ദേശായിയില്‍നിന്ന് കണ്ടെടുത്തത് കോടികളുടെ നിക്ഷേപം
Posted on: 25 Apr 2010
ചെന്നൈ: കോഴക്കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കേതന്‍ ദേശായിയില്‍നിന്ന് സി.ബി.ഐ. കോടിക്കണക്കിന് രൂപയുടെ നിക്ഷേപരേഖകളും ഒന്നരക്കിലോയോളം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തതായി യു.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. പിടിച്ചെടുത്തതില്‍ കറന്‍സി നോട്ടുകളും പെടുന്നു.
വെള്ളിയാഴ്ച രാത്രി മുഴുവന്‍ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഡല്‍ഹിയിലും അഹമ്മദാബാദിലും തനിക്കുള്ള വീടുകളിലും ലോക്കറിലും സ്വര്‍ണവും മറ്റും സൂക്ഷിച്ചിട്ടുണ്ടെന്ന് ദേശായി സമ്മതിച്ചത്. കോഴയായി വാങ്ങിയ 2500 കോടിയോളം രൂപ ദേശായിയില്‍നിന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
പഞ്ചാബിലെ മെഡിക്കല്‍ കോളേജിന് അംഗീകാരം നല്കുന്നതിന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ വ്യാഴാഴ്ച രാത്രിയാണ് കേതന്‍ ദേശായി അറസ്റ്റിലായത്. സാധാരണഗതിയില്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്കാന്‍ ദേശായി 25 മുതല്‍ 30 കോടിവരെയാണ് കോഴ വാങ്ങാറെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. അംഗീകാരം നല്കാന്‍ വ്യാജരേഖകളുണ്ടാക്കേണ്ട സാഹചര്യം വന്നാല്‍ തുക വീണ്ടും കൂടും. സ്വകാര്യ കോളേജുകള്‍ക്ക് അംഗീകാരം നല്കുന്നതിന് മുന്നോടിയായി മിന്നല്‍ സന്ദര്‍ശനം നടത്തുന്നതിന് ദേശായി സ്വന്തം നിലയ്ക്ക് 20 പരിശോധകരെ നിയമിച്ചിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. കോഴപ്പണം നിശ്ചയിക്കുന്നതിന് ഇവരെയാണ് ഏജന്റുമാരായി ഉപയോഗിച്ചിരുന്നത്.
തമിഴ്‌നാട്ടിലെ ടാഗോര്‍ മെഡിക്കല്‍ കോളേജ്, മുത്തുകുമാരന്‍ മെഡിക്കല്‍ കോളേജ്, ഡി.ഡി. മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ദേശായിയുടെ ഏജന്റുമാര്‍ ഈയിടെ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. കോഴ സംബന്ധിച്ച് രണ്ടു കോളേജുകളുമായി ധാരണയായെങ്കിലും അവരില്‍ ഒരുകൂട്ടര്‍ പണം നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഈ കോളേജിന്റെ ചെയര്‍മാനോട് ദേശായിയെ ചെന്നുകാണാന്‍ ആവശ്യപ്പെടുകയായിരുന്നു.
മരുന്നുകമ്പനികള്‍ ഡോക്ടര്‍മാര്‍ക്ക് പാരിതോഷികം നല്‍കുന്നത് വിലക്കുന്നതും ഗ്രാമീണമേഖലയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനായി മൂന്നുവര്‍ഷത്തെ പ്രത്യേക മെഡിക്കല്‍ കോഴ്‌സ് നടത്തുന്നതുമടക്കമുള്ള ദേശായിയുടെ ഉത്തരവുകള്‍ അന്വേഷണപരിധിയില്‍ വരുന്നുണ്ട്. ഡോക്ടര്‍മാര്‍ക്കുള്ള പാരിതോഷികത്തിന്റെ 20 ശതമാനം നല്കണമെന്ന ദേശായിയുടെ ആവശ്യം മരുന്നുകമ്പനികള്‍ അംഗീകരിച്ചിരുന്നില്ല. ഡല്‍ഹിയിലെ തന്റെ ഓഫീസിന്റെ രണ്ടാം നിലയില്‍ ദേശായി മസാജ് സെന്ററും ഹെല്‍ത്ത് ക്ലബും നടത്തിയിരുന്നതായും അന്വേഷകര്‍ വെളിപ്പെടുത്തി.
ഒട്ടേറെ കോളേജുകള്‍ക്ക് ദേശായി അനധികൃതമായി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിന്റെ രേഖകള്‍ പരിശോധിച്ചുവരികയാണ്.
അതേസമയം, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കേശവന്‍കുട്ടി നായര്‍, കേന്ദ്ര ആരോഗ്യമന്ത്രി ഗുലാംനബി ആസാദിന്റെ പേഴ്‌സണല്‍ സെക്രട്ടറി എസ്.കെ. റാവു എന്നിവരും സി.ബി.ഐ. നിരീക്ഷണത്തിലാണ്. ദേശായിക്കും ആരോഗ്യമന്ത്രിക്കുമിടയ്ക്ക് പ്രവര്‍ത്തിക്കുന്ന റാവു ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഡയറക്ടറുമായിരുന്നു.
No comments:
Post a Comment