Saturday, June 19, 2010

For the rainy season

മഴക്കാല ജീവിതചര്യ

മഴക്കാലമെത്തി. പകര്‍ച്ചപ്പനി ഭീതിവിതച്ചു കടന്നുപോയ കഴിഞ്ഞകാലങ്ങളിലെ ദുരനുഭവങ്ങള്‍ ഇന്നും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഉചിതമായ ചില തയ്യാറെടുപ്പുകളിലൂടെ മഴക്കാലത്തെ രോഗഭീതി ഒഴിഞ്ഞ കാലമാക്കാന്‍ നമുക്കാകും. ഇതിനു വേണ്ടതാകട്ടെ കൃത്യസമയത്തുള്ള ഋതുചര്യാപാലനമാണ്.

ആയുര്‍വേദശാസ്ത്രപ്രകാരം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഗണ്യമായി കുറഞ്ഞിരിക്കുന്ന കാലമാണ് മഴക്കാലം. ദഹനവ്യവസ്ഥയ്ക്കും മറ്റനുബന്ധ ശരീരവ്യവസ്ഥകള്‍ക്കും ഉണ്ടാകുന്ന വര്‍ഷകാലകൃതമായ മാറ്റങ്ങളാണ് രോഗസാധ്യതയെ വര്‍ധിപ്പിക്കുന്നത്. ഒപ്പം മലിനമാക്കപ്പെടുന്ന പരിസ്ഥിതിയും കുടിവെള്ളവും കൂടിച്ചേരുമ്പോള്‍ കേരളം 'കിടപ്പിലാകുന്നു'.

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ബാഹ്യകാരണങ്ങളായ രോഗാണുക്കളുമായുള്ള സമ്പര്‍ക്കം പലതരം സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികള്‍, പ്രായമായ വ്യക്തികള്‍, മറ്റസുഖങ്ങള്‍കൊണ്ട് ക്ഷീണിച്ചിരിക്കുന്നവര്‍ എന്നിവരിലാണ് മുകളില്‍പ്പറഞ്ഞ ഋതുചര്യാരോഗങ്ങള്‍ നാശംവിതയ്ക്കുന്നത്. വിവിധതരം പനികള്‍, ഛര്‍ദ്ദി, വയറിളക്കം, വാതസംബന്ധിയായ സന്ധിരോഗങ്ങള്‍ എന്നിവയാണ് മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ. വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന രോഗപ്രതിരോധ ശക്തിയുമാണ് പ്രധാന വില്ലന്മാര്‍. അതുകൊണ്ടുതന്നെ പ്രതിരോധത്തിലും പ്രതിവിധിയിലും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഉചിതമായ ആയുര്‍വേദ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുക എന്നതാണ് ആദ്യപടി. ചയാപചയ പ്രക്രിയയുടെ ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഇപ്രകാരമുള്ള ശരീരശോധനയിലൂടെ നിര്‍ഹരിച്ചശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാരമാണ് ഉപയോഗിക്കേണ്ടത്.

ഔഷധക്കഞ്ഞികള്‍ എല്ലാംതന്നെ സന്ദര്‍ഭാനുസരണം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ ഇവയെല്ലാംതന്നെ ഈ കാലഘട്ടത്തില്‍ വളരെ ഫലപ്രദമാണ്. മഴക്കാലത്ത് ദഹനവ്യവസ്ഥയെ കര്‍മക്ഷമമാക്കി നിലനിര്‍ത്തുവാന്‍വേണ്ടി പഞ്ചകോലചൂര്‍ണംപോലെയുള്ള ഔഷധങ്ങള്‍ ഇട്ടു സംസ്‌കരിച്ച ആഹാരം ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും നിശ്ചിതകാലം സേവിക്കേണ്ടതുണ്ട്.

ആഭ്യന്തരമായ മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ക്കൊപ്പം എണ്ണതേപ്പ്, വിയര്‍പ്പിക്കല്‍ തുടങ്ങിയവ അനുഷ്ഠിക്കുന്നത് വാതസംബന്ധമായ സന്ധിരോഗങ്ങളുടെ കാഠിന്യത്തെ കുറയ്ക്കുന്നു. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ് ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടുള്ള കുളിയും വാതരോഗങ്ങള്‍ക്ക് ഹിതകരമാണ്.

മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം തുടങ്ങിയ ഔഷധങ്ങള്‍ ഇട്ടു തിളപ്പിച്ച പാനീയമാണ് ഗുണകരം. വൈകുന്നേരങ്ങളില്‍ വീടും പരിസരവും അണുവിമുക്തമാക്കാനുതകുന്ന ആയുര്‍വേദ ഔഷധങ്ങള്‍കൊണ്ടു നിര്‍മിച്ച ധൂപനചൂര്‍ണങ്ങള്‍ പ്രയോഗിക്കുന്നതും നല്ലതാണ്. ജൈവ കൊതുകുനാശിനികള്‍ ഏറെ സുരക്ഷിതമാണ്. പുകയില കഷായത്തില്‍ വേപ്പെണ്ണയും കര്‍പ്പൂരവും ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം കൊതുകുനാശിനികള്‍ കൊതുകിന്റെ വംശവര്‍ധനയെ കാര്യക്ഷമമായി തടയുന്നു.

ഡോ. എസ്. ഗോപകുമാര്‍

ലക്ചറര്‍, ഗവ. ആയുര്‍വേദ കോളേജ്,
തിരുവനന്തപുരം

(Mathrubhumi)

No comments:

Post a Comment