Thursday, April 8, 2010

for the people ! by the people!!

വിലക്കുറവ് സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും കൊമ്പുകോര്‍ക്കുന്നു

Posted on: 08 Apr 2010



കൊച്ചി: നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് പൊതുവിപണിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അവകാശവാദങ്ങളുമായി സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും കൊമ്പുകോര്‍ക്കുന്നു. പൊതുവിപണിയിലെ വില കുറച്ചു നിര്‍ത്തിയത് സപ്ലൈകോയാണെന്നും കണ്‍സ്യൂമര്‍ ഫെഡ് ഓണം,ക്രിസ്മസ്, വിഷു തുടങ്ങിയ ഉത്സവസമയങ്ങളില്‍ മാത്രം വിലകുറച്ച് നല്‍കുന്ന സ്ഥാപനമാണെന്നും സപ്ലൈകോ കുറ്റപ്പെടുത്തുന്നു. സപ്ലൈകോയിലെ അവശ്യഭക്ഷ്യവസ്തുക്കളുടെ വില എല്ലാ മാസവും സര്‍ക്കാര്‍ നിശ്ചയിക്കുന്നതാണ്. സപ്ലൈകോയ്ക്ക് മാത്രമായി തീരുമാനിക്കാന്‍ കഴിയില്ല. അതേസമയം സര്‍ക്കാരിന്റെ അംഗീകാരം ഇല്ലാതെ കണ്‍സ്യൂമര്‍ ഫെഡിന് വില തീരുമാനിക്കാന്‍ കഴിയും. സപ്ലൈകോ വര്‍ഷത്തില്‍ എല്ലാ ദിവസവും ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കിവരുന്നുണ്ടെന്നും സപ്ലൈകോ മാര്‍ക്കറ്റിങ് മാനേജര്‍ പറയുന്നു.

എന്നാല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രതിച്ഛായയെ പൊതുസമൂഹത്തില്‍ തകര്‍ക്കുകയാണ് സപ്ലൈകോ ചെയ്യുന്നതെന്ന് കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ് എ.കെ.നാരായണന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡ്, വകുപ്പ് മന്ത്രിയുടെ നിര്‍ദേശപ്രകാരം ആവിഷ്‌കരിച്ചു നടപ്പാക്കിയ 'സഹകരണ വിപണനം കേരളീയം' പദ്ധതി ജനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചതാണ്. 15-70 ശതമാനം വരെ വിലകുറച്ച് 3000ത്തില്‍ അധികം വിപണന കേന്ദ്രങ്ങളിലൂടെ വിതരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് 45363 സഹകരണവിപണന കേന്ദ്രങ്ങളാണ് കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഇതിലൂടെ 492.13 കോടിയുടെ വിറ്റുവരവ് കൈവരിച്ചു. 213 കോടിയില്‍പ്പരം രൂപയുടെ സാമ്പത്തിക ആനുകൂല്യം ജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുമുണ്ട്. മുന്തിയ ഇനം ജയ അരി 14 രൂപയ്ക്കും പഞ്ചസാര 20 രൂപയ്ക്കും ആണ് വിറ്റഴിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, നീതി സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങി 1200ല്‍ അധികം വിപണന കേന്ദ്രങ്ങളിലൂടെ പൊതുവിപണിയില്‍ നിന്നും 10 ശതമാനം വില കുറച്ച് വില്പന നടത്തുന്നുണ്ട്. സപ്ലൈകോയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഫെഡ് ശക്തമായ പിന്തുണയാണ് നല്‍കിവരുന്നത്. എന്നിട്ടും സപ്ലൈകോയിലെ ചില ഉദ്യോഗസ്ഥരുടെ അസഹിഷ്ണുതയും ഇടുങ്ങിയ ചിന്താഗതിയും മൂലം കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ശ്രമങ്ങള്‍ക്ക് തുരങ്കംവെയ്ക്കുകയാണെന്നും എ.കെ.നാരായണന്‍ പറഞ്ഞു. ഏതു സര്‍ക്കാര്‍ ഭരിച്ചാലും നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥ ലോബിക്ക് മാറ്റമില്ലെന്നാണ് സപ്ലൈകോയുടെ ആരോപണങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഭക്ഷ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

No comments:

Post a Comment