കാലാവസ്ഥാവ്യതിയാനങ്ങളും മണ്ണിന്റെ മരണവും
Posted on: 29 Dec 2010
ഡോ. തോമസ് വര്‍ഗീസ്
മണ്ണ് അക്ഷയപാത്രമാണെന്നാണ് വിശ്വാസം. എന്നാല്‍ വിവേചന
രഹിതമായ പ്രവര്‍ത്തനങ്ങള്‍ മൂലം മണ്ണ് നശിക്കുകയും മരുഭൂമി ഉണ്ടാവുകയും ചെയ്യുന്നത് മനുഷ്യരാശിക്കുള്ള മുന്നറിയിപ്പാണ്
രഹിതമായ പ്രവര്‍ത്തനങ്ങള്‍ മൂലം മണ്ണ് നശിക്കുകയും മരുഭൂമി ഉണ്ടാവുകയും ചെയ്യുന്നത് മനുഷ്യരാശിക്കുള്ള മുന്നറിയിപ്പാണ്

ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ കണക്കുകളനുസരിച്ച് ഒരു ദിവസം സൂര്യനുദിച്ച് അസ്തമിക്കുന്നതിനിടയില്‍ ഈ ഭൂമുഖത്ത് പതിനായിരത്തിലേറെ പേര്‍ പട്ടിണി കാരണം മരണമടയുന്നു! കാര്‍ഷിക മേഖലയില്‍ വമ്പിച്ച പുരോഗതി ഉണ്ടായിട്ടും ലോക ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം ജനങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കുവാനുള്ള ആഹാരം ലഭിക്കുന്നില്ലെന്നും കണക്കുകള്‍ കാണിക്കുന്നു.
എന്തുകൊണ്ടാണ് ഭൂമധ്യരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മൂന്നാം ലോകരാജ്യങ്ങള്‍ പട്ടിണിയുടെ പിടിയിലമര്‍ന്നിരിക്കുന്നത്? പട്ടിണിയുടെ പൊരുളും പൊരുത്തക്കേടും അന്വേഷിച്ചിറങ്ങുമ്പോഴാണ് ഈ രാജ്യങ്ങളിലെ കാര്‍ഷികോത്പാദനത്തിലും ഉത്പാദനക്ഷമതയിലും പരിസ്ഥിതിയിലും സംഭവിച്ചിരിക്കുന്ന താളക്കേടുകള്‍ മനസ്സിലാവുക. ഒരു കാലത്ത് ഇടതൂര്‍ന്ന ഉഷ്ണമേഖലാ വനങ്ങള്‍ നിറഞ്ഞിരുന്ന പ്രദേശങ്ങളായിരുന്നു ഈ രാജ്യങ്ങള്‍. കൊളോണിയല്‍ ഭരണം വ്യാപിച്ചതോടെ ഈ വനങ്ങള്‍ അതിവേഗത്തില്‍ വെട്ടിനശിപ്പിക്കപ്പെടുകയുണ്ടായി. പ്രകൃതിയുമായി ഇണങ്ങുന്ന പാരമ്പര്യ കൃഷിരീതികള്‍ പ്ലാന്റേഷന്‍ കൃഷിരീതികള്‍ക്ക് വഴിമാറിയതോടെ മണ്ണിന്റെ ഫലപുഷ്ടിയിലും മാറ്റങ്ങള്‍ സംഭവിച്ചു.
മണ്ണ് മരിക്കുന്നുവോ?
മണ്ണിന് സംഭവിച്ച ഈ അപക്ഷയമാണ് മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷികോത്പാദനശ്രമങ്ങളെ പലതിനെയും തകിടം മറിച്ചതെന്നാണ് ഇക്കാര്യത്തെപ്പറ്റി പഠിച്ച പല അന്താരാഷ്ട്ര വിദഗ്ധ സമിതികളും അഭിപ്രായപ്പെട്ടിരിക്കുന്നത്. വാഷിങ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനം അനുസരിച്ച് , രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്താകമാനം ഏതാണ്ട് 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗശൂന്യമായി മാറിക്കഴിഞ്ഞുവെന്ന് പറയപ്പെടുന്നു. ഇന്ത്യയുടെയും ചൈനയുടെയും മൊത്തം വിസ്തൃതിക്ക് തുല്യമാണിത്.
