Thursday, December 30, 2010

ഓട്ടോ-ടാക്‌സിസമരം പിന്‍വലിച്ചു നിരക്കുവര്‍ധന 12 നകം
Posted on: 31 Dec 2010
======================================================
തിരുവനന്തപുരം: രണ്ടുദിവസമായി ജനങ്ങളെ വലച്ച ഓട്ടോ-ടാക്‌സി സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി ജോസ് തെറ്റയിലുമായി സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ജനവരി 12 നകം ഇടക്കാല നിരക്ക് വര്‍ധന പ്രഖ്യാപിക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ജസ്റ്റിസ് എന്‍. രാമചന്ദ്രന്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് 12 നകം വാങ്ങും. ഇതിനെ അടിസ്ഥാനമാക്കിയാണ് നിരക്കുവര്‍ധന നടപ്പാക്കുന്നത്. യൂസേഴ്‌സ് ഫീസ് പിന്‍വലിക്കുന്നതടക്കമുള്ള മറ്റുകാര്യങ്ങള്‍ ജനവരി 19ന് ചര്‍ച്ചചെയ്യും. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ പെട്രോള്‍വിലയില്‍ 18 ശതമാനം വര്‍ധനവുണ്ടായതാണ് ഓട്ടോ-ടാക്‌സി നിരക്ക് പരിഷ്‌കരണത്തിന് ഇടയാക്കിയതെന്ന് മന്ത്രി ജോസ്‌തെറ്റയില്‍ പറഞ്ഞു.

ഓട്ടോചാര്‍ജ് മിനിമം 12 രൂപയും കിലോമീറ്ററിന് എട്ടുരൂപയുമായി വര്‍ധിപ്പിക്കാനാണ് സാധ്യത. ഇപ്പോള്‍ ഇത് പത്തും ആറും ആണ്. ടാക്‌സിനിരക്ക് കിലോമീറ്ററിന് 7.50-ല്‍നിന്ന് 9.50 ആയി വര്‍ധിപ്പിക്കാനാണ് ആലോചന. മിനിമം നിരക്ക് 50-ല്‍ നിന്ന് 100 ആക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ നിര്‍ദേശം. മിനിമം കിലോമീറ്റര്‍ മൂന്നില്‍നിന്ന് അഞ്ചാക്കാമെന്നും നിര്‍ദേശം വന്നു.

ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി വി.ടി.ജോയ്, കമ്മീഷണര്‍ ടി.പി.സെന്‍കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. തൊഴിലാളിസംഘടനകളെ പ്രതിനിധീകരിച്ച് കെ.കെ. ദിവാകരന്‍ എം.എല്‍.എ., പി.വി.കൃഷ്ണന്‍, പട്ടം ശശിധരന്‍, പട്ടം വാമദേവന്‍നായര്‍, കെ.സി. രാമചന്ദ്രന്‍, കെ. ഗംഗാധരന്‍, എ.എ.സലീം, യു. പോക്കര്‍, എസ്. മനോഹരന്‍, ജെ. ഉദയഭാനു, വി.എസ്. അജിത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
======================================================

No comments:

Post a Comment