Wednesday, December 22, 2010

തട്ടിപ്പിന് എത്രയെത്ര വഴികള്‍ !

പാസ്‌റ്റര്‍ എന്ന പേരില്‍ മുതലെടുത്തു; 
കണ്‍വന്‍ഷന്റെ പേരില്‍ പാസ്‌റ്ററുടെ വിസാതട്ടിപ്പ്‌
കോട്ടയം: കണ്‍വന്‍ഷന്റെ പേരില്‍ വിദേശത്ത്‌ എത്തിച്ച്‌ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞ്‌ കോടികള്‍ തട്ടിയ പാസ്‌റ്റര്‍ക്കെതിരേ സി.ബി.ഐ. അന്വേഷണം വേണമെന്ന്‌ പണം നഷ്‌ടമായവര്‍. ഈ ആവശ്യം ഉന്നയിച്ച്‌ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.

സിംഗപ്പൂരില്‍ നഴ്‌സ്ജോലി വാഗ്‌ദാനം ചെയ്‌താണ്‌ സ്വദേശം എവിടെയെന്ന്‌ ഇപ്പോഴും അജ്‌ഞാതമായ പാസ്‌റ്റര്‍ തട്ടിപ്പ്‌ നടത്തിയത്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം പേര്‍ തട്ടിപ്പിനിരയായതായാണ്‌ സൂചന.

പോലീസിന്റെ അനൗദ്യോഗിക കണക്കനുസരിച്ച്‌ ഏഴരക്കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ട്‌. ഇതു പത്തുകോടിയിലേറെ രുപ വരുമത്രേ. നാട്ടില്‍ വല്ലപ്പോഴും മാത്രമെത്തുന്ന പാസ്‌റ്റര്‍ ഇപ്പോള്‍ അമേരിക്കയിലാണെന്നും ദക്ഷിണാഫ്രിക്കയിലാണെന്നും മറ്റുമാണ്‌ അടുപ്പക്കാര്‍ പറയുന്നത്‌.

സ്‌റ്റാന്‍ലി സൈമണ്‍ എന്ന ഈ പാസ്‌റ്റര്‍ എക്‌സോഡസ്‌ എന്ന സ്‌ഥാപനം മുഖേന സിംഗപ്പൂരില്‍ ജോലി നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌ത് കോടികള്‍ തട്ടിയെടുക്കുക യായിരുന്നു. പത്തനംതിട്ട എസ്‌.പി. ഓഫീസിന്‌ എതിര്‍വശത്തു വിന്നേഴ്‌സ് ചര്‍ച്ച്‌ എന്ന പേരില്‍ പ്രാര്‍ഥനാലയം പാസ്‌റ്റര്‍ നടത്തിയിരുന്നെങ്കിലും ഇയാളെക്കുറിച്ച്‌ കൂടുതലായി നാട്ടുകാര്‍ക്ക്‌ അറിയില്ല. പാലക്കാട്‌ സ്വദേശിയാണെന്ന്‌ പറയപ്പെടുന്നു. ഭാര്യ കോഴഞ്ചേരി സ്വദേശിയാണ്‌. സിംഗപ്പൂര്‍, മലേഷ്യ, യു.എസ്‌.എ. എന്നിവിടങ്ങളില്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെന്ന പേരില്‍ സംഘടിപ്പിക്കുന്ന വിസിറ്റിംഗ്‌ വിസ ഉപയോഗിച്ചാണ്‌ ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്‌.

1500 രൂപയ്‌ക്കു സംഘടിപ്പിക്കുന്ന വിസയ്‌ക്കാണ്‌ ഇയാള്‍ ഇടപാടുകാരില്‍നിന്ന്‌ 50,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരെ ഈടാക്കിയിരുന്നു. ഇയാളുടെ ഓഫീസില്‍നിന്നു പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ജീവനക്കാരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. പോലീസ്‌ അന്വേഷണം നിര്‍ജീവമായതിനാല്‍ കേസ്‌ സി.ബി.ഐക്കു വിടണമെന്നാ വശ്യപ്പെട്ട്‌ ചീഫ്‌ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ഐ.ജി. എന്നിവര്‍ക്കു പരാതി നല്‍കി. പത്തനംതിട്ട പോലീസ്‌ പാസ്‌റ്റര്‍ക്ക്‌ അനുകൂല നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്നു കൈക്കൂലി വാങ്ങുന്നതായും പണം നഷ്‌ടമായവര്‍ ആരോപിച്ചു.

തട്ടിപ്പിനിരയായവരില്‍ ഏറെയും മലബാര്‍ സ്വദേശികള്‍

കോട്ടയം: ഞാനൊരു വിശ്വാസിയാണ്‌ എന്നെ നിങ്ങള്‍ക്ക്‌ വിശ്വാസമില്ലേയെന്നു പറഞ്ഞു മയക്കി തട്ടിപ്പ്‌ നടത്തിയ പാസ്‌റ്റര്‍ വണ്ടിച്ചെക്കു നല്‍കിയും കബളിപ്പിച്ചതായി പരാതി. തട്ടിപ്പിനിരയായ മുപ്പതോളം പേര്‍ പരാതിയുമായെത്തിയപ്പോള്‍ ഇയാള്‍ ഇവര്‍ക്ക്‌ ചെക്ക്‌ നല്‍കുകയായിരുന്നു. ഇതിലേറെയും വണ്ടിച്ചെക്കായിരുന്നുവത്രേ.

തട്ടിപ്പിനിരയായവരില്‍ ഏറെയും കണ്ണൂര്‍, കോഴിക്കോട്‌ സ്വദേശികളായ നിര്‍ധനരായ യുവതികളാണ്‌. നഴ്‌സുമാര്‍ക്കു പുറമേ ഹോട്ടല്‍ മാനേജ്‌മെന്റ പഠിച്ചവരും ഇയാളുടെ തട്ടിപ്പിനിരയായി.

പത്തനംതിട്ടയില്‍ നിന്നെത്തുന്നതിനു മുമ്പേ ഇയാള്‍ പാലക്കാട്ട്‌ തട്ടിപ്പു നടത്തി യിരുന്നതായും സൂചനയുണ്ട്‌. 400 പേരെ ഇദ്ദേഹം കബളിപ്പിച്ചതായാണ്‌ പോലീസിന്റെ ഭാഗത്തുള്ള കണക്കുകള്‍ (mangalam)
================================================

No comments:

Post a Comment