മണ്ണ് അനശ്വരമായ ഒരു അക്ഷയപാത്രമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്ന വിവേചനരഹിതമായ പ്രവര്‍ത്തനങ്ങള്‍ വഴി ഈ അനശ്വരശേഖരം തകര്‍ന്ന് തരിപ്പണമാകുമെന്നും അങ്ങനെ മണ്ണിന്റെ മരണത്തോടൊപ്പം അത് ജന്മം നല്‍കിയ മനുഷ്യസംസ്‌കാരവും മരിക്കുമെന്നും ശാസ്ത്രം മുന്നറിയിപ്പ് നല്‍കുന്നു.
രണ്ടായിരം കൊല്ലങ്ങള്‍ക്കുമുമ്പ് യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികള്‍ക്കിടയില്‍ നിലനിന്നിരുന്ന സസ്യശാമള ഭൂവിഭാഗമായിരുന്നു മെസപ്പൊട്ടേമിയ എന്നാണ് ചരിത്രം. ഇന്ന് ആസ്ഥാനത്ത് ഇറാഖ് എന്ന മണലാരണ്യപ്രദേശമാണെന്ന് ഓര്‍ക്കണം.
ഇന്ത്യയിലുമുണ്ട് ഇമ്മാതിരി മരുവത്കരണത്തിന്റെ ഉദാഹരണങ്ങള്‍. പഞ്ചാബിലെ പാബി-ശിവാലിക് കുന്നുകള്‍ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ കാലത്ത് ഇടതൂര്‍ന്ന വനങ്ങളായിരുന്നുപോലും. ഇന്നാകട്ടെ, മുള്‍പ്പടര്‍പ്പുകളും കുറ്റിച്ചെടികളും മൊട്ടക്കുന്നുകളുമാണവിടെ. കേരളത്തിലെ അട്ടപ്പാടിയും ഇരുട്ടുകാനവും കുളിര്‍കാടും നിലമ്പൂരും ഇടുക്കിയും ഈ ദുരന്തത്തിന്റെ മൂകസാക്ഷികളായിത്തീര്‍ന്നിരിക്കുന്നു.
ഫലപുഷ്ടിയുള്ള മേല്‍മണ്ണ് ഭൂമുഖത്തിന്റെ ഉപരിതലത്തില്‍ ഏതാണ്ട് ഒരടി താഴെവരെ മാത്രമേ കാണുകയുള്ളൂ. വനപ്രദേശങ്ങളില്‍ ഇതിന്റെ ആഴം മൂന്നോ നാലോ അടിയോളം കണ്ടേക്കാം. എന്നാല്‍ വനനശീകരണവും വിവേചനരഹിതമായ കൃഷിരീതികളും കൊണ്ട് പലയിടങ്ങളിലും ഈ അമൂല്യശേഖരത്തിന്റെ കനം ഏതാനും ഇഞ്ച് മാത്രമായി ചുരുങ്ങിവരുന്നുവെന്നുള്ളതാണ് ദുഃഖകരമായ യാഥാര്‍ഥ്യം. മനുഷ്യനുള്‍പ്പെടെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനില്പ് ഈനേരിയ കനത്തിലുള്ള മേല്‍മണ്ണിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
മരുവത്കരണം എങ്ങനെ?
മണ്ണിന്റെ അപക്ഷയവും തന്മൂലമുണ്ടാകുന്ന മരുവത്കരണവും രൂക്ഷമായി കാണപ്പെടുന്നത് ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ആര്‍ദ്രതയേറിയ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ്. അതിവൃഷ്ടി മൂലമുണ്ടാകുന്ന മണ്ണൊലിപ്പ്, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക് പുറമെ ലാറ്ററീകരണം എന്ന ഭൗതിക-രാസ പ്രക്രിയയും ഈ മേഖലകളിലെ കൃഷിയിടങ്ങള്‍ക്ക് നാശം വിതയ്ക്കുന്നു. കനത്ത വര്‍ഷപാതവും വരള്‍ച്ചയും ഇടവിട്ടുണ്ടാകുന്ന മേഖലകളിലാണ് ലാറ്ററൈറ്റ് അഥവാ, വെട്ടുകല്‍ മണ്ണുകളുണ്ടാകുന്നത്.
മണ്ണിന്റെ ഉത്പാദനക്ഷമത നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നീ ക്ഷാരമൂലകങ്ങളും സിലിക്കയും ലാറ്ററീകരണ പ്രക്രിയയിലൂടെ നിര്‍ഗമന ജലത്തോടൊപ്പം മണ്ണില്‍ നിന്ന് കീഴ്‌നിരകളിലേക്ക് നീക്കം ചെയ്യപ്പെടുകയും ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും ഓക്‌സൈഡുകള്‍ മേല്‍ നിരകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഇരുമ്പിന്റെ അംശം ഏറിവരുന്നതിനാലും ജൈവാംശം നഷ്ടപ്പെട്ടുപോയതിനാലുമാണ് ഇവയുടെ നിറം ചുവപ്പായിത്തീര്‍ന്നിരിക്കുന്നത്.
