Sunday, October 31, 2010

പരീക്ഷണ ശാലയില്‍ കുഞ്ഞുകരള്‍ വളര്‍ത്തിയെടുത്തു
Posted on: 01 Nov 2010

ലണ്ടന്‍: മനുഷ്യന്റെ കരളിന്റെ കുഞ്ഞുപതിപ്പ് പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ബ്രിട്ടനിലെ ഗവേഷകര്‍ വിജയിച്ചു. കരള്‍ രോഗചികിത്സയിലും കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലും നിര്‍ണായക നേട്ടമായി ഈ കണ്ടെത്തല്‍ മാറുമെന്നാണ് പ്രതീക്ഷ. 

വേക് ഫോറസ്റ്റ് യൂണിവേഴ്‌സിറ്റി ബാപ്റ്റിസ്റ്റ് മെഡിക്കല്‍ സെന്‍ററിലെ ഗവേഷകരാണ് കരള്‍ കൃത്രിമമായി നിര്‍മിക്കുന്നതില്‍ വിജയിച്ചത്. മനുഷ്യന്റെ കരളിന്റെ ചട്ടക്കൂടിനുള്ളില്‍ വിത്തുകോശങ്ങള്‍ പാകി വളര്‍ത്തിയെടുത്താണ് ഇവര്‍ പരീക്ഷണശാലയില്‍ കരള്‍ സൃഷ്ടിച്ചത്. കരളിലെ കോശങ്ങള്‍ മാറ്റി കൊളാജന്‍ ചട്ടക്കൂടുമാത്രം നിലനിര്‍ത്തിയാണ് പോഷക മാധ്യമത്തില്‍ വിത്തുകോശങ്ങള്‍ പാകിയത്. ചട്ടക്കൂടിനുള്ളില്‍ ജീവകോശങ്ങളും രക്തക്കുഴലുകളും വളര്‍ന്നപ്പോള്‍ കശുവണ്ടിവലിപ്പത്തില്‍ കരള്‍ രൂപം കൊണ്ടു. 

കരള്‍ വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചെങ്കിലും ഇത് രോഗികള്‍ക്ക് പ്രയോജനപ്പെടുന്ന രൂപത്തിലെത്താന്‍ ഇനിയും നിരവധി സാങ്കേതിക പ്രശ്‌നങ്ങള്‍ മറികടക്കേണ്ടതുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ഷേ സോക്കര്‍ പറഞ്ഞു. പുതിയ കരള്‍ ശരീരം സ്വീകരിക്കുമോ എന്നുറപ്പുവരുത്തേണ്ടതുണ്ട്. ഇതില്‍ ഹാനികരമായി എന്തെങ്കിലുമുണ്ടോ എന്നു വിലയിരുത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കൃത്രിമമായി നിര്‍മിച്ച കരള്‍ രോഗികളില്‍ പരീക്ഷിക്കാന്‍ ഇനിയും വൈകുമെന്നാണ് സൂചന. 

ലാബില്‍ കരള്‍ വളര്‍ത്തിയെടുത്തതുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ ഗവേഷകര്‍ ശനിയാഴ്ച ബോസ്റ്റണില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ലിവര്‍ ഡിസീസസിന്റെ ' വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിച്ചു. യു.കെ. യിലെ ഗവേഷകര്‍ കണ്ടെത്തലുകളെ സ്വാഗതം ചെയ്തു.

======================================================

No comments:

Post a Comment