Sunday, October 31, 2010

മുത്തൂറ്റ് ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് ആറു ലക്ഷവും സ്വര്‍ണവും കവര്‍ന്നു
Posted on: 31 Oct 2010
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ ഷാഹിബാബാദിലെ ഷാലിമാര്‍ ഗാര്‍ഡനിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസില്‍ ജീവനക്കാരെ ആക്രമിച്ച് ആയുധധാരികള്‍ കൊള്ള നടത്തി. ശനിയാഴ്ച രാവിലെ ഓഫീസ് തുറന്ന ഉടനെയാണ് തോക്കുധാരികളായ പതിനഞ്ചോളം അക്രമികള്‍ അകത്തുകയറി ജീവനക്കാരെ കീഴ്‌പ്പെടുത്തിയശേഷം ആറുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.

രാവിലെ 9.30ന് ഓഫീസ് തുറന്ന ഉടനെയാണ് സംഭവം. മാനേജറും രണ്ട് സെക്യൂരിറ്റി ജീവനക്കാരുമുള്‍പ്പെടെ ഏഴ് ജോലിക്കാര്‍മാത്രമേ എത്തിയിരുന്നുള്ളൂ. അക്രമികള്‍ രണ്ടും മൂന്നുംവീതം പേരുള്ള സംഘമായാണ് അകത്തുകടന്നത്. മാനേജരെയും സെക്യൂരിക്കാരെയും മലയാളിസ്ത്രീ ഉള്‍പ്പെടെയുള്ള ജീവനക്കാരെയും ആക്രമിച്ച് ലോക്കര്‍മുറിക്കുള്ളിലാക്കി പൂട്ടിയശേഷമായിരുന്നു കവര്‍ച്ച.

അക്രമത്തില്‍ ബിഹാര്‍ സ്വദേശിയായ മാനേജറുടെ തലയ്ക്ക് ചെറിയ പരിക്കുപറ്റി. ആറുലക്ഷം രൂപയും കുറച്ച് സ്വര്‍ണാഭരണങ്ങളുമാണ് ഓഫീസില്‍നിന്ന് നഷ്ടപ്പെട്ടത്. ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ഫോണുകളും അക്രമികള്‍ കവര്‍ന്നു. ഓഫീസ് ജീവനക്കാരി മലയാളിയായ സ്മിത ലോക്കറിനുള്ളില്‍ നിന്ന് ഭര്‍ത്താവ് വിനോദിനെ ഫോണില്‍വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഗാസിയാബാദ് എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
==================================================

No comments:

Post a Comment