അമ്ലത അധികരിച്ചതും ഉത്പാദനശേഷി കുറഞ്ഞതുമായ ഇത്തരം വെട്ടുകല്‍ മണ്ണുകള്‍ ഇന്ന് ഉഷ്ണമേഖലാ പ്രദേശത്തുള്ള പല വികസ്വരരാജ്യങ്ങളുടെയും പുരോഗതിക്ക് പ്രധാന വിലങ്ങായിത്തീര്‍ന്നിരിക്കുന്നു. ഭൂമുഖത്തെ മണ്ണിനങ്ങളില്‍ 13 ശതമാനത്തിലേറെയും വെട്ടുകല്‍ മണ്ണുകളാണ്. തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലാണ് ഇവയിലേറെയും വ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ത്തന്നെ ഏഴുകോടി ഹെക്ടര്‍ സ്ഥലത്ത് വെട്ടുകല്‍ മണ്ണുകളും അവയ്ക്ക് സമാനമായ ചെമ്മണ്ണുകളുമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കേരളത്തിലാകട്ടെ, മൊത്തം കൃഷിയിടത്തിന്റെ 60 ശതമാനത്തിലേറെയും ഇത്തരം മണ്ണാണ്.
ലാറ്ററീകരണം കാര്‍ഷിക വികസനത്തിന് ഏല്പിക്കുന്ന ആഘാതങ്ങള്‍ ഒട്ടേറെയാണ്. ജൈവാംശത്തിന്റെ കുറവ്, അധികരിച്ച അമ്ലത, കുമ്മായ അംശത്തിന്റെ അഭാവം, ഇരുമ്പ്, അലൂമിനിയം സംയുക്തങ്ങളുടെ ആധിക്യം, സസ്യാഹാരമൂലകങ്ങളെ അധിശോഷണം ചെയ്യുവാനുള്ള കഴിവില്ലായ്മ തുടങ്ങിയ കാരണങ്ങളാല്‍ ഇത്തരം മണ്ണുകളുടെ ഉത്പാദനക്ഷമത കണക്കിലെടുത്താല്‍ ഇവ ഏതാണ്ട് മരുഭൂമിക്ക് സമാനമായിത്തീര്‍ന്നിരിക്കുകയാണ്.
ഈ പ്രസ്താവം സ്വല്പം അതിശയോക്തിപരമായി തോന്നിയേക്കാം. പ്രത്യേകിച്ചും ലാറ്ററൈറ്റിന്റെ ജന്മനാടെന്ന് പറയാവുന്ന കേരളത്തിന്റെ പച്ചത്തഴപ്പ് കാണുമ്പോള്‍. ഈ പച്ചത്തഴപ്പ് കേവലം പുറംമോടി മാത്രമാണ്. യഥാര്‍ഥത്തില്‍ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച, കനത്ത വര്‍ഷപാതമുള്ള ഈ പച്ചത്തഴപ്പിനടിയില്‍ ഒരു കാലത്ത് കനകഗര്‍ഭയായിരുന്നതും ഇന്ന് വന്ധ്യത ബാധിച്ചതുമായ മണ്ണാണുള്ളത്. ലാറ്ററീകരണം നടക്കുവാന്‍ അനുകൂലമായ കാലാവസ്ഥയുള്ള ഈ പ്രദേശങ്ങളെ ഒരുപരിധിവരെ രക്ഷിച്ചുപോന്നത് നമ്മുടെ വനസമ്പത്തായിരുന്നു.
