Wednesday, June 30, 2010

Tribals----Kerala.

ഊരിലെ ഉള്ളുപിടയും കഥകള്‍

സി.എം.ബിജു


വാത്സല്യത്തിന്റെ ഭാഷയിലൂടെ ആദിവാസി കുഞ്ഞുങ്ങളുടെ ഹൃദയം കവര്‍ന്ന സിന്ധുവിന്റെ വേറിട്ട യാത്ര...


കുട്ടികള്‍ മനസ്സിലേറ്റുന്ന ഒരധ്യാപികയാവണം' ആ ഒരു മോഹവുമായാണ് ഞാന്‍ ആദിവാസി ഊരായ അട്ടപ്പാടിക്ക് സ്ഥലംമാറ്റം ചോദിക്കുന്നത്. ഏഴുവര്‍ഷം മുമ്പായിരുന്നു അത്. വീടിന് തൊട്ടുള്ള തിരൂര്‍ സ്‌കൂളിലായിരുന്നു അപ്പോഴെനിക്ക് ജോലി. 'ഓണംകേറാ മൂല'യിലേക്ക് സ്ഥലംമാറ്റം ചോദിച്ചെന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കി.

അട്ടപ്പാടിയിലെത്തിയ ആദ്യ ആഴ്ച. അന്ന് കുട്ടികള്‍ക്ക് മുന്നിലേക്ക് ഞാനൊരു ചോദ്യമിട്ടു. ''ഇന്ന് രാവിലെ നിങ്ങളെന്താ കഴിച്ചത്?'' ''കപ്പയാ ടീച്ചറേ'' രണ്ടാമത്തെ ബെഞ്ചിലിരുന്ന നീലക്കുപ്പായക്കാരന്‍ ചാടിയെണീറ്റു. അതുകേട്ട ക്ലാസിലെ ചില വിദ്യാര്‍ഥികളുടെ മുഖത്തു മാത്രം വല്ലാത്തൊരു പകപ്പ്. കാര്യം തിരക്കി. ആദിവാസി കുട്ടികളാണവര്‍. കപ്പയെന്നാല്‍ ആദിവാസിഭാഷയില്‍ തവളയെന്നാണ് അര്‍ഥം. വെറുതെയല്ല അവര്‍ വാ പൊളിച്ചത്!

അവര്‍ ക്ലാസില്‍ കേള്‍ക്കുന്നതൊന്ന്, മനസ്സിലാക്കുന്നത് വേറൊന്ന്. മലയാളത്തിലാണ് പഠനം. അതവര്‍ക്ക് ശരിക്കറിയില്ല. വെറുതെയല്ല അവര്‍ പഠനത്തില്‍ പിന്നാക്കമാവുന്നത്. സങ്കടം തോന്നി. ഗോത്രവര്‍ഗഭാഷയില്‍ ആരും ക്ലാസെടുക്കുന്നുമില്ല. ഒന്നും മനസ്സിലാവാതെ പരസ്​പരം മുഖത്തുനോക്കിയിരിക്കയാണ് പാവം കുട്ടികള്‍.

തങ്ങളുടെ മാതൃഭാഷ മോശമാണെന്ന ചിന്തയുമുണ്ട് അവര്‍ക്ക്. ഈ ധാരണയൊന്ന് മാറ്റിയെടുക്കണം. ഞാനത് മനസ്സിലുറപ്പിച്ചു. അവര്‍ക്കുവേണ്ടി ഞാന്‍ ഗോത്രവര്‍ഗ ഭാഷ പഠിക്കാന്‍ തുടങ്ങി. ഇതറിഞ്ഞപ്പോള്‍ കുട്ടികള്‍ക്കും ആവേശം. എന്റെ സംശയങ്ങള്‍ തീര്‍ത്തുതരുമ്പോള്‍ അവരുടെ മുഖത്ത് അഭിമാനം തിളങ്ങിനിന്നു.

ഞാന്‍ ഗോത്രവര്‍ഗഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കെന്നോട് അടുപ്പം കൂടി. എല്ലാ വെള്ളിയാഴ്ചയും ഞങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങി. ദൂരെയൊരു മരച്ചുവട്ടിലിരുന്ന് ഞാനവരോട് സംസാരിച്ചു. സ്വന്തം ഭാഷ സംസാരിക്കാന്‍ അവരെ നിര്‍ബന്ധിച്ചു. പതുക്കെപ്പതുക്കെ അവര്‍ ഉള്ളു തുറന്നു.

