Wednesday, December 22, 2010

സ്വാശ്രയകോളജില്‍ വിദ്യാര്‍ഥിനികള്‍ക്കു പീഡനം

സ്വാശ്രയകോളജില്‍ വിദ്യാര്‍ഥിനികള്‍ക്കു പീഡനം:
അധികൃതര്‍ സംഭവം ഒതുക്കിത്തീര്‍ത്തു

കുന്നംകുളം: സ്വാശ്രയ കോളജിലെ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന പരാതി അധികൃതര്‍ ഒതുക്കി. അന്‍പത്തിരണ്ടു വിദ്യാര്‍ഥിനികളാണു പീഡനത്തെക്കുറിച്ച്‌ കോളജ്‌ അധികൃതര്‍ക്കു പരാതി നല്‍കിയത്‌.

അക്കിക്കാവ്‌ പി.എസ്‌.എം. സ്വാശ്രയ ദന്തല്‍ കോളജിലെ രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥിനികളാണ്‌ കോളജ്‌ വാര്‍ഡന്റെ ഭര്‍ത്താവും കോളജ്‌ ബസ്‌ ഡ