'വിലക്കയറ്റം തോന്നുംപടി; ................ | ||||||
ക്രിസ്‌മസ്-പുതുവത്സരവേളയില്‍ അങ്ങിങ്ങായി ചില ന്യായവിലക്കടകള്‍ തുറന്നതൊഴിച്ചാല്‍ വിപണിയില്‍ ഇടപെടാനോ പൂഴ്‌ത്തിവയ്‌പ്പു തടയാനോ സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. സപ്ലൈകോ വിപണനകേന്ദ്രങ്ങളില്‍പ്പോലും തീവില! സപ്ലൈകോ മായം കലര്‍ന്ന സാധനങ്ങള്‍ വിതരണം ചെയ്‌തെന്ന വിവാദം വേറേ. ഉത്സവവേളയില്‍ സാധാരണക്കാരുടെയും മാസവരുമാനക്കാരുടെയും ബജറ്റ് പിടിച്ചാല്‍ കിട്ടാത്ത വിധമാണു വില കുതിച്ചുകയറുന്നത്. ചരക്കുനീക്കം തടയുന്ന ഡീസല്‍ വിലവര്‍ധനയോ ഉല്‍പ്പാദക സംസ്‌ഥാനങ്ങളിലെ പ്രകൃതിദുരന്തമോ പോലുള്ള കാരണങ്ങളൊന്നുമില്ലാതിരുന്നിട്ടും അധികൃതരുടെ പിടിപ്പുകേടൊന്നുകൊണ്ടു മാത്രം മാസങ്ങളായി വില കുതിക്കുകയാണ്. വിപണിയില്‍ അവശ്യസാധനങ്ങളുടെ വില തോന്നുംപടി. പച്ചക്കറിക്കു നാലു ദിവസത്തിനുള്ളില്‍ കിലോയ്‌ക്ക് 10-20 രൂപവരെയാണു വര്‍ധന. ഒരാഴ്‌ച മുമ്പു 40 രൂപയായിരുന്ന സവാള ഇന്നലെ വിറ്റത് 80 രൂപയ്‌ക്ക്. 240 രൂപയായിരുന്ന വെളുത്തുള്ളി കിലോയ്‌ക്ക് 280 രൂപയായി. 70 രൂപയായിരുന്ന വെളിച്ചെണ്ണ വില 85-ല്‍ എത്തി. പഞ്ചസാരവില 25-ല്‍നിന്നു 32. കടല 10 രൂപ കൂടി 70 രൂപയായി. പരിപ്പും ഉലുവയും 30 രൂപയില്‍നിന്നു നാല്‍പ്പതായി. ഉഴുന്ന് 70 രൂപയായിരുന്നതു മൂന്നുദിവസം കൊണ്ട് എണ്‍പതിലെത്തി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ അരിവിലയും കുതിച്ചു. 26 രൂപയ്‌ക്കു ലഭിച്ചിരുന്ന അരി 33 രൂപയായി. പച്ചക്കറി ഉപേക്ഷിച്ചു കോഴി വാങ്ങി കറിവയ്‌ക്കാമെന്നു മോഹിക്കേണ്ട. പച്ചക്കറിവില മാനംമുട്ടിയപ്പോള്‍ 'കോഴിക്കൂട്ടില്‍' കണ്ണുനട്ടവരും ഇപ്പോള്‍ ഞെട്ടിയിരിക്കുകയാണ്. ചിക്കന്‍ ഒറ്റദിവസം കൊണ്ടാണ് 25 രൂപകൂടി 85 രൂപയിലെത്തിയത്. നാലുദിവസം മുമ്പ് 54 രൂപയായിരുന്ന ചിക്കനു ചൊവ്വാഴ്‌ച 67 രൂപ. ഇന്നലെയത് 85-ല്‍ എത്തി. ക്രിസ്‌മസിന് എന്തു വിലയിട്ടാലും കോഴി ചെലവാകുമെന്ന ധാരണയിലാണ് ഈ തീവെട്ടിക്കൊള്ള. ബീഫിനു 10 രൂപയുടെ വര്‍ധന. 'സംസ്‌ഥാനമത്സ്യ'മായി പ്രഖ്യാപിച്ച കരിമീന് രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ 100 രൂപ കൂടി. 250-300 രൂപ. പച്ചക്കറിക്ക് ഓരോ സ്‌ഥലത്തും തോന്നിയ വിലയാണ് ഈടാക്കുന്നത്. 10 കിലോമീറ്റര്‍ മാത്രം അകലമുള്ള കോട്ടയത്തും ഏറ്റുമാനൂരിലും മിക്ക ഇനങ്ങള്‍ക്കും 10 രൂപവരെ വ്യത്യാസം. 30 രൂപ വിലയുണ്ടായിരുന്ന വള്ളിപ്പയര്‍ ഇരട്ടിവിലയ്‌ക്കാണു വില്‍പ്പന. 10 രൂപയ്‌ക്കു ലഭിച്ചിരുന്ന കാബേജിന് 30 രൂപ. വിലക്കയറ്റത്തിന്റെ പേരില്‍ ഹോട്ടലുകളും ചാകരക്കോളിലാണ്. ചായ തൊട്ട് ഊണുവരെ എല്ലാത്തിനും തൊട്ടാല്‍ പൊള്ളുന്ന ബില്ല്! വിലക്കയറ്റം പ്രമാണിച്ചു മിക്ക ഹോട്ടലുകളും പരിപ്പ്, തേങ്ങ, സവാള തുടങ്ങിയവയൊക്കെ മെനുവില്‍നിന്ന് ഔട്ടാക്കി. നാലുരൂപയായിരുന്ന പൊറോട്ട 8-12 രൂപയ്‌ക്കാണു വില്‍ക്കുന്നത്. ചായയ്‌ക്കും കാപ്പിക്കുമെല്ലാം രണ്ടുരൂപ കൂടി. ഉത്സവവേളയില്‍ സാധാരണക്കാരന് ആശ്വാസം പകരേണ്ട സര്‍ക്കാര്‍ ഏജന്‍സികളെ വിപണിയില്‍ കണികാണാനില്ല. ഉള്ള ന്യായവിലക്കടകള്‍ക്കു മുന്നില്‍ മണിക്കൂറുകളാണു ക്യൂ. ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കാനുള്ള ആലോചനായോഗങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. അതോടെ സാധാരണക്കാരന്റെ ദുരിതം പൂര്‍ണമാകും. (mangalam) ==================================================
| ||||||
Thursday, December 23, 2010
കേരളം എത്ര സുന്ദരം :
Subscribe to:
Post Comments (Atom)
No comments:
Post a Comment