Thursday, December 30, 2010

ഐ.എസ്.ഐ.യും രാജ്യാന്തര കുറ്റവാളികളും ലക്ഷദ്വീപിനെ ഉന്നംവെക്കുന്നു
Posted on: 31 Dec 2010

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ സ്വാധീനമുണ്ടാക്കാന്‍ പാകിസ്താനടക്കമുള്ള ചില വിദേശശക്തികള്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാറിന് വിവരം ലഭിച്ചു. ദ്വീപിന്റെ സൈനികതന്ത്രപരമായ പ്രാധാന്യവും സമുദ്രമാര്‍ഗത്തിലെ ഭൂമിശാസ്ത്രപരമായ നിര്‍ണായക സ്ഥാനവുമാണ് വിദേശശക്തികളേയും രാജ്യാന്തര കുറ്റവാളിസംഘങ്ങളേയും ദ്വീപില്‍ ഏതെങ്കിലുംതരത്തിലുള്ള സ്വാധീനം ഉറപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.

കേന്ദ്ര സുരക്ഷാഏജന്‍സികളും ദ്വീപിലെ ജനങ്ങളും നിതാന്തജാഗ്രത പാലിക്കുന്നതിനാല്‍ ഈ ശ്രമങ്ങള്‍ ഇതേവരെ വിജയം കണ്ടിട്ടില്ല. എന്നാല്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ. ലക്ഷദ്വീപില്‍ എങ്ങനെയും കടന്നുകയറാനും സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്താനും തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുവരുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുനല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപിലെ സുരക്ഷാസാഹചര്യങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അനഭിമതരായ വിദേശികളും തീവ്രവാദബന്ധമുള്ളവരും ദ്വീപിലേക്ക് ഏത്തുന്നത് തടയാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു.

മാലെദ്വീപിനെ ഒരു ഇടത്താവളമാക്കിയാണ് ലക്ഷദ്വീപില്‍ സ്വാധീനമുണ്ടാക്കാന്‍ പാക്ചാരസംഘടന കരുനീക്കം നടത്തുന്നത്. മാലെദ്വീപില്‍ പാകിസ്താന്റെ സ്വാധീനം കൂടിവരുന്നത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മാലെദ്വീപിനോട് വളരെ അടുത്തുകിടക്കുന്ന ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപാണ് ഇന്ത്യാവിരുദ്ധ ശക്തികള്‍ ലക്ഷ്യംവെച്ചിട്ടുള്ളത്. മാലെദ്വീപില്‍നിന്ന് തോണികളിലും മറ്റും അനധികൃതമായി ചിലര്‍ മിനിക്കോയില്‍ എത്തി മടങ്ങുന്നതായ റിപ്പോര്‍ട്ടുകളും കേന്ദ്രം ഗൗരവത്തിലെടുത്തിട്ടുണ്ട്.

ലക്ഷദ്വീപ് തീരത്ത് പാകിസ്താനികളും ഇറാഖികളും സഞ്ചരിച്ച വിദേശകപ്പല്‍ ഞായറാഴ്ച നാവികസേന പിടിച്ചെടുത്തിരുന്നു. ഇവര്‍ മാലെദ്വീപിലേക്ക് പോവുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനമെങ്കിലും പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഒരുമാസത്തിനിടെ രണ്ടാംതവണയാണ് പാകിസ്താനികളുടെ കപ്പല്‍ ലക്ഷദ്വീപ് തീരത്ത് സംശയകരമായ സാഹചര്യത്തില്‍ നാവികസേന പിടികൂടുന്നത്.
കേന്ദ്ര പ്രതിരോധമന്ത്രാലയവും ലക്ഷദ്വീപിലെ സുരക്ഷാ സ്ഥിതിഗതികള്‍ സദാ നിരീക്ഷിക്കുന്നുണ്ട്. നാവികസേനയും കോസ്റ്റ്ഗാര്‍ഡും ജാഗ്രത വര്‍ധിപ്പിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറന്‍തീരത്ത് അശാന്തി സൃഷ്ടിക്കുക എന്ന പാക് പട്ടാളത്തിന്‍റ പുതിയ തന്ത്രത്തിന്റെ ഭാഗമായും ഇതിനെ അധികൃതര്‍ കാണുന്നു.

=====================================================

No comments:

Post a Comment