വെള്ളിയാഴ്ച ക്ലാസിന് കുട്ടികളേറിത്തുടങ്ങിയപ്പോള്‍ എനിക്കൊരു ആശയം തോന്നി. കടുപ്പക്കാരായ കണക്കും ഇംഗ്ലീഷുമൊക്കെ പഠിപ്പിക്കാന്‍ ഒരെളുപ്പവഴി. പാഠഭാഗങ്ങള്‍ നാടകരൂപത്തിലാക്കുക. കുട്ടികളെ നാടകം പഠിപ്പിക്കുക, അതുവഴി പാഠങ്ങളും. കുറെ നാടകങ്ങള്‍ പഠിച്ചതോടെ കുട്ടികള്‍ കൂട്ടായ്മക്കൊരു പേരിട്ടു. 'തിയേറ്റര്‍ ആര്‍ട്‌സ് ഗ്രൂപ്പ്.' അടുത്ത വര്‍ഷം ഞങ്ങളുടെ സ്‌കൂളിലൊരു അത്ഭുതമുണ്ടായി. എസ്.എസ്.എല്‍.സി. വിജയശതമാനം കുത്തനെ ഉയര്‍ന്നു. 20-ല്‍ നിന്ന് 80-ലേക്ക്. അതോടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മുഖം തെളിഞ്ഞു.

അട്ടപ്പാടിയുടെ വേദനകള്‍

ഇപ്പോള്‍ അവധി ദിനങ്ങളില്‍ കുട്ടികള്‍ എന്നെത്തേടി വീട്ടിലെത്തും. ഞാനവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങള്‍ നല്‍കും. വെക്കേഷന്‍ കാലത്താണ് രസം. 10-15 പേരൊക്കെ ഇവിടെ താമസിക്കാനുണ്ടാവും. നാടകം പരിശീലിക്കാനുള്ള വരവാണ്. അന്ന് ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണമുണ്ടാക്കും. കുന്നിന്‍മുകളില്‍ കയറും. ഗൂളിക്കടവ് പുഴയില്‍ മുങ്ങിക്കുളിക്കും. കുട്ടികള്‍ അവരുടെ സ്വകാര്യങ്ങള്‍ എന്നോട് പങ്കുവെക്കും.

ആ പത്താംക്ലാസുകാരിയെ ഞാനിപ്പോഴും മറന്നിട്ടില്ല. ഒരു വൈകീട്ട് സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് അവള്‍ വന്നത്. പഠിക്കാനാവുന്നില്ലെന്ന് പറയുമ്പോള്‍ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. കുറേനേരം അവള്‍ തലകുനിച്ചിരുന്നു. പിന്നെയൊരു കഥ പറഞ്ഞു. ''അച്ഛന്‍ ഞങ്ങളെ വിട്ടുപോയി. ഇപ്പോള്‍ വീട്ടില്‍ മറ്റൊരാള്‍ താമസിക്കുന്നുണ്ട്. അമ്മയ്ക്ക് അയാളെ ഇഷ്ടമാണ്. അമ്മ പുറത്തുപോവുമ്പോള്‍ അയാളെന്നെ ഉപദ്രവിക്കും. എങ്ങനെയെങ്കിലും രക്ഷപ്പെടണം. എനിക്കിനിയും പഠിക്കണം.'' അവള്‍ വിതുമ്പിക്കൊണ്ടിരുന്നു. ഞാനവളെ ചേര്‍ത്തുപിടിച്ചു.

ഒരു ഞായറാഴ്ച വൈകുന്നേരം ഞാനവളുടെ വീട്ടിലേക്കിറങ്ങി. മണ്ണ് മെഴുകിയ കോലായില്‍ പുസ്തകവും തുറന്നുവെച്ച് അവളിരിപ്പുണ്ട്. എന്നെ കണ്ടപ്പോള്‍ അവളോടിയെത്തി. ''ടീച്ചര്‍ വന്നല്ലോ, എനിക്കിപ്പഴാ സമാധാനമായത്.'' ഞാനകത്തു കയറി. അവളുടെ അമ്മയോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. ആ സാധു സ്ത്രീ കരഞ്ഞുകൊണ്ട് കൈകൂപ്പി. ''എനിക്കറിയില്ലായിരുന്നു ടീച്ചറേ. അയാളെ ഞാനിനി വീട്ടില്‍ കയറ്റില്ല.'' ഞാന്‍ തിരിച്ചിറങ്ങുമ്പോള്‍ അമ്മയും മകളും വേലിക്കരികില്‍ നിന്ന് കൈവീശുന്നുണ്ടായിരുന്നു.

