Monday, February 21, 2011

ഇത് വിപ്ലവ കാലം


'പ്രക്ഷോഭം മൊറോക്കോയിലേക്കും; ലിബിയയില്‍ ചോരപ്പുഴ

കെയ്‌റോ/മനാമ/സന/റബാത്‌: ടുണീഷ്യയും ഈജിപ്‌തും കാട്ടിക്കൊടുത്ത പ്രക്ഷോഭത്തിന്റെ വഴി മൊറോക്കോയിലെ ജനങ്ങളും ഏറ്റെടുക്കുന്നു. മാറ്റം വേണമെന്ന മുദ്രാവാക്യവുമായി ആയിരങ്ങളാണ്‌ ഇന്നലെ വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ തെരുവിലിറങ്ങിയത്‌.

തലസ്‌ഥാനമായ റബാത്തിലും ഏറ്റവും വലിയ പട്ടണമായ കാസാബ്ലാങ്കായിലും 'സ്വാതന്ത്ര്യം, മാന്യത, നീതി' എന്ന മുദ്രാവാക്യം അലയടിക്കുകയാണ്‌. പത്തു വര്‍ഷത്തിലേറെയായി ഭരിക്കുന്ന മുഹമ്മദ്‌ ആറാമന്‍ രാജാവു മാറണമെന്ന്‌ ആഗ്രഹിക്കുന്നില്ലെങ്കിലും അഴിമതിയും തൊഴിലില്ലായ്‌മയും കൊടികുത്തിവാഴുന്ന അവസ്‌ഥ മാറണമെന്ന വികാരം കത്തിപ്പടരുകയാണ്‌. മറ്റു പലേടത്തെയും പോലെ ഇന്റര്‍നെറ്റില്‍ തുടങ്ങിയ പ്രചാരണമാണു തെരുവിലേക്കു വ്യാപിച്ചത്‌.

അതിനിടെ, ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്‌തമായ ലിബിയയില്‍ ചോരപ്പുഴ ഒഴുകുകയാണ്‌. സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ മരിച്ചവരുടെ എണ്ണം നൂറു കടന്നു. ബഹ്‌റൈനില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണെങ്കിലും കൂടുതല്‍ അനിഷ്‌ട സംഭവങ്ങളുണ്ടായില്ല. ഇന്നു നടത്താനിരുന്ന പൊതുപണിമുടക്ക്‌ പിന്‍വലിച്ചിട്ടുണ്ട്‌. യെമനില്‍ യുവാവു വെടിയേറ്റു മരിച്ചു.

ലിബിയയില്‍ പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ എണ്ണം 104 ആയെന്നു മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌ ആണ്‌ അറിയിച്ചത്‌. അതേസമയം, മരണം 300 കടന്നെന്നാണ്‌ ദുബായ്‌ ആസ്‌ഥാനമായ ലിബിയന്‍ സാല്‍വേഷന്‍ ഫ്രണ്ടിന്റെ വെളിപ്പെടുത്തല്‍. ബെന്‍ഗാസി പട്ടണത്തിലെ അല്‍ ജലാല്‍ ആശുപത്രിയില്‍ ശനിയാഴ്‌ച രാത്രി വൈകി 20 മൃതദേഹങ്ങള്‍ എത്തിച്ചു. വിലാപയാത്രയ്‌ക്കു നേരേയുണ്ടായ പട്ടാള വെടിവയ്‌പിലാണ്‌ ഏറെപ്പേരും കൊല്ലപ്പെട്ടത്‌. ഗുരുതരമായി പരുക്കേറ്റ്‌ നിരവധിയാളുകള്‍ ചികിത്സയിലുണ്ട്‌.

