Monday, February 21, 2011

ക്രിമിനല്‍ കേരളം


ഡ്രൈവറെ ചവിട്ടിവീഴ്‌ത്തി റെയില്‍വേ സ്‌റ്റേഷനില്‍നിന്നു പോലീസ്‌ ജീപ്പ്‌ അപഹരിച്ചു

ആലപ്പുഴ: വനിതാസെല്‍ സി.ഐയെ യാത്രയാക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ പോലീസ്‌ ജീപ്പ്‌, ഡ്രൈവറെ ചവിട്ടിവീഴ്‌ത്തി മോഷ്‌ടിച്ചു. വഴിമധ്യേ അപകടത്തില്‍പെട്ട ജീപ്പില്‍നിന്നിറങ്ങിയോടിയ യുവാവ്‌ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ പിടിയില്‍. മണ്ണഞ്ചേരി ആപ്പൂര്‌ വെളിയില്‍ രാജേഷി(28)നെയാണു മാരാരിക്കുളം പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ ആലപ്പുഴ സൗത്ത്‌ പോലീസിനു കൈമാറിയത്‌. ഇയാള്‍ കഞ്ചാവിനടിമയാണെന്നും മാനസിക വിഭ്രാന്തിയുണ്ടെന്നു സംശയിക്കുന്നതായും പോലീസ്‌ പറഞ്ഞു.

ഇന്നലെ രാവിലെ 5.50 നാണ്‌ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന്‌ ഇയാള്‍ ജീപ്പുമായി കടന്നത്‌. ഡ്യൂട്ടിക്കു ശേഷം വനിതാസെല്‍ സി.ഐ. ധര്‍മ്മജയെ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുവിടാന്‍ വന്നതാണു ജീപ്പ്‌. ഇവരെ ഇറക്കിയശേഷം ജീപ്പ്‌ മുന്നോട്ടെടുക്കുന്നതിനിടെ ശബ്‌ദം കേട്ട്‌ പുറത്തിറങ്ങി നോക്കിയ ഡ്രൈവര്‍ വേണു തിരിച്ചെത്തിയപ്പോള്‍ ചവിട്ടിവീഴ്‌ത്തിയ രാജേഷ്‌ ജീപ്പുമായി കടക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ ജീപ്പില്‍നിന്നു താക്കോലെടുക്കാതെ അകത്തേക്കു പോയ തക്കം നോക്കി ജീപ്പുമായി കടക്കുകയായിരുന്നെന്നും പറയപ്പെടുന്നു. കഴിഞ്ഞദിവസം രാത്രി സ്‌റ്റേഷനില്‍ ബൈക്കുകളും മറ്റും പാര്‍ക്ക്‌ ചെയ്‌തിരിക്കുന്നിടത്തു കറങ്ങിനടക്കുന്നതു കണ്ട്‌ യാത്രക്കാര്‍ പരാതി പറഞ്ഞതിനേത്തുടര്‍ന്ന്‌ റെയില്‍വേ പോലീസ്‌ രാജേഷിനെ പിടികൂടി ഔട്ട്‌പോസ്‌റ്റില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഹോംഗാര്‍ഡ്‌ വിളിച്ചു പറഞ്ഞതുപ്രകാരം തന്നെ കൊണ്ടുപോകാന്‍ എത്തിയ സൗത്ത്‌ സ്‌റ്റേഷനിലെ ജീപ്പാണെന്നു ധരിച്ചാണു രാജേഷ്‌ പോലീസ്‌ ജീപ്പില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതത്രേ. ഈ സമയം ഇയാളെ പിടികൂടാന്‍ സ്‌റ്റേഷനിലേക്ക്‌ വരികയായിരുന്ന സൗത്ത്‌ പോലീസ്‌, ജീപ്പ്‌ മോഷ്‌ടിക്കപ്പെട്ട വിവരമറിഞ്ഞ്‌ കലക്‌ടറേറ്റ്‌ പടിക്കല്‍ ജീപ്പ്‌ വട്ടമിട്ട്‌ തടയാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റു സ്‌റ്റേഷനുകളില്‍ വിവരം അറിയിച്ചതനുസരിച്ച്‌ പോലീസ്‌ ദേശീയപാതയിലടക്കം പരിശോധന കര്‍ശനമാക്കി. രാവിലെ ഏഴോടെ മാരാരിക്കുളം പോലീസ്‌ സ്‌റ്റേഷനുസമീപം ദേശീയപാതയില്‍ പോലീസ്‌ വാഹനപരിശോധന നടത്തുന്നതിനിടെ യുവാവ്‌ ജീപ്പുമായെത്തി. അമിതവേഗത്തില്‍ വന്ന രാജേഷ്‌ പോലീസിനെ കണ്ട്‌ ഇടതുവശത്തെ നടപ്പാതയിലേക്കു തിരിഞ്ഞ്‌ കഞ്ഞിക്കുഴി മാര്‍ക്കറ്റിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ്‌ രണ്ടു മരങ്ങളിലിടിച്ചുനിന്നു. ഇതോടെ ഇയാള്‍ ഇറങ്ങിയോടി.

ഓട്ടത്തിനിടെ ഡ്രൈവിംഗ്‌ സ്‌കൂള്‍ ഉടമയും സാമൂഹികപ്രവര്‍ത്തകനുമായ കരപ്പുറം രാജശേഖരന്റെ വീട്ടിലെത്തിയ യുവാവ്‌ വെള്ളം വാങ്ങിക്കുടിച്ചശേഷം ഓട്ടം തുടര്‍ന്നു. യുവാവിനെ അന്വേഷിച്ച്‌ പോലീസ്‌ പിന്നാലെയെത്തിയപ്പോഴാണു രാജശേഖരനു കാര്യം മനസിലായത്‌. തുടര്‍ന്ന്‌ ബൈക്കില്‍ അന്വേഷിച്ചുപോയ രാജശേഖരന്‍ യുവാവിനെ ചായ വാങ്ങി നല്‍കാമെന്നു പറഞ്ഞ്‌ വീട്ടിലെത്തിച്ച്‌ പോലീസിനു കൈമാറുകയായിരുന്നു. ഓട്ടത്തിനിടയില്‍ ഒരുചായക്കടയുടമയും ഇയാളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ചവിട്ടി വീഴ്‌ത്തി രക്ഷപ്പെടുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. ആലപ്പുഴ സൗത്ത്‌ പോലീസ്‌ പ്രതിയെ ചോദ്യം ചെയ്‌തുവരുന്നു. സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി
=============================================

No comments:

Post a Comment