Thursday, April 8, 2010

പ്രസവിക്കാത്ത പശു പാല്‍ ചുരത്തുന്നു; നാട്ടുകാര്‍ക്കു കൗതുകം
Text Size:
തൊടുപുഴ: പ്രസവിക്കാത്ത പശു പാല്‍ ചുരത്തുന്നത്‌ കൗതുകമായി. പൂമാല പാച്ചേരില്‍ വിശ്വനാഥന്റെ വീട്ടിലെ ഐശ്വര്യയെന്ന പശുവാണ്‌ ഈ കാമധേനു. ആദ്യം അരലിറ്റര്‍ പാല്‍ ചുരത്തിയിരുന്ന ഐശ്വര്യ ഇപ്പോള്‍ രാവിലെ മാത്രം രണ്ടുലിറ്റര്‍ പാല്‍ നല്‍കുന്നു.

വിദഗ്‌ധ പരിശോധനയില്‍ ഇതു ഉപയോഗക്ഷമമാണെന്നു തെളിഞ്ഞതോടെ വീട്ടുകാരും സന്തോഷത്തിലാണ്‌.

പത്തുലിറ്റര്‍ പാല്‍ ചുരത്തിയിരുന്ന തള്ളപ്പശുവിനൊപ്പമാണ്‌ ഇതിനെ വിശ്വനാഥന്‍ വാങ്ങിയത്‌. പിന്നീട്‌ തള്ളപ്പശുവിനെ വിറ്റെങ്കിലും 21 മാസം പ്രായമുള്ള ഐശ്വര്യയെ ഈ കര്‍ഷകന്‍ വിറ്റില്ല. യാദൃച്ചികമായാണ്‌ പാല്‍ ചുരത്തുന്നത്‌ വിശ്വനാഥന്റെ ശ്രദ്ധയില്‍പ്പെട്ടത്‌.

കുളിപ്പിക്കുന്ന സമയത്ത്‌ അകിടിലെ വീക്കം കണ്ടു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ പശു പാല്‍ ചുരത്തുന്നത്‌ കണ്ടെത്തിയത്‌. ദിവസവും ഇതു വര്‍ധിച്ചതോടെ ഡോക്‌ടറുടെ അഭിപ്രായം ആരാഞ്ഞു. പാല്‍ കറന്നുകളയാനായിരുന്നു ഡോക്‌ടറുടെ നിര്‍ദേശം. ഇതിനിടയിലും പാല്‍ വര്‍ധിക്കുന്നുണ്ടായിരുന്നു. 20 ദിവസമായപ്പോഴേക്കും രണ്ടുലിറ്റര്‍ പാലായി. ഇതിനിടെ കഴിഞ്ഞ അഞ്ചിന്‌ പാല്‍ വിദഗ്‌ധ പരിശോധനയ്‌ക്കു വിധേയമാക്കി ഗുണമേന്മയുള്ളതാണെന്ന്‌ സ്‌ഥിരീകരിച്ചു. ഇതോടെ ഈ കുടുംബം പാല്‍ ഉപയോഗിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം വൈകുന്നേരങ്ങളിലും കറവ നടത്തി. ഒരുലിറ്റര്‍ പാല്‍ ലഭിച്ചു. പിറ്റേന്ന്‌ രാവിലെയും തലേദിവസം ലഭിച്ചത്ര പാല്‍ ലഭിക്കുകയും ചെയ്‌തു. പശുവിന്‌ കന്നുകുട്ടി പരിപാലനത്തിലൂടെ ലഭിക്കുന്ന കാലിത്തീറ്റയും തീറ്റപ്പുല്ലും മാത്രമേ നല്‍കുന്നുള്ളെന്ന്‌ വിശ്വനാഥനും ഭാര്യയും മുന്‍ വാര്‍ഡുമെമ്പറുമായ ലളിതമ്മയും പറയുന്നു.

പ്രസവിക്കാതെ പാല്‍ ചുരത്തുന്നത്‌ അത്യപൂര്‍വമായിട്ട്‌ സംഭവിക്കാറുണ്ടെന്നാണ്‌ ഡോക്‌ടര്‍മാരുടെ അഭിപ്രായം. എന്തായാലും പശുവിനെ കാണാന്‍ നിരവധി പേര്‍ ഇവിടെയെത്തുന്നുണ്ട്‌.
E-mail to a friend

No comments:

Post a Comment