Tuesday, February 15, 2011


റൗഫിനെതിരെ ഫാ.പനയ്‌ക്കല്‍ വക്കീല്‍ നോട്ടീസയച്ചു‍‍

തൃശൂര്‍: കോതമംഗലം പെണ്‍വാണിഭക്കേസില്‍ കെ.എ റൗഫ്‌ നടത്തിയ വെളിപ്പെടുത്തലുകള്‍ക്കെതിരെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മുന്‍ ഡയറക്‌ടര്‍ ഫാ.ജോര്‍ജ്‌ പനയ്‌ക്കല്‍ വക്കീല്‍ നോട്ടീസയച്ചു. കോതമംഗലം കേസില്‍ ഇരയായ പെണ്‍കുട്ടി കേസില്‍ നിന്നും പിന്മാറ്റാന്‍ താനും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന്‌ ധ്യാനകേന്ദ്രത്തില്‍ എത്തി ഫാ.പനയ്‌ക്കലിനെ സ്വാധീനിച്ചിരുന്നുവെന്ന കെ.എ റൗഫിന്റെ പ്രസ്‌താവനക്കെതിരെയാണ്‌ വക്കീല്‍ നോട്ടീസ്‌.

റൗഫിന്റെ വെളിപ്പെടുത്തല്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ്‌ ഫാ. പനയ്‌ക്കല്‍ മാനഷ്‌ടത്തിന്‌ വക്കീല്‍ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. ധ്യാനകേന്ദ്രത്തിലെ അന്തേവാസിയായ പെണ്‍കുട്ടിക്ക്‌ കുഞ്ഞാലിക്കുട്ടി 15 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ഫാ.പനയ്‌ക്കലിന്‌ ഒരു ലക്ഷം രൂപ നല്‍കിയെന്നുമാണ്‌ റൗഫിന്റെ വെളിപ്പെടുത്തല്‍

============================================

കോതമംഗലം പെണ്‍കുട്ടിക്കു 15 ലക്ഷം നല്‍കി കുഞ്ഞാലിക്കുട്ടി സ്വാധീനിച്ചു: റൗഫ്‌

കോഴിക്കോട്‌: കോതമംഗലം പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി സ്വാധീനിച്ചതായി കെ.എ. റൗഫ്‌.

ഐസ്‌ക്രീം കേസിനു സമാനമായ കേസാണു കോതമംഗലം കോടതിയില്‍ വന്നിരുന്നത്‌. പെണ്‍കുട്ടി കോടതിയില്‍ കൊടുത്ത മൊഴിയില്‍ കുഞ്ഞാലിക്കുട്ടിയുടെ പേരും മുന്‍ കേന്ദ്രമന്ത്രിയുടെ പേരും പരാമര്‍ശിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പേരൊഴിവാക്കാന്‍ 15 ലക്ഷം രൂപയാണു പെണ്‍കുട്ടിക്കു നല്‍കിയതെന്നു റൗഫ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചേളാരി സ്വദേശി ഷെറീഫാണു തുക കൈമാറിയത്‌. പെണ്‍കുട്ടിയെ സ്വാധീനിക്കാനായി താനും കുഞ്ഞാലിക്കുട്ടിക്കൊപ്പം പോയിരുന്നു. പെണ്‍കുട്ടി പോട്ടയില്‍ പോകുമായിരുന്നു.

അടച്ചിട്ട മുറിയില്‍ പോട്ടയിലെ അച്ചനുമായി കുഞ്ഞാലിക്കുട്ടി 15 മിനിട്ട്‌ സംസാരിച്ചു. കുഞ്ഞാലിക്കുട്ടി ബൈബിളില്‍തൊട്ടുനില്‍ക്കുന്നതു താന്‍ കണ്ടു.

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളെ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടി ബ്ലാക്‌മെയില്‍ ചെയ്‌തതായും റൗഫ്‌ പറഞ്ഞു. ഇതിനു തെളിവുണ്ട്‌. ബ്ലാക്‌മെയിലിങ്ങിനെക്കുറിച്ചു ശിഹാബ്‌ തങ്ങളുടെ മക്കള്‍ക്കറിയാമായിരുന്നു. ബ്ലാക്‌മെയിലിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റുസമുദായ നേതാക്കള്‍ക്കു മുമ്പാകെ വെളിപ്പെടുത്തും. അതിനുള്ള സമയം ആയിട്ടില്ല. കുഞ്ഞാലിക്കുട്ടിയെ ഭയപ്പെടേണ്ടേ സാഹചര്യം തങ്ങള്‍ക്കുണ്ടായിരുന്നെന്നും റൗഫ്‌ പറഞ്ഞു.

