കസ്റ്റഡിമരണം: മൃതദേഹത്തില്‍ 62 മുറിവെന്ന് റിപ്പോര്‍ട്ട്
Posted on: 01 Apr 2010
പാലക്കാട്: പുത്തൂര്‍ ഷീലവധക്കേസിലെ മുഖ്യപ്രതി സമ്പത്തിന്റെ (26) കസ്റ്റഡിമരണം കടുത്ത മര്‍ദനംമൂലമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. വാരിയെല്ല് പൊട്ടിയെന്നതും ശരീരത്തില്‍ 62 ക്ഷതങ്ങളുണ്ടെന്നതുമാണ് ഈ സൂചനയിലേക്ക് വിരല്‍ചൂണ്ടുന്നത്.
സമ്പത്തിന്റെ ഹൃദയത്തിന് തകരാറുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും വന്നതിനെത്തുടര്‍ന്ന് സമ്പത്തിനെ ജില്ലാ ആസ്പത്രിയിലെത്തിച്ചുവെന്നായിരുന്നു പോലീസ് കഴിഞ്ഞദിവസം പറഞ്ഞത്. ദേഹം മുഴുവന്‍ അടിയേറ്റ പാടുകളുണ്ടെന്നും കാല്‍വെള്ളയില്‍ ചൂരല്‍വടികൊണ്ട അടയാളങ്ങളുമുണ്ടെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. തലക്കേറ്റ ക്ഷതം ആന്തരികാവയവങ്ങള്‍ക്ക് ബാധിച്ച കാര്യങ്ങളും പരിശോധനാ വിഷയമാണ്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയേക്കും.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ സമ്പത്തിന്റെ മൃതദേഹം കരിങ്കരപ്പുള്ളിയിലെ കരിപ്പാലിവീട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ വീടിനടുത്തുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു. വയനാട്ടില്‍നിന്ന് സമ്പത്തിന്റെ ഭാര്യ മൃതദേഹം കാണാനായി പാലക്കാട്ടേക്ക് തിരിച്ചെങ്കിലും യാത്രാമദ്ധ്യേ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ആസ്പത്രിയിലായി.
കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പോലീസ് ബുധനാഴ്ച കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.
ഷീലവധക്കേസില്‍ ചൊവ്വാഴ്ച റിമാന്‍ഡിലായ മണികണ്ഠന്‍ (41), കനകരാജ് (36) എന്നിവരുടെ ചിത്രം പോലീസ്ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാലാണിതെന്നാണ് അധികൃതരുടെ വിശദീകരണം.
No comments:
Post a Comment