Saturday, October 30, 2010


കുഞ്ഞിന്റെ ഔഷധം മുലപ്പാല്‍ തന്നെ

കുഞ്ഞിന്റെ ഔഷധം മുലപ്പാല്‍ തന്നെ
നവജാത ശിശുക്കളുടെ ഭക്ഷണം അമ്മയുടെ പാലാണ്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്കത് ഭക്ഷണം മാത്രമല്ല ഏറ്റവും ഫലപ്രദമായ ഔഷധം കൂടിയാണ് . ഈ വസ്തുതക്ക് അടിവരയിടുന്നതാണ് പീഡിയാട്രിക് ഗവേഷകര്‍  ഈയിടെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയത്.  അസുഖ ബാധിതരായി  ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങളില്‍ കഴിയുന്ന  കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന കാര്യത്തില്‍ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇത്തരം കുഞ്ഞുങ്ങള്‍ക്ക് അത്യാവശ്യമായിട്ടുള്ള ഔഷധം മുലപ്പാലാണ്. പിറവിയില്‍ തന്നെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ശിശുക്കളില്‍  അസാധ്യമെന്ന് തോന്നും വിധം മുലപ്പാല്‍ ഫലം ചെയ്തതായും ഗവേഷകര്‍ പറയുന്നു.
'മനുഷ്യന്റെ പാല്‍ എല്ലാ നവജാത ശിശുക്കള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും രോഗികളായ കുഞ്ഞുങ്ങള്‍ക്ക്'. ദി ചില്‍ഡ്രന്‍സ് ഹോസ്‌പിറ്റല്‍ ഓഫ് ഫിലാഡല്‍ഫിയയിലെ നഴ്‌സ് റിസര്‍ച്ചര്‍ എല്‍.സ്‌പാറ്റ്‌സ് പറയുന്നു.
അമ്മയുടെ പാല്‍ കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. അസുഖങ്ങള്‍ വരാതെ സൂക്ഷിക്കുന്നതിനൊപ്പം ദഹനം എളുപ്പമാക്കാനും കുഞ്ഞിന് ഇതുപകരിക്കും. അതിനാല്‍ ആറുമാസം കുഞ്ഞിന് അമ്മയുടെ പാല്‍ തന്നെ കൊടുക്കുന്നതാണ് നല്ലത്. അത്യാവശ്യമെങ്കില്‍ മാത്രം  മറ്റു ആഹാരങ്ങളും ബേബി ഫുഡുകളും നല്‍കിയാല്‍ മതി. രണ്ട് വര്‍ഷം വരെയെങ്കിലും കുട്ടിക്ക് അമ്മയുടെ പാല്‍ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും വേണം.
ആരോഗ്യ മാസികയായ പെരിനാറ്റല്‍ ആന്റ് നിയോനാറ്റല്‍ നഴ്‌സിങ്ങിന്റെ ജൂലൈ -സെപ്റ്റംബര്‍ ലക്കത്തിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. (madhyamam)
======================================================

No comments:

Post a Comment