Saturday, October 2, 2010


സ്റ്റാര്‍ട്ടിന് കാതോര്‍ത്ത് ഡല്‍ഹി 
Posted on: 02 Oct 2010




ന്യൂഡല്‍ഹി: വിവാദങ്ങളെയും പരാതികളെയും പിന്നിലാക്കി ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഒരുങ്ങി. ഞായറാഴ്ച ആരംഭിക്കുന്ന ഗെയിംസില്‍ മെഡല്‍ കൊയ്ത്തിലൂടെ സംഘാടനപ്പിഴവുകളെ പരാജയപ്പെടുത്തുമെന്നുറച്ച് ഇന്ത്യന്‍ സംഘവും സജ്ജമായി. ഗെയിംസ് ഗ്രാമത്തില്‍ വെള്ളിയാഴ്ച നല്കിയ സ്വീകരണത്തില്‍ ആവേശഭരിതരായിക്കണ്ട ഇന്ത്യന്‍ താരങ്ങള്‍ നാട്ടുകാര്‍ക്ക് എന്നെന്നും ഓര്‍മിക്കാനുള്ള വിജയങ്ങള്‍ ഉറപ്പുനല്കുന്നു. ഇതാദ്യമായി ഗെയിംസിന്റെ എല്ലായിനങ്ങളിലും ഇന്ത്യ മത്സരിക്കും. ആതിഥേയ രാജ്യമെന്ന നിലയ്ക്കാണ് പതിനേഴ് ഇനങ്ങളിലും ഇന്ത്യ മത്സരിക്കുന്നത്. ഇന്ത്യയ്ക്ക് ഗെയിംസില്‍ മികച്ച സാധ്യതയാണുള്ളതെന്ന് ടീമധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘത്തലവന്‍ ഭുവനേശ്വര്‍ കലിത, സംഘാടകസമിതി വൈസ് ചെയര്‍മാന്‍ രണ്‍ധീര്‍ സിങ്, ടീം ജനറല്‍ മാനേജര്‍ ഭുപീന്ദര്‍ സിങ്, തര്‍ലോചന്‍ സിങ്, ബോക്‌സിങ് താരങ്ങളായ വിജേന്ദര്‍ സിങ്, അഖില്‍ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

240 വനിതാ താരങ്ങളടക്കം 619 കായികതാരങ്ങളാണ് പത്തൊമ്പതാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുക. കഴിഞ്ഞ ഗെയിംസില്‍ 22 സ്വര്‍ണമെഡലുകള്‍ നേടി നാലാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ പ്രതീക്ഷ ഇത്തവണ രണ്ടാംസ്ഥാനമാണെന്ന് കലിത ആവര്‍ത്തിച്ചു. ആദ്യമായി സ്വന്തം നാട്ടില്‍ വന്‍ കായികമത്സരത്തിനിറങ്ങുന്ന ഇന്ത്യയ്ക്ക് നിര്‍ലോഭമായ പ്രോത്സാഹനം ലഭിക്കുമെന്നും അത് ടീമിന് ഉത്തേജനം നല്‍കുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ടിക്കറ്റുകള്‍ പകുതിയിലധികം വിറ്റുപോകാത്ത സാഹചര്യത്തില്‍ പിന്തുണ എത്രമാത്രമുണ്ടാകുമെന്ന ചോദ്യത്തിന് ടിക്കറ്റ് വില്‍പ്പന മത്സരം ആരംഭിക്കുന്നതോടെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ബോക്‌സിങ്ങില്‍ പത്തു സ്വര്‍ണ്ണവും നേടാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്ന് വിജേന്ദര്‍ സിങ്ങും അഖില്‍ കുമാറും പറഞ്ഞു. അതേസമയം താരങ്ങള്‍ പരിശീലനം നടത്തുന്ന വേദികളില്‍ മാധ്യമപ്രവര്‍ത്തരെ പ്രവേശിപ്പിക്കാത്തതിനെ ച്ചൊല്ലി പത്രസമ്മേളനത്തിനിടയില്‍ ഒച്ചപ്പാടുണ്ടായി.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഗ്രാമത്തിലെത്തിയ ഇന്ത്യന്‍ ടീമിന് വെള്ളിയാഴ്ച ഉജ്ജ്വല സ്വീകരണം നല്‍കി. ഉച്ചവെയിലിനെ കൂസാതെ നീല കോട്ടും ഷാളുമണിഞ്ഞ് എത്തിയ ഇന്ത്യയുടെ അഭിമാനതാരങ്ങള്‍ക്ക് മുന്നില്‍ ദേശീയഗാനത്തിന്റെ അകമ്പടിയോടെ ത്രിവര്‍ണ പതാക ഉയര്‍ന്നപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷയും അഭിമാനവും വാനോളമുയര്‍ന്നു. സാധുവാസ്വനി ഇന്റര്‍നാഷണല്‍ ഗേള്‍സ് സ്‌കൂളിലെ കൂട്ടികള്‍ അവതരിപ്പിച്ച യോഗാഭ്യാസത്തിന്റെയും നൃത്തത്തിന്റെയും സമ്മിശ്രരൂപത്തെ കായികതാരങ്ങളും വളണ്ടിയര്‍മാരും ഒഫീഷ്യല്‍സും മാധ്യമപ്രവര്‍ത്തകരും അടങ്ങിയ കാണികള്‍ വന്‍ കൈയടിയോടെയാണ് സ്വീകരിച്ചത്.
(mathrubhumi) 

No comments:

Post a Comment