Sunday, March 6, 2011


ചന്ദനത്തൈലം വില്‍പ്പനയ്‌ക്കെത്തിയ രണ്ട്‌ വിദ്യാര്‍ഥികള്‍ അറസ്‌റ്റില്‍; ബന്ധു ഒളിവില്‍

റാന്നി: ബന്ധുവില്‍ നിന്നും അടിച്ചുമാറ്റിയ ചന്ദനത്തൈലം വില്‍ക്കാനിറങ്ങിയ വിദ്യാര്‍ഥികളായ രണ്ട്‌ യുവാക്കളെ വനപാലകര്‍ അറസ്‌റ്റു ചെയ്‌തു. കമ്പ്യൂട്ടര്‍ വിദയാര്‍ഥിയായ ആലപ്പുഴ മിത്രക്കരി മുട്ടാര്‍ നടുവിലേ ചിറയില്‍ ജ്യോതിഷ്‌കുമാര്‍ (20), പോളിടെക്‌നിക്‌ വിദ്യാര്‍ഥിയായ സുഹൃത്ത്‌ തലവടി കൊച്ചമ്മനത്ത്‌ മിഥുന്‍ മാത്യു (20) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരില്‍ നിന്നും അരലിറ്റര്‍ ചന്ദനതൈലം വനപാലകര്‍ കണ്ടെടുത്തു.

പുനലൂര്‍ ഫ്‌ളയിംഗ്‌ സ്‌ക്വാഡ്‌ ഡി.എഫ്‌.ഒ. കെ.എ. നെബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ റാന്നി ഫ്‌ളയിംഗ്‌ സ്‌ക്വാഡ്‌ സംഘം ചന്ദനതൈലം വാങ്ങാനെന്ന വ്യാജേന യുവാക്കളെ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത്‌ എത്തിച്ച്‌ പിടികൂടുകയായിരുന്നു. പ്രതികളെ പിന്നീട്‌ റാന്നി വനപാലകര്‍ക്ക്‌ കൈമാറി. ഇവരില്‍ നിന്നും കണ്ടെടുത്ത ചന്ദനതൈലത്തിന്‌ 25,000 രൂപയോളം വിലവരും. പ്രതികളെ റാന്നി കോടതി റിമാന്‍ഡ്‌ ചെയ്‌തു.

ജ്യോതിഷിന്റെ ബന്ധുവായ പാണ്ടങ്കരി സ്വദേശി ഷൈജുവില്‍ നിന്നാണ്‌ ചന്ദന തൈലം ലഭിച്ചതെന്ന്‌ യുവാക്കള്‍ വനപാലകരോട്‌ പറഞ്ഞു. ഒരുമാസത്തോളം ഷൈജു ജ്യോതിഷിന്റെ വീട്ടിലായിരുന്നു താമസം. ഇയാള്‍ മൂന്നരലിറ്ററോളം കൊളളുന്ന കന്നാസു നിറച്ച്‌ ലായനിയുമായാണ്‌ ജ്യോതിഷിന്റെ വീട്ടില്‍ താമസിച്ചത്‌. രണ്ടാഴ്‌ച മുമ്പ്‌ ഷൈജു താമസം മാറ്റി. കന്നാസും ലായനിയും എത്തിച്ചു കൊടുക്കാന്‍ ജ്യോതിഷിനെയാണ്‌ ഏല്‍പ്പിച്ചത്‌. കൊടുക്കുന്നതിനു മുമ്പ്‌ ലായനി പരിശോധിച്ചപ്പോള്‍ അതീവ ഗന്ധമുളള ചന്ദന തൈലമാണെന്ന്‌ മനസിലാക്കിയ ജ്യോതിഷ്‌ കന്നാസില്‍ നിന്നും അരലിറ്ററോളം അടിച്ചുമാറ്റുകയായിരുന്നു. വിലപിടിപ്പുള്ള തൈലം വില്‍ക്കാനാണ്‌ സുഹൃത്തായ മിഥുനേയും ഒപ്പം കൂട്ടിയത്‌. മിഥുന്റെ അമ്മാവന്‍ പോള്‍ തൈലം വില്‍ക്കാന്‍ ഏര്‍പ്പാടാക്കാമെന്ന്‌ പറഞ്ഞിരുന്നു. ചന്ദനതൈലത്തിന്‌ ആവശ്യക്കാരെ ഇവര്‍ അന്വേഷിക്കുന്ന വിവരം ഡി.എഫ്‌.ഒയ്‌ക്കു ലഭിക്കുകയായരുന്നു. തുടര്‍ന്നാണ്‌ ചന്ദനം വാങ്ങാനെന്ന വ്യാജേന റാന്നി ഫ്‌ളയിംഗ്‌ സ്‌ക്വാഡ്‌ സംഘം ആലപ്പുഴയിലെത്തി യുവാക്കളെ അരലിറ്റര്‍ തൈലവുമായി പിടികൂടിയത്‌. കന്നാസിലെ മൂന്ന്‌ ലിറ്റര്‍ ചന്ദനതൈലവുമായി മുങ്ങിയ ഷൈജു ഒളിവിലാണ്‌. ഇയാളെ പിടികൂടുന്നതോടെ ചന്ദനത്തൈല ലോബിയെപ്പറ്റി വിവരം ലഭിക്കുമെന്നു വനപാലകര്‍ പറഞ്ഞു.
(mangalam)
===================================

No comments:

Post a Comment