പത്താം ക്ലാസിലെ തന്റേടി

കഴിഞ്ഞമാസം മുക്കാലിയിലൊരു ക്യാമ്പിലായിരുന്നു ഞാന്‍. 'ടീച്ചറേ' എന്നുറക്കെ വിളിച്ച് ഒരു പെണ്‍കുട്ടി ഓടിയെത്തി. ഞങ്ങളുടെ സ്‌കൂ
ളിലെ പത്താംക്ലാസുകാരി. അവളുടെ കഥയോര്‍ത്തപ്പോള്‍ എന്റെ ഉള്ളൊന്ന് പിടഞ്ഞു. 'മോള്‍ക്ക് സുഖമാണോ'. ചോദിച്ചതിന് അവള്‍ തലയാട്ടി. പിന്നെ അവള്‍ അഭിമാനത്തോടെ പറഞ്ഞു. 'ഞാന്‍ പരീക്ഷയെഴുതി ടീച്ചറേ', അതു കേട്ടപ്പോള്‍ എനിക്കും സന്തോഷമായി.

കഴിഞ്ഞ ഫിബ്രവരിയിലെ ഒരു ദിവസം. രാവിലെ സ്‌കൂളിലേക്ക് വരികയായിരുന്നു അവള്‍. വഴിയരികില്‍ പതുങ്ങിനിന്ന കുറേപ്പേര്‍ അവളെ വലിച്ചുകൊണ്ടുപോയി. കുറ്റിക്കാട്ടില്‍വെച്ച് അവളെ ബലാത്സംഗം ചെയ്തു. എട്ടുപേരുണ്ടായിരുന്നത്രെ. ഗുരുതരാവസ്ഥയില്‍ മൂന്നാഴ്ച ആസ്​പത്രിക്കിടക്കയിലായിരുന്നു അവള്‍. കേസ്സെല്ലാം ഒതുങ്ങിപ്പോയി. അപ്പോഴും അവളുടെ മനസ്സില്‍ പരീക്ഷയെക്കുറിച്ചുള്ള ചിന്തകളുണ്ടായിരുന്നു. ആസ്​പത്രി മുറി വിട്ട് നേരെ പരീക്ഷാഹാളിലേക്കാണ് അവള്‍ വന്നത്. ചെറിയൊരു പ്രശ്‌നം വരുമ്പോള്‍ വാടിപ്പോകുന്നവരാണ് മലയാളിക്കുട്ടികള്‍. പക്ഷേ ആദിവാസികളങ്ങനെയല്ല. എന്തുവന്നാലും അവര്‍ മനക്കരുത്തോടെ നേരിടുന്നു, ഈ കുട്ടിയെപ്പോലെ.

ആദിവാസികുട്ടികളെ പലരും കെണിയില്‍പെടുത്തുന്നു. അത്തരം ഒരുപാട് അനുഭവങ്ങളുണ്ട്. ഒരിക്കല്‍ ചില പെണ്‍കുട്ടികള്‍ ബുധനാഴ്ചകളില്‍ ക്ലാസിലെത്താതായി. ഞങ്ങള്‍ അന്വേഷണം തുടങ്ങി. ചെന്നെത്തിയത് ദൂരെയുള്ള ഒരൊറ്റപ്പെട്ട വീട്ടില്‍. കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടുമാത്രം അന്ന് കുട്ടികളെ രക്ഷിക്കാനായി. അവര്‍ പറഞ്ഞ കഥ ഇതാണ്. 'സ്‌കൂളിലേക്ക് വരുംവഴി വഴിയരികില്‍ നിന്ന് ഒരു ചേച്ചി ഞങ്ങളെ വിളിക്കും. അവര്‍ ഭക്ഷണമുണ്ടാക്കിത്തരും. പിന്നെ കുറെ ആണുങ്ങള്‍ വരും. അവര്‍ ചിരിച്ചുകൊണ്ടുപറയും. ഈ പണമൊക്കെ നിങ്ങള്‍ക്കുള്ളതാ' എന്നിട്ട് നൂറിന്റെ നോട്ടുകള്‍ തരും. പിന്നെ... അത് പൂര്‍ത്തിയാക്കുംമുന്‍പേ കുട്ടികള്‍ കരച്ചില്‍ തുടങ്ങി. ഞാനവരെ ആശ്വസിപ്പിച്ചു. ഇനി ഇങ്ങനെ പോവരുതെന്ന് പറഞ്ഞു. ''എന്തുണ്ടെങ്കിലും ടീച്ചറോട് പറയും'' അവര്‍ സത്യം ചെയ്തു.

