ആഘോഷച്ചടങ്ങുകള്‍ക്ക് തുടക്കമായി
Posted on: 03 Oct 2010
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ആഘോഷത്തിന് തുടക്കമായി. രാജ്യം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വര്‍ണോജ്വലമായി തുടക്കമാണ് കുറിച്ചത്. കേരളത്തിന്റെ ചെണ്ടമേളവും തുടക്കത്തില്‍ത്തന്നെ വേദിയിലെത്തി താളവിസ്മയത്തോടെ കാണികളെ ആവേശത്തിലാറാടിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും വേദിയിലെത്തി.
ചാള്‍സ് രാജകുമാരന്റെ സാന്നിധ്യത്തില്‍ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ ഗെയിംസ് ആരംഭിച്ചതായി പ്രഖ്യാപിക്കും.
ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ മഹത്തായ പാരമ്പര്യം അവതരിപ്പിക്കുന്ന രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടിയോടെയാണ് ഉദ്ഘാടനചടങ്ങിന് തുടക്കമാവുക. ദേശീയ പതാക ഉയര്‍ത്തിക്കഴിഞ്ഞാല്‍ അത്‌ലറ്റുകളുടെ മാര്‍ച്ച്പാസ്റ്റ് ആരംഭിക്കും. എട്ടരയോടെ ഗെയിംസ് ബാറ്റണ്‍ ഏന്തി ഇന്ത്യയുടെ അഭിനവ് ബിന്ദ്ര സ്‌റ്റേഡിയത്തിലെത്തും. തുടര്‍ന്ന് വിവിധ കലാപാടികള്‍ അവതരിപ്പിക്കപ്പെടും. ഉദ്ഘാടന ചടങ്ങ് രാത്രി ഒന്‍പതര വരെ നീണ്ടുനില്‍ക്കും.
ഉദ്ഘാടന ചടങ്ങുകള്‍ക്കുള്ള ടിക്കറ്റുകള്‍ പൂര്‍ണമായി വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.
ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ ചാള്‍സ് രാജകുമാരനും പത്‌നി കാമില്ലയും ഗെയിംസ് വില്ലേജ് സന്ദര്‍ശിച്ചു. വില്ലേജില്‍ ഏറെ നേരം ചെലവഴിച്ച ഇവര്‍ വിവിധ രാജ്യങ്ങളിലെ കളിക്കാരുമായി അനുഭവങ്ങള്‍ പങ്കിടുകയും ചെയ്തു. പരിശീലനം നടത്തിക്കൊണ്ടിരുന്ന ഇന്ത്യയുടെ ബോക്‌സിങ് താരം വിജേന്ദര്‍സിങ്ങുമായും സംസാരിച്ചു.
ചാള്‍സിന്റെ സഹോദരന്‍ എഡ്വേഡ് രാജകുമാരന്‍, കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ മേധാവി മൈക്ക് ഫെന്നല്‍, ഗെയിംസ് വില്ലേജ് മേയര്‍ ദല്‍ബീര്‍ സിങ് എന്നിവരും ചാള്‍സിനെ അനുഗമിക്കുന്നുണ്ട്.
No comments:
Post a Comment