Sunday, March 6, 2011


വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവിനെതിരേ ബലാല്‍സംഗത്തിനു കേസ്‌

കുറ്റിപ്പുറം/എടപ്പാള്‍: ഒറീസയിലെ മാവോയിസ്‌റ്റ് കേന്ദ്രമായ ദാരിന്‍ബാദില്‍ നിരവധി മലയാളി പെണ്‍കുട്ടികള്‍ തടവില്‍ കഴിയുന്നുണ്ടെന്ന പ്രചാരണം വാസ്‌തവവിരുദ്ധമാണെന്നു പോലീസ്‌. കുറ്റിപ്പുറം സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ഒറീസ സ്വദേശിയായ യുവാവിനെതിരേ ബലാല്‍സംഗത്തിനു കേസെടുത്തു. 
കഴിഞ്ഞദിവസം മാവോയിസ്‌റ്റ് മേഖലയായ ദാരിന്‍ബാദിലെത്തി അതിസാഹസികമായാണു പോലീസ്‌ പെണ്‍കുട്ടിയെ മോചിപ്പിച്ചത്‌. ഇതേത്തുടര്‍ന്നാണു ദാരിന്‍ബാദില്‍ നിരവധി മലയാളികള്‍ മാവോയിസ്‌റ്റുകളുടെ തടവില്‍ കഴിയുന്നുണ്ടെന്ന വാര്‍ത്ത പരന്നത്‌. ഇതു തെറ്റാണെന്നു തിരുര്‍ ഡിവൈ.എസ്‌.പി: പി. വാഹിദ്‌ വ്യക്‌തമാക്കി. ദാരിന്‍ഗഞ്ച്‌ എന്ന സ്‌ഥലത്ത്‌ 40 വയസ്‌ തോന്നിക്കുന്ന രണ്ടു മലയാളി സ്‌ത്രീകള്‍ അവിടെയുള്ളതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്‌. ഇവര്‍ നാട്ടിലെത്തണമെന്ന്‌ ഇവര്‍ ആഗ്രഹം പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ നടപടിയെടുക്കാനാവില്ലെന്നും ഡിവൈ.എസ്‌.പി. പറഞ്ഞു. 

കുറ്റിപ്പുറത്തെ ബാറില്‍ ജോലിക്കു നിന്നിരുന്ന ഒറീസ സ്വദേശി രാജു(24) വിനെതിരേയാണു ബലാല്‍സംഗത്തിനു കേസെടുത്തത്‌.

വൈദ്യപരിശോധനയ്‌ക്കുശേഷം തിരൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. മാവോയിസ്‌റ്റ് മേഖലയായതിനാല്‍ രാജുവിനെ പിടികൂടാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ ആലോചനയുണ്ട്‌. ഇവിടേക്കു പുറത്തുനിന്നുള്ളവര്‍ക്ക്‌ എത്തിപ്പെടാനാകില്ല. പോലീസ്‌ വാഹനങ്ങള്‍ ആക്രമിക്കപ്പെടുന്ന മേഖലയാണിത്‌. താന്‍ മാനഭംഗത്തിനിരയായിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. രാജു താമസിച്ചിരുന്ന കുറ്റിപ്പുറത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കുറ്റിപ്പുറം എസ്‌.ഐ: ബഷീറിന്റെ നേതൃത്വത്തില്‍ ശനിയാഴ്‌ച പരിശോധന നടത്തിയെങ്കിലും പ്രതിക്കു മാവോയിസ്‌റ്റ് ബന്ധം തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ഫെബ്രുവരി 21നാണു കുറ്റിപ്പുറത്തെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ ബാര്‍ ജീവനക്കാരനായ രാജു പ്രേമംനടിച്ചു തന്റെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്‌. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണു പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. ഒറീസയിലെ സായുധപോലീസിന്റെ സഹായത്തോടെയാണ്‌ പെണ്‍കുട്ടിയെ കുറ്റിപ്പുറം പോലീസ്‌ കഴിഞ്ഞദിവസം
നാട്ടിലെത്തിച്ചത്‌.

============================================

No comments:

Post a Comment