Tuesday, February 15, 2011

പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ്‌:


പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ്‌: ദമ്പതികള്‍ റിമാന്‍ഡില്‍

കൊല്ലം: പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ്‌ കേസില്‍ ഞായറാഴ്‌ച അറസ്‌റ്റിലായ മയ്യനാട്‌ കൂട്ടിക്കട ദാറൂള്‍ സലാമില്‍ ഷമീമ, ഭര്‍ത്താവ്‌ കൊല്ലം രാമന്‍കുളങ്ങര ഗവ. ഐ.ടി.ഐയിലെ പ്യൂണ്‍ ഷാജി എന്നിവരെ പരവൂര്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

മേയ്‌ 22ന്‌ കോട്ടയം കാണക്കാരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യു.പി. സ്‌കൂള്‍ അസിസ്‌റ്റന്റ്‌ തസ്‌തികയിലേക്കു നടന്ന പരീക്ഷയില്‍ ഷമീമ മൊബൈല്‍ ഫോണില്‍ ഉത്തരങ്ങള്‍ കേട്ടെഴുതിയതിനാണു കേസ്‌. ബ്ലൗസിനുള്ളിലാണ്‌ ഷമീമ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചത്‌. പ്രകാശ്‌ ലാലുമായി കരാര്‍ ഉറപ്പിച്ചതു മൂന്നു ലക്ഷം രൂപയ്‌ക്കായിരുന്നു. ബ്ലാങ്ക്‌ ചെക്കും 5000 രൂപയും ഷാജി പ്രകാശ്‌ ലാലിന്‌ അഡ്വാന്‍സായി നല്‍കി. കൊല്ലം ഡിവൈ.എസ്‌.പി: ബി.കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്‌ ദമ്പതികളെ അറസ്‌റ്റ് ചെയ്‌തത്‌.

അതേ സമയം കേസിലെ ഒന്നാം പ്രതി പ്രകാശ്‌ ലാലിനെ ചോദ്യം ചെയ്‌തതില്‍ നിന്നും പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ നടന്ന ലാസ്‌റ്റ് ഗ്രേഡ്‌ പരീക്ഷയിലും തട്ടിപ്പു നടത്തിയതായി കണ്ടെത്തി.ജൂണ്‍ 12ന്‌ പത്തനംതിട്ടയിലും ഓഗസ്‌റ്റ് 21ന്‌ കോട്ടയത്തും ഓഗസ്‌റ്റ് ഏഴിന്‌ തിരുവനന്തപുരത്തും നടന്ന ലാസ്‌റ്റ് ഗ്രേഡ്‌ പരീക്ഷയിലാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. കല്ലമ്പലം കരവാരം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ സ്‌കൂള്‍, കൊല്ലം ജില്ലയിലെ പേരൂര്‍ മീനാക്ഷി വിലാസം സ്‌കൂള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ പ്രകാശ്‌ ലാലും കൂട്ടരും ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തത്‌. ചില ബാര്‍ ഹോട്ടലുകളില്‍ വച്ചും ഇവര്‍ മൊബൈല്‍ ഫോണ്‍ വഴി ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്‌. പുതിയ കേസില്‍ പോലീസ്‌ അന്വേഷണം തുടങ്ങി.
======================================================

No comments:

Post a Comment