സബ്‌ ജയിലിലേക്കു കൊണ്ടുപോയി.

ഇതേസമയം രാവിലെ പതിനൊന്നു മണിയോടെ തൊടുപുഴ ജുവനൈല്‍ ജസ്‌റ്റിസ്‌ ബോര്‍ഡിന്‌ മുമ്പില്‍ ഹാജരാക്കിയ കൊല്ലപ്പെട്ട ഗ്രീഷ്‌മയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ രേഷ്‌മയ്‌ക്ക് നിരുപാധിക ജാമ്യം അനുവദിച്ചു. പ്രശാന്തിനെ ചോദ്യം ചെയ്‌തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ രണ്ടാം മൈലിലെ ഒരു റിസോര്‍ട്ട്‌ കേന്ദ്രീകരിച്ച്‌ നടന്നിട്ടുള്ള അനാശാസ്യങ്ങള്‍ സംബന്ധിച്ച്‌ അന്വേഷണം നടന്നുവരുന്നതായും ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.

ക്രൈംബ്രാഞ്ച്‌ സി.ഐ: ഡി.സലിംരാജ്‌, എ.എസ്‌.ഐ: ജോര്‍ജ്‌, ഹെഡ്‌ കോണ്‍സ്‌റ്റബിള്‍മാരായ അബ്‌ദുള്‍ റഹിം, ഷാജി, രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌. പ്രതിയുമായെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്‌ കണക്കിലെടുത്ത്‌ വന്‍ പോലീസ്‌ സന്നാഹവും ആനച്ചാലില്‍ വിന്യസിച്ചിരുന്നു. എന്നാല്‍ യാതൊരുവിധ പ്രകോപനങ്ങളും ഉണ്ടായില്ല.

പ്രതി പ്രശാന്ത്‌ സുഹൃത്തക്കളേയും മറ്റും നോക്കി ചിരിച്ച്‌ യാതൊരു ഭാവവ്യത്യാസങ്ങളു മില്ലാതെയാണ്‌ തെളിവെടുപ്പിന്‌ വിധേയനായത്‌.
(mangalam)


No comments:

Post a Comment