Thursday, December 23, 2010

pravasi varthakal

സൗദി പൊതുമാപ്പ്‌: അയ്യായിരത്തോളം ഇന്ത്യക്കാര്‍ നാട്ടിലെത്തി
ജിദ്ദ: ഹജ്‌, ഉംറ, സന്ദര്‍ശക വിസയില്‍ എത്തി അനധികൃത താമസക്കാരായി കഴിയുന്ന 5100 ഇന്ത്യക്കാരെ ജിദ്ദ തര്‍ഹീല്‍ വഴി നാട്ടിലേക്കു വിട്ടതായി കോണ്‍സുലേറ്റ്‌ അധികൃതര്‍ അറിയിച്ചു. ദിനംപ്രതി 30-40 പേരെയാണു തിരിച്ച്‌ അയയ്‌ക്കുന്നത്‌. ദിവസേന 50 പേര്‍ക്കെങ്കിലും പൊതുമാപ്പ്‌ പ്രയോജനപ്പെടുത്തി നാട്ടില്‍ പോകാന്‍ സാഹചര്യം ഒരുക്കുമെന്ന പാസ്‌പോര്‍ട്ട്‌ (ജവാസാത്ത്‌) വകുപ്പ്‌ മേധാവി ക്യാപ്‌റ്റന്‍ സുല്‍ത്താന്‍ വെളിപ്പെടുത്തിയതായി സാമൂഹിക ക്ഷേമ കോണ്‍സല്‍ എസ്‌.ഡി. മൂര്‍ത്തി മംഗളത്തോടു പറഞ്ഞു.

പൊതു മാപ്പിന്റെ ആനുകൂല്യം പിന്‍പറ്റി ഓരോ രാജ്യത്തേക്കും 30-40 ആളുകള്‍ പോകുന്നുണ്ട്‌. വിരലടയാളം രേഖപ്പെടുത്താനുള്ള നാലു യന്ത്രങ്ങള്‍ മാത്രമാണ്‌ ഇവിടെയുള്ളത്‌. ഒരാളുടെ വിശദ രേഖകളും വിരലടയാളവും എടുക്കുന്നതിന്‌ അഞ്ചു മിനിറ്റോളം വേണ്ടിവരും. അതിനാല്‍ ഓരോ ദിവസവും ചുരുങ്ങിയ ആള്‍ക്കാര്‍ക്കു മാത്രമാണ്‌ അവരവരുടെ രാജ്യത്തേക്കു മടങ്ങിപ്പോകാന്‍ സാധിക്കുക. കൂടുതല്‍ മെഷീന്‍ ഏര്‍പ്പെടുത്തി പരമാവധി ആള്‍ക്കാരെ നാട്ടില്‍ എത്തിക്കണമെന്നാണ്‌ ഇന്ത്യ അഭ്യര്‍ഥിച്ചിരിക്കുന്നത്‌.

പാസ്‌പോര്‍ട്ട്‌ കോപ്പി ഇല്ലാത്തതിന്റെ പേരില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ (ഇ.സി.) നല്‍കാത്തതു നിരവധി ഇന്ത്യക്കാരെ തര്‍ഹീലില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്‌. ശ്രമിച്ചാല്‍ പാസ്‌പോര്‍ട്ട്‌ നമ്പരോ കോപ്പിയോ സംഘടിപ്പിക്കാന്‍ ഭൂരിഭാഗത്തിനും കഴിയും എന്നാണു കോണ്‍സല്‍ മൂര്‍ത്തി വിശദീകരിച്ചത്‌. പാസ്‌പോര്‍ട്ട്‌ ഹാജരാക്കിയാല്‍ ഇവിടേക്കു വീണ്ടും വരാന്‍ സാധിക്കുകയില്ല എന്നതുകൊണ്ടാണു പലരും അതു ഹാജരാക്കാന്‍ മടിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാസ്‌പോര്‍ട്ട്‌ വിവരങ്ങള്‍ ഇല്ലെങ്കില്‍ മറ്റു രാജ്യക്കാര്‍ പോലും സംവിധാനം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നു കണ്ടു ഡല്‍ഹിയില്‍ നിന്നുള്ള കര്‍ശന നിര്‍ദേശമാണു നടപ്പാക്കുന്നത്‌. കേരളീയര്‍ ഉള്‍പ്പെട്ട കേസുകളില്‍ ഉത്തരവാദപ്പെട്ട സംഘടനാ ഭാരവാഹികള്‍ സാക്ഷ്യപ്പെടുത്തിയാല്‍ പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകുമെന്നും എസ്‌.ഡി. മൂര്‍ത്തി പറഞ്ഞു. ആറുമാസത്തേക്കാണു സൗദിയില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. *ചെറിയാന്‍ കിടങ്ങന്നൂര്‍ (mangalam)

==================================================

No comments:

Post a Comment