വാര്‍ത്താവിനിമയ മേഖലയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ഭരണാധികാരികള്‍ ഇന്റര്‍നെറ്റ്‌, ഫോണ്‍ സൗകര്യങ്ങള്‍ വിച്‌ഛേദിച്ചു. അതിനാല്‍ പ്രക്ഷോഭത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിപ്പു നല്‍കിയിട്ടുണ്ട്‌. സര്‍ക്കാരിനെ തകര്‍ക്കാര്‍ വിദേശികളുടെ സഹായത്തോടെ നടത്തുന്ന നീക്കമാണു പ്രക്ഷോഭമെന്നു ലിബിയയിലെ ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ ജന റിപ്പോര്‍ട്ട്‌ ചെയ്‌തു. ടുണീഷ്യ, ഈജിപ്‌ത്, സുഡാന്‍, പലസ്‌തീന്‍, സിറിയ, ടര്‍ക്കി എന്നിവിടങ്ങളില്‍നിന്നു പ്രക്ഷോഭത്തിനു പിന്തുണ ലഭിക്കുന്നുണ്ടെന്നും ഒട്ടേറെപേരെ പിടികൂടിയിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഭരണാധികാരിയായ മുവമ്മര്‍ ഗദ്ദാഫിയെ പിന്തുണയ്‌ക്കുന്നവരും പ്രക്ഷോഭകാരികളെ ആക്രമിക്കുന്നതില്‍ പിന്നിലല്ല. കഴിഞ്ഞ ദിവസം നടത്തിയ സര്‍ക്കാര്‍ അനുകൂല റാലിയെ ഗദ്ദാഫി അഭിസംബോധന ചെയ്‌തു.

പ്രക്ഷോഭം അനുദിനം പടരുന്ന ബഹ്‌റൈനില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ചര്‍ച്ചാ നിര്‍ദേശം പ്രതിപക്ഷത്തിന്റെ സജീവപരിഗണനയിലാണ്‌. എന്നാല്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ നേരിട്ടു ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നു പ്രതിപക്ഷകക്ഷി നേതാക്കളിലൊരാളായ അബ്‌ദുള്‍ ജലീല്‍ ഖലീല്‍ വ്യക്‌തമാക്കി. ഭരണരംഗത്തു രാജാവും കുടുംബവും പുലര്‍ത്തുന്ന മേധാവിത്വം അവസാനിപ്പിക്കണമെന്നും ഷിയാ നേതൃത്വത്തിലുള്ള പ്രതിപക്ഷവുമായി ചര്‍ച്ച നടത്തണമെന്നുമാണ്‌ പ്രക്ഷോഭകരുടെ മുഖ്യ ആവശ്യം. തെരുവു പ്രക്ഷോഭം ദൃശ്യമായില്ലെങ്കിലും രാജ്യമെമ്പാടും തൊഴിലാളികള്‍ പണിമുടക്കി. സര്‍ക്കാര്‍ ഉടമയിലുള്ള ഗള്‍ഫ്‌ എയറില്‍ തൊഴിലാളി സംഘടനാ നേതാക്കള്‍ പണിമുടക്ക്‌ ആഹ്വാനം നല്‍കി. എന്നാല്‍, സര്‍വീസുകളൊന്നും മുടങ്ങിയിട്ടില്ലെന്നു ഗള്‍ഫ്‌ എയര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. പട്ടാളം പിന്മാറിയതിനെത്തുടര്‍ന്നു പ്രക്ഷോഭകര്‍ വീണ്ടും പേള്‍ ചത്വരം കൈയേറി.

യെമനിലെ സനാ സര്‍വകലാശാലയ്‌ക്കു സമീപം സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നവരും വിദ്യാര്‍ഥികളും തമ്മിലുള്ള ഏറ്റുമുട്ടലിലാണ്‌ ഒരാള്‍ മരിച്ചത്‌. ഒട്ടേറെ പേര്‍ക്ക്‌ ഏറ്റുമുട്ടലുകളില്‍ പരുക്കുണ്ട്‌. തലയില്‍ വെടിയേറ്റ നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം സംഘര്‍ഷസ്‌ഥലത്തുനിന്നു കണ്ടെടുത്തു. പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്ന വിദ്യാര്‍ഥികളുള്ള സര്‍വകലാശാലാ കാമ്പസിലേക്ക്‌ ഇരച്ചുകയറാന്‍ സായുധരായി സര്‍ക്കാര്‍ അനുകൂലികള്‍ ശ്രമിച്ചതാണ്‌ ഏറ്റുമുട്ടലിനു വഴിവച്ചത്‌. എന്നാല്‍ ഏറ്റുമുട്ടലില്‍ ആരും മരിച്ചിട്ടില്ലെന്ന്‌ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
======================================================

No comments:

Post a Comment