റൗഫിന്റെ വിവാദ പ്രസ്‌താവനയ്‌ക്കെതിരേ പാണക്കാട്‌ തങ്ങള്‍ കുടുംബം ഒറ്റക്കെട്ടായി രംഗത്തെത്തി. ഒരു വിവാദ പ്രസ്‌താവനയോടും പെട്ടെന്നു പ്രതികരിക്കാത്ത പാണക്കാട്‌ കുടുംബത്തില്‍നിന്ന്‌ ആദ്യമായാണ്‌ എല്ലാ തങ്ങള്‍മാരും ഒരുമിച്ചു പ്രസ്‌താവനയിറക്കുന്നത്‌. മുഹമ്മദലി ശിഹാബ്‌ തങ്ങളെ ബന്ധപ്പെടുത്തിവന്ന പ്രസ്‌താവന വസ്‌തുതകള്‍ക്കു നിരക്കാത്തതും അപകീര്‍ത്തികരവുമാണെന്നു ശിഹാബ്‌ തങ്ങളുടെ സഹോദരനും മുസ്ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റുമായ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ സ്‌ഥാപനങ്ങളുടെ നബിദിന പരിപാടികളില്‍ പങ്കെടുക്കാന്‍ ആന്ധ്രയിലെത്തിയ തങ്ങള്‍ ടെലിഫോണിലൂടെ പ്രതികരി ക്കുകയായിരുന്നു. മുസ്ലിംലീഗിനു പുറത്തുള്ളവര്‍ കാര്യലാഭങ്ങള്‍ക്കുവേണ്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. വ്യാജമായ തെളിവുകള്‍ നിര്‍മിച്ചു കുടുംബത്തെയും ലീഗ്‌ നേതാക്കളെയും അപമാനിക്കാന്‍ ശ്രമിക്കുന്നതു ജനം തിരിച്ചറിയും.

ആരോപണങ്ങള്‍ക്കുപിന്നില്‍ ദുരുദ്ദേശ്യമാണുള്ളതെന്നു ശിഹാബ്‌ തങ്ങളുടെ മറ്റൊരു സഹോദരനും മുസ്ലിംലീഗ്‌ മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ആരോപണങ്ങളുന്നയിക്കുന്ന റൗഫിനെയും ഇതിനുപിന്നിലുള്ള ദുരുദ്ദേശ്യങ്ങളെയുംകുറിച്ച്‌ എല്ലാവര്‍ക്കുമറിയാം. കുഞ്ഞാലിക്കുട്ടിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഞങ്ങളുടെ കുടുംബത്തിനുള്ള ബന്ധം ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്തത്ര സുദൃഢവും പഴക്കമുള്ളതുമാണ്‌. റൗഫിന്റെ വാദങ്ങള്‍ അസത്യമാണെന്നു ശിഹാബ്‌ തങ്ങളുടെ മകന്‍ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. റൗഫിന്റെ ആരോപണം അടിസ്‌ഥാനരഹിതമാണെന്നു തങ്ങളുടെ മൂത്ത മകന്‍ ബഷീറലി ശിഹാബ്‌ തങ്ങളും പറഞ്ഞു.

പാണക്കാട്‌ കുടുംബത്തെ അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നത്‌ റഊഫിന്റെ മറ്റൊരു കുതന്ത്രമാണെന്നു ശിഹാബ്‌ തങ്ങളുടെ മരുമകന്‍ സയ്യിദ്‌ ലുഖ്‌മാന്‍ ഹദ്ദാദ്‌ തങ്ങള്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ അഞ്ചുകോടി രൂപയും ആയിരം ഏക്കര്‍ ഭൂമിയും നല്‍കണമെന്നു റൗഫ്‌ ആവശ്യപ്പെട്ടതായി സീതിഹാജിയുടെ മരുമകന്‍ കെ.പി. മുഹമ്മദ്‌ ബഷീര്‍ മലപ്പുറത്തു പറഞ്ഞു. മുഹമ്മദലി ശിഹാബ്‌തങ്ങള്‍ ക്കെതിരേ ആരോപണങ്ങള്‍ റൗഫ്‌ ഉന്നയിച്ചതു കൊണ്ടാണു താന്‍ ഇക്കാര്യമിപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോവയില്‍ റൗഫിനുണ്ടായിരുന്ന 350 ഏക്കര്‍ നഷ്‌ടപ്പെട്ടതിനു പകരം ആയിരം ഏക്കര്‍ കുഞ്ഞാലിക്കുട്ടി വാങ്ങിക്കൊടുക്കണമെന്നും മോഹന്‍രാജുമായുള്ള പ്രശ്‌നത്തില്‍ കിട്ടാനുള്ള അഞ്ചു കോടിയില്‍ അയാളില്‍നിന്നു ലഭിക്കുന്ന തുക കഴിച്ചു ബാക്കി തുക കുഞ്ഞാലിക്കുട്ടി നല്‍കണമെന്നും റൗഫ്‌ പറഞ്ഞതായി ബഷീര്‍ പറഞ്ഞു. വിവാദം അവസാനിപ്പിക്കാന്‍ അഞ്ചുകോടി കൂടി നല്‍കിയാല്‍ കോടതിയില്‍ കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂലമായി താന്‍ സാക്ഷിപറയാമെന്നും റൗഫ്‌ പറഞ്ഞതായി ബഷീര്‍ വെളിപ്പെടുത്തി.
=========================================



No comments:

Post a Comment