അതിവേഗത്തിലുള്ള മണ്ണിന്റെ അപക്ഷയം തടയുവാന്‍ ഈ വനങ്ങള്‍ നാനാവിധത്തില്‍ സഹായിച്ചുവന്നിരുന്നു. മണ്ണൊലിപ്പ് തടഞ്ഞും ജൈവാംശം വര്‍ധിപ്പിച്ചും സൂര്യതാപം കുറച്ചും വനങ്ങള്‍ ചെയ്തിരുന്ന സേവനങ്ങള്‍ നാം ഇന്ന് അതിവേഗത്തില്‍ അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുമൂലം മിക്ക വനമേഖലകളിലും ലാറ്ററീകരണം ഗുരുതരമായ രീതിയില്‍ ഏറിവരുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
കേരളത്തില്‍
കേരളത്തില്‍ ലാറ്ററീകരണത്തിന്റെ രൂക്ഷത ഏറ്റവും കൂടുതലായി കാണപ്പെടുന്നത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്. പ്രതിവര്‍ഷം നാലായിരം മില്ലിമീറ്ററിലേറെ മഴ കിട്ടുന്നുവെങ്കിലും ഈപ്രദേശങ്ങളിലെ വരള്‍ച്ചയുടെ കാലം എട്ട് മാസത്തോളമാണ്. ലാറ്ററീകരണത്തിന് ഏറ്റവും അനുയോജ്യമായ ഇത്തരം കാലാവസ്ഥയാണ് ഉത്തരകേരളത്തിലെ മണ്ണുകളുടെ ശാപമായിത്തീര്‍ന്നിരിക്കുന്നത്. മണ്ണ് കട്ടിയാകുന്ന പ്രക്രിയമൂലം അവിടങ്ങളില്‍ പലേടത്തും കൃഷി തീര്‍ത്തും അസാധ്യമായിക്കഴിഞ്ഞിരിക്കുന്നു. വനനിബിഡമായിരുന്ന വയനാട്ടില്‍ വെട്ടുകല്‍ മണ്ണുകള്‍ വിരളമായിരുന്നുവെങ്കിലും വനനശീകരണം കാരണം അവിടെയും ലാറ്ററീകരണം വ്യാപിച്ചുവരുന്നതായി കാണുന്നു.
വെട്ടുകല്‍ മണ്ണുകളുടെ ഉത്പാദനക്ഷമത കുറയുന്നുവെന്ന് മാത്രമല്ല, ഇത്തരംമണ്ണുകളിലെ വിളകള്‍ വളരെവേഗം രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കും വിധേയമായിത്തീരുന്നു. രോഗഗ്രസ്തമായ മണ്ണില്‍ രോഗാതുരരായ സസ്യങ്ങള്‍ എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു. കുരുമുളക്, ഏലം, ഇഞ്ചി, വാഴ, നാളികേരം, കമുക് എന്നിവയ്‌ക്കെല്ലാം ഇന്നും ഉത്തരം കിട്ടാത്ത എത്രയോ രോഗങ്ങളാണുള്ളത്. ഈ രോഗങ്ങളില്‍ പലതും കഴിഞ്ഞ തലമുറകളിലെ കര്‍ഷകര്‍ക്ക് അന്യമായിരുന്നവയല്ലേ?
ലാറ്ററീകരണത്തിന് ഒരു കാര്‍ഷികേതരവശം കൂടിയുണ്ടെന്നകാര്യം വിസ്മരിക്കാനാവില്ല. ഇരുമ്പ്, അലൂമിനിയം എന്നിവ ഇത്തരം മണ്ണുകളില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ അവയുടെ അയിരുകളായ ഹെമറ്റൈറ്റ്, ബോകൈ്‌സറ്റ് എന്നിവ ഈ മേഖലകളില്‍ നിന്നു ഖനനം ചെയ്‌തെടുക്കുന്നു. കൂടാതെ തീരദേശങ്ങളിലെ ലാറ്ററൈറ്റുകളുടെ അടിനിരകളില്‍ നിന്നു കയോളിന്‍ അഥവാ ചീനക്കളിമണ്ണും ഖനനം ചെയ്യാറുണ്ട്.
കാര്‍ഷികമായി മരണം സംഭവിക്കുന്നുവെങ്കിലും വ്യാവസായിക സാധ്യത വര്‍ധിക്കുന്നില്ലേ എന്ന് ചിലരെങ്കിലും സമാധാനിക്കുന്നുണ്ടാവും. എന്നിരുന്നാലും വരും തലമുറകളുടെ നിലനില്പിനും പ്രകൃതിയുടെ സംരക്ഷണത്തിനും മരിക്കാത്ത മണ്ണിനുവേണ്ടി നാം പ്രയത്‌നിച്ചേ തീരൂ. ''നാമിന്ന് കൃഷി ചെയ്യുന്ന മണ്ണ് നമുക്ക് പൈതൃകമായി ലഭിച്ചതല്ല, അത് വരും തലമുറകളില്‍ നിന്നും കടം എടുത്തതാണ്''', എന്ന ഇന്ത്യന്‍ പഴമൊഴി നാം മറക്കരുത്.
(കേരള കാര്‍ഷിക സര്‍വകലാശാലാ സോയില്‍ സയന്‍സ്
വിഭാഗം പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്നു ലേഖകന്‍) (mathrubhumi)
============================================================