Sunday, April 25, 2010

Anarchy!


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംഘര്‍ഷം


തിരുവനന്തപുരം: ചികിത്സ കിട്ടാതെ രോഗി മരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും സംഘര്‍ഷം. രോഷാകുലരായ ബന്ധുക്കള്‍ വാര്‍ഡ് 16- അടിച്ചു തകര്‍ത്തു.

മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് രോഗികള്‍ ചികിത്സ കിട്ടാതെ വലയുകയാണ്. അത്യാഹിതവിഭാഗത്തിന്റെയും ഒ.പിയുടെയും പ്രവര്‍ത്തനം തടസ്സപ്പെടുകയും ശസ്ത്രക്രിയകള്‍ പലതും മുടങ്ങുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി വാഹനാപകടത്തില്‍പ്പെട്ട് ചികിത്സ തേടിയെത്തിയ രോഗിക്കൊപ്പം വന്നവര്‍ അത്യാഹിതവിഭാഗത്തിലെ ജൂനിയര്‍ വനിതാഡോക്ടറെ കൈയേറ്റം ചെയ്തു എന്നാണ് ഡോക്ടര്‍മാരുടെ പരാതി. എന്നാല്‍ വനിതാഡോക്ടര്‍ രോഗിയെ മര്‍ദ്ദിച്ചുവെന്നാണ് രോഗിയുടെ ബന്ധുക്കളുടെ ആരോപണം. കൈയേറ്റം ചെയ്തയാളെ അറസ്റ്റ് ചെയ്താലേ സമരത്തില്‍നിന്ന് പിന്മാറൂ എന്നാണ് പി.ജി. വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്മാരുമുള്‍പ്പെടുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനകളുടെ നിലപാട്. ഇവരുടെ സമരത്തിന് സീനിയര്‍ ഡോക്ടര്‍മാരുടെയും ഡോക്ടര്‍മാരുടെ സംഘടനകളുടെയും പിന്തുണയുമുണ്ട്. ഇതിനാല്‍ സമരം നീണ്ടാല്‍ മെഡിക്കല്‍ കോളേജിലെ ഒ.പി, അത്യാഹിതവിഭാഗങ്ങള്‍ ഉള്‍പ്പെടെ സ്തംഭിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്.

ശനിയാഴ്ച മെഡിക്കല്‍ കോളേജിലെ ഒ.പികള്‍ പ്രവര്‍ത്തിച്ചെങ്കിലും പലയിടത്തും ഡോക്ടറെയും കാത്ത് രോഗികളുടെ ക്യൂവായിരുന്നു. ഒ.പി. സമയത്താണ് വാര്‍ഡുകളിലെ പരിശോധനയും നടക്കുന്നതെന്നതിനാല്‍ രണ്ടിടത്തും ഒരേസമയം എത്തിച്ചേരാന്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല. ഒ.പികളില്‍ ചികിത്സ കിട്ടാതെ വന്നതോടെ രോഗികള്‍ ബഹളം കൂട്ടി. വാര്‍ഡുകളിലെ ഡോക്ടര്‍മാരുടെ പരിശോധനയും താറുമാറായി. അത്യാഹിതവിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവും ഉണ്ടായി. എന്നാല്‍ ശനിയാഴ്ചയായതിനാല്‍ രോഗികള്‍ കുറവായിരുന്നെന്നാണ് ആസ്​പത്രി അധികൃതര്‍ പറയുന്നത്.

ഇന്ന് ഒ.പികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സമരം ആസ്​പത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. എന്നാല്‍ തിങ്കളാഴ്ച സമരം രൂക്ഷമാവുമെന്നാണ് സൂചന. ശനിയാഴ്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എസ്. ശശികുമാറുമായി ചര്‍ച്ച നടത്തി. ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനകളെ പ്രതിനിധീകരിച്ച് ബിജോപോള്‍, ഹബീബ്, ശ്രീകാന്ത്, നവീന്‍ രാജു എന്നിവര്‍ പങ്കെടുത്തു. കുറ്റാരോപിതനെതിരെ നടപടിയെടുക്കുന്നതുവരെ ശക്തമായി സമരം തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

No comments:

Post a Comment