ന്യൂഡല്‍ഹി: കീഴുദ്യോഗസ്‌ഥന്റെ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെത്തുടര്‍ന്ന് കരസേനയിലെ എന്‍ജിനീയര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ എ.കെ. നന്ദയ്‌ക്കെതിരേ അന്വേഷണം തുടങ്ങി.
കഴിഞ്ഞ മാസം കുടുംബസമേതം ഇസ്രയേലില്‍ ഔദ്യോഗിക യാത്രയ്‌ക്കു പോയ സന്ദര്‍ഭത്തില്‍ നന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നന്ദയുടെ ടെക്‌നിക്കല്‍ സെക്രട്ടറിയായിരുന്ന കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്‌ഥന്റെ ഭാര്യയാണ് പരാതി നല്‍കിയത്.
കരസേനാ ഉദ്യോഗസ്‌ഥരുടെ ഭാര്യമാരുടെ സംഘടനയുടെ പ്രസിഡന്റും കരസേനാ മേധാവിയായ ജനറല്‍ വി.കെ. സിംഗിന്റെ ഭാര്യയുമായ ഭാരതി സിംഗിനാണ് ഇവര്‍ പരാതി നല്‍കിയത്.
ഇക്കാര്യത്തില്‍ അന്വേഷണത്തിനു ജനറല്‍ സിംഗ് ഉത്തരവിട്ടിട്ടുണ്ട്.
പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ നന്ദയ്‌ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്‌ഥര്‍ ഡല്‍ഹിയില്‍ പറഞ്ഞു. പരാതിയില്‍ ചില പഴുതുകളുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ആരോപണം നേരിടുന്ന നന്ദ രാജി വച്ചിട്ടില്ലെന്നും അദ്ദേഹം എന്‍ജിനീയര്‍ ഇന്‍ ചീഫ് പദവിയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലില്‍നിന്നു മടങ്ങിയെത്തിയപ്പോള്‍ത്തന്നെ നന്ദയുടെ ടെക്‌നിക്കല്‍ സെക്രട്ടറി പദത്തില്‍ തുടരാനാകില്ലെന്നുകാട്ടി പരാതിക്കാരിയുടെ ഭര്‍ത്താവായ കേണല്‍ തന്റെ മേലുദ്യോഗസ്‌ഥരെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിനു ഭോപ്പാലിലേക്കു സ്‌ഥലംമാറ്റം നല്‍കി. മുന്‍പ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ മേധാവിയായിരുന്ന ലഫ്. ജനറല്‍ നന്ദ ഒരു വര്‍ഷം മുമ്പാണ് എന്‍ജിനീയര്‍ ഇന്‍ ചീഫായി സ്‌ഥാനമേറ്റത്.
വിരമിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കെയാണ് സഹപ്രവര്‍ത്തകന്റെ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചെന്നു പരാതി ഉയര്‍ന്നിരിക്കുന്നത്.
നന്ദയോ അദ്ദേഹത്തിന്റെ ഓഫീസോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ലൈംഗികാരോപണത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ലഡാക്കിലെ ഇന്‍ഫന്‍ട്രി ഡിവിഷന്‍ കമാന്‍ഡറായിരുന്ന മേജര്‍ ജനറല്‍ എ.കെ. ലാലിനെ രണ്ടു വര്‍ഷം മുന്‍പ് പിരിച്ചുവിട്ടിരുന്നു. കരസേനയിലെ വനിതാ ഓഫീസറുടെ പരാതിയിലായിരുന്നു ഇത്.
|
No comments:
Post a Comment