ദമ്പതിമാര്‍ മകളെ വിമാനത്താവളത്തില്‍ മറന്നു
Posted on: 02 Apr 2010
നെടുമ്പാശ്ശേരി: വിമാനയാത്രക്കാര്‍ സ്വന്തം ബാഗേജ് വിമാനത്താവളത്തില്‍വച്ചു മറന്നുപോവുക സ്വാഭാവികമാണ്. എന്നാല്‍, സ്വന്തം കുട്ടിയെ വിമാനത്താവളത്തില്‍ വെച്ചു മറന്നുപോയാലോ?!!
ബാംഗ്ലൂര്‍ക്ക് പോകാനായി വ്യാഴാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തിയ മലയാളിദമ്പതിമാര്‍ അവരുടെ മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ വിമാനത്താവളത്തില്‍വെച്ചു മറന്നു. വിമാനം പുറപ്പെടാറായിട്ടും ഒപ്പം ഉണ്ടായിരുന്ന കുട്ടിയെപ്പറ്റി ഓര്‍ത്തില്ല എന്നതാണ് രസകരം.
വ്യാഴാഴ്ച രാവിലെ 7.30ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ബാംഗ്ലൂര്‍ക്ക് പോകാനെത്തിയ ദമ്പതിമാര്‍ക്കാണ് സ്വന്തം കുട്ടിയുടെ കാര്യത്തില്‍ മറവി സംഭവിച്ചത്. കുട്ടിയുമായി വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറി. ഒപ്പമുണ്ടായിരുന്ന മകള്‍ അരികില്‍ നിന്നു മാറിയത് പക്ഷേ, ഇവര്‍ അറിഞ്ഞില്ല. കുട്ടി കാഴ്ചകള്‍ കണ്ട് ആഭ്യന്തര ടെര്‍മിനലിലൂടെ ഓടി നടന്നു.
വിമാനം പുറപ്പെടുംമുമ്പ് അധികൃതര്‍ യാത്രക്കാരുടെ എണ്ണം പരിശോധിച്ചപ്പോഴാണ് ഒരാളുടെ കുറവ് കണ്ടത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ അനൗണ്‍സ് ചെയെ്തങ്കിലും ആളെ കിട്ടിയില്ല. അപ്പോഴാണ് കുറച്ചു നേരമായി ഒരു പെണ്‍കുട്ടി ടെര്‍മിനലില്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. വിമാനത്താവളത്തിലെ ക്യാമറ പരിശോധിച്ചപ്പോള്‍ കുട്ടിയുടെ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞു.
തുടര്‍ന്ന് കിങ്ഫിഷര്‍ വിമാനത്തില്‍ ഇക്കാര്യം അനൗണ്‍സ് ചെയ്തപ്പോഴാണ് രക്ഷിതാക്കള്‍ കുട്ടിയുടെ കാര്യം ഓര്‍ക്കുന്നത്. വിമാനക്കമ്പനി അധികൃതര്‍ കുട്ടിയെ രക്ഷിതാക്കളുടെ അരികിലെത്തിച്ചു. ഇവരുള്‍പ്പെടെ പത്തു പേര്‍ വരുന്ന സംഘമാണ് ബാംഗ്ലൂരിലേക്ക് പോകാനെത്തിയിരുന്നത്. സംഘത്തില്‍ വേറെ കുട്ടികളും ഉണ്ടായിരുന്നു.
കുറച്ചുനാള്‍ മുമ്പ് ഒരു യുവതി കുട്ടികളെ വിമാനത്താവളത്തില്‍വെച്ചു മറന്ന സംഭവവുമുണ്ടായി. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന ഭര്‍ത്താവിനെ സ്വീകരിക്കാനെത്തിയതായിരുന്നു യുവതിയും രണ്ട് മക്കളും. ഭര്‍ത്താവ് എത്തിയതോടെ കുട്ടികളെ 'മറന്ന്' ദമ്പതിമാര്‍ വീട്ടിലേക്ക് യാത്ര തിരിക്കുകയായിരുന്നു. പിന്നീടാണ് വാഹനത്തില്‍ കുട്ടികളില്ലെന്നു മനസ്സിലാക്കി തിരിച്ചുവന്നത്.
No comments:
Post a Comment