ഇങ്ങനെ പ്രശ്‌നങ്ങളൊക്കെ വരുമ്പോള്‍ പലരും ഇടപെടാന്‍ മടിക്കും. ഇതൊക്കെ വലിയ പൊല്ലാപ്പാവില്ലേ? അതാണവരുടെ ചോദ്യം. പക്ഷേ കുട്ടികള്‍ പ്രശ്‌നങ്ങളില്‍ പെടുമ്പോള്‍ നമ്മള്‍ക്കെങ്ങനെ സമാധാനമായി ഉറങ്ങാനാവുമെന്ന് ഞാന്‍ തിരിച്ച് ചോദിക്കും.

മനസ്സറിയും വിദ്യകള്‍

ക്ലാസിലെത്തിയാല്‍ ഞാനാദ്യം കുട്ടികളോട് ചോദിക്കും. 'എന്തൊക്കെയാ വിശേഷങ്ങള്‍'. ഒരു പത്ത് മിനിട്ട് അവര്‍ പറയുന്നത് കേട്ടിരിക്കും. കുട്ടികളുമായി അടുപ്പമുണ്ടാക്കാനുള്ളൊരു വിദ്യയാണിത്. രക്ഷിതാക്കളെയും ഞാനങ്ങനെ വെറുതെ വിടില്ല. ഞാനവരോട് പറയും. കുട്ടി വീട്ടിലെത്തിയാല്‍ നിങ്ങള്‍ സ്‌കൂള്‍ വിശേഷങ്ങള്‍ ചോദിക്കണം. സ്‌കൂളില്‍ എന്തൊക്കെ നടന്നു എന്നവരെക്കൊണ്ട് പറയിക്കണം. അതെഴുതിത്തരണം. ആദ്യം കേട്ടപ്പോള്‍ പലര്‍ക്കും മടിയായിരുന്നു. പതുക്കെ അവര്‍ എന്റെ വഴിയിലേക്കെത്തി.

ഉത്സവദിനം

എല്ലാ ശിശുദിനത്തിലും ഞങ്ങള്‍ പരിപാടികള്‍ സംഘടിപ്പിക്കും. പാവനിര്‍മ്മാണ പരിശീലനം, നാടകക്യാമ്പ്, മാജിക് പഠനം, നഴ്‌സറി കലോത്സവം അങ്ങനെയൊക്കെ. സമീപത്തെ സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ വരും. നാട്ടുകാരാണ് അവര്‍ക്ക് ഭക്ഷണവും താമസവുമൊരുക്കുക. ചിലരൊക്കെ ചോദിക്കാറുണ്ട്. ടീച്ചറെന്തിനാ ഒരവധിദിവസംകിട്ടുമ്പോള്‍ പോലും ഇങ്ങനെ മിനക്കെടുന്നതെന്ന്.' കുറെപ്പേരെ പരിചയപ്പെടാനാവും. അവരുടെ ജീവിതങ്ങള്‍ അടുത്തറിയാനും. അതുതന്നെ വലിയ കാര്യമല്ലേ.


കുടുംബം തുണ

ഒരു മുസ്‌ലിം കുടുംബത്തിലെ അംഗമാണ് ഞാന്‍. പക്ഷേ, യാഥാസ്ഥിതികമായ കെട്ടുപാടുകളില്ലാതെയാണ് ഉപ്പ ഞങ്ങളെ വളര്‍ത്തിയത്. ഞങ്ങള്‍ നാലു മക്കള്‍, ബീന, ലീന, സിന്ധു, പ്രിയ...പേരിട്ടതില്‍ പോലും ഉപ്പ 'തനി സ്വഭാവം' കാണിച്ചു. എപ്പോഴും പറയും. 'നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃക കാട്ടണം. അവര്‍ ചെയ്യുന്നത് തന്നെ നിങ്ങളും ചെയ്യരുതെന്ന്. '- ആ ഒരു വാക്കുകളാണ് എന്നെ അട്ടപ്പാടിയിലെത്തിച്ചത്. എന്റെ മനസ്സറിയുന്നയാളാണ് സാജന്‍. അതുകൊണ്ട് വിവാഹം കഴിഞ്ഞപ്പോഴും ഒന്നും മാറ്റേണ്ടി വന്നില്ല. കുടുംബത്തിന്റെ പിന്തുണ കൊണ്ടാണ് ഞാനിപ്പോഴും അട്ടപ്പാടിയില്‍ നില്‍ക്കുന്നത്
.

No comments:

Post a Comment