Sunday, October 10, 2010

Pravasi Varthakal

ഇന്ത്യന്‍ ഹാജിമാര്‍ എത്തിത്തുടങ്ങി; പാര്‍പ്പിട സജ്ജീകരണം പൂര്‍ത്തിയായില്ല
അക്ബര്‍ പൊന്നാനി
Posted on: 10 Oct 2010

ജിദ്ദ: വിശുദ്ധ ഹജ്ജില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ എത്തിത്തുടങ്ങി. ഹജ്ജ് ടെര്‍മിനല്‍ വഴി വിദേശ ഹാജിമാര്‍ വന്നുതുടങ്ങിയ ആദ്യ ദിവസമായ ശനിയാഴ്ച ഇന്ത്യയില്‍ നാലിടങ്ങളില്‍ നിന്നായി 1200-ലേറെ ഹാജിമാരാണ് എത്തിയത്.
ഇന്‍ഡോര്‍, ഔറംഗാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള നാനൂറ് വീതം കേന്ദ്ര കമ്മിറ്റി ഹാജിമാര്‍ ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഗുവാഹാട്ടി, വാരാണസി എന്നിവിടങ്ങളില്‍നിന്നുള്ള ഹജ്ജ് വിമാനങ്ങളിലായിരുന്നു ഇവര്‍ മദീനയിലേക്ക് എത്തിയത്.

ജിദ്ദ ഹജ്ജ് ടെര്‍മിനലില്‍ ഇന്‍ഡോറില്‍ നിന്ന് എത്തിയ ആദ്യ ഇന്ത്യന്‍ ഹജ്ജ് വിമാനത്തിലെ തീര്‍ഥാടകരെ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ്, കോണ്‍സല്‍ ജനറല്‍ സയ്യിദ് അഹമ്മദ് ബാബ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇവര്‍ പിന്നീട് ഹജ്ജ് സേവകസ്ഥാപനങ്ങള്‍ (മുത്തവ്വഫ്) ഒരുക്കിയ വാഹനങ്ങളില്‍ മക്കയിലേക്ക് തിരിച്ചു.
മുന്‍ നിശ്ചയപ്രകാരം ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനമായി മദീനയില്‍ ശനിയാഴ്ച പുലര്‍ച്ചയ്ക്കുമുമ്പ് എത്തേണ്ട ഗുവാഹാട്ടിയില്‍ നിന്നുള്ള വിമാനം ഏറെ വൈകി. മദീനയിലേക്കുള്ള രണ്ടാമത്തെ സര്‍വീസ് വാരാണസിയില്‍ നിന്നായിരുന്നു. ഇതും അനിശ്ചിതമായി വൈകുകയായിരുന്നു. ഇതു കൂടി കണക്കാക്കിയാണ് ആദ്യ ദിവസത്തെ 1200-ലേറെ ഹാജിമാരുടെ വരവ്.
അതേസമയം, വിമാനം വൈകിയത് സാങ്കേതിക കാരണങ്ങള്‍ മൂലമാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ് പറഞ്ഞു.

ഈ വര്‍ഷം റെക്കോഡ് എണ്ണം ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് എത്തുന്നത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയെത്തുന്ന ഒന്നേകാല്‍ ലക്ഷം പേരുള്‍പ്പെടെ 1,70,491 ഹാജിമാരാണ് നവംബര്‍ മധ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നു വരുന്നത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ 269-ഉം നാസ് എയറിന്റെ 105-ഉം അല്‍വഫീര്‍ എയറിന്റെ 57-ഉം വിമാനങ്ങളാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി ഹാജിമാരുടെ യാത്രയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. സൗദിയ 85,922-ഉം നാസ് 22,924-ഉം അല്‍ വഫീര്‍ 15,360-ഉം ഹാജിമാരെ വഹിക്കും.ദിവസേന ശരാശരി 14 സര്‍വീസുകളിലായി 4000 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് പുണ്യനഗരങ്ങളിലേക്ക് പറക്കുക. ഇത് നവംബര്‍ 9 വരെ തുടരും. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്നാണ് ഹാജിമാര്‍ പുറപ്പെടുക. അഹമ്മദാബാദ്, ഔറംഗാബാദ്, ബാംഗ്ലൂര്‍, ഭോപ്പാല്‍, കരിപ്പൂര്‍, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, ജയ്പുര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മംഗലാപുരം, മുംബൈ, നാഗ്പുര്‍, റാഞ്ചി, വാരാണസി, പട്‌ന, ശ്രീനഗര്‍ എന്നിവയാണ് ഹജ്ജ് എംബര്‍കേഷന്‍ പോയന്റുകള്‍ ഗോവ, ഭോപ്പാല്‍ എന്നിവ ഇത്തവണ പുതിയ പോയന്റുകളാണ്.

അതേസമയം മക്കയില്‍ ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കല്‍ ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഏഴു ശതമാനം ഇനിയും ബാക്കിയുള്ളതായും ഇത് 25ന് ശേഷമേ മുഴുമിക്കാനാകൂ എന്നും അംബാസഡര്‍ തല്‍മീസ് അഹമദ് അറിയിച്ചു.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഘടന രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട നാട്ടില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് ജിദ്ദയിലും മക്കയിലും ഹജ്ജ് നടപടികള്‍ ആരംഭിക്കുന്നതില്‍ കാലതാമസം വരുത്തിയതെന്നും അദ്ദേഹം തുടര്‍ന്നു. ഇതിനകം 567 കെട്ടിടങ്ങളാണ് വാടകയ്ക്ക് എടുത്തത്. ഹറം ഷെറീഫില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരപരിധിക്ക് അകത്തുള്ള ഗ്രീന്‍ കാടഗോര്യയില്‍ 62400 പേര്‍ക്ക് പാര്‍പ്പിടം ഒരുക്കിയിട്ടുണ്ട്. ഒന്ന് മുതല്‍ 1.6 വരെ കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 15,600 പേര്‍ക്കും ആറ് കിലോമീറ്റര്‍ ദൂരെയുള്ള അസീസിയ്യയില്‍ 47,000 പേര്‍ക്കുമാണ് താമസം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അരലക്ഷം പേരാണ് അസീസിയ്യ കാറ്റഗറി തിരഞ്ഞെടുത്തത്. അസീസിയ്യയില്‍ നിന്നു ഹറമിന്റെ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
187 വിമാന സര്‍വീസുകളിലായി 53,500 പേര്‍ ജിദ്ദയിലാണ് എത്തുക. അതേസമയം 244 വിമാനങ്ങളില്‍ 70,500 പേരാണ് മടക്കവേളയില്‍ ജിദ്ദയില്‍ നിന്ന് പുറപ്പെടുക. മദീനയില്‍ 255 വിമാനസര്‍വീസുകളില്‍ 75,000 ഹാജിമാര്‍ എത്തുകയും 176 സര്‍വീസുകളില്‍ 49,000 പേര്‍ അവിടെനിന്ന് പുറപ്പെടുകയും ചെയ്യും എന്ന് ഹജ്ജ് വിവരങ്ങള്‍ സംബന്ധിച്ച് കോണ്‍സുലേറ്റ് ഇറക്കിയ കുറിപ്പ് വ്യക്തമാക്കി.

പഴി കേള്‍ക്കാന്‍ ഇനി എയര്‍ ഇന്ത്യ ഇല്ല


ഹജ്ജ് യാത്രയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഹാജിമാരുടെ വരവിലോ മടക്കത്തിലോ എയര്‍ ഇന്ത്യ സര്‍വീസിനെ ഇത്തവണ ആര്‍ക്കും കുറ്റം പറയാന്‍ കഴിയില്ല. കാരണം ഹജ്ജ് സര്‍വീസില്‍ ഇത്തവണ എയര്‍ ഇന്ത്യ ഇല്ല. ഇത് ഇന്ത്യന്‍ ഹജ്ജ് ചരിത്രത്തില്‍ ഇതാദ്യമാണ്. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം വ്യക്തമാക്കാന്‍ അംബാസിഡര്‍ തല്‍മീസ് അഹമ്മദിനും സാധിച്ചില്ല. ഹജ്ജ് സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ സിവില്‍ വ്യോമയാന വകുപ്പ് ആഗോള ടെന്‍ഡര്‍ വിളിക്കുകയായിരുന്നു എന്നും ഏറ്റവും മെച്ചപ്പെട്ട ക്വട്ടേഷന്‍ പ്രകാരം സൗദിയില്‍ നിന്നുള്ള മൂന്ന് വിമാന കമ്പനികള്‍ക്ക് അനുമതി ലഭിക്കുകയായിരുന്നു എന്നും അംബാസഡര്‍ പറഞ്ഞു.
സൗദിയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദി അറേബിയന്‍ എയര്‍ലൈന്‍സ്, സ്വകാര്യ സൗദി വിമാനകമ്പനികളായ നാസ്, വഫീര്‍ എന്നീ കമ്പനികളാണ് ഇന്ത്യന്‍ ഹാജിമാരെ ഇത്തവണ ഇരു ദിശകളിലേക്കും വഹിക്കുക.

അതേസമയം, എയര്‍ ഇന്ത്യ ഇല്ലെങ്കിലും ഹജ്ജ് വിമാനസര്‍വീസുകളിലെ താളപ്പിഴകള്‍ക്ക് ശമനമില്ല. ഹജ്ജ് യാത്രയുടെ ആദ്യ ദിവസം തന്നെ ഹജ്ജ് വിമാനസര്‍വീസില്‍ കല്ല്കടി. മദീനയില്‍ ശനിയാഴ്ച പുലര്‍ച്ചെയ്ക്ക് മുമ്പ് ഇറങ്ങേണ്ട ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം അല്‍ വഫീര്‍ രാത്രി വളരെ വൈകിയാണ് എത്തുക എന്നാണ് ഒടുവില്‍ വിവരം കിട്ടിയത്. വാരാണസിയില്‍ നിന്നുള്ള വിമാനവും അലങ്കോലപ്പെട്ടു. ജിദ്ദയില്‍ എത്തേണ്ട പട്‌നയില്‍ നിന്നുള്ള സര്‍വീസ് നേരത്തേ തന്നെ റദ്ദാക്കി.(mathrubhumi)
====================================================

No comments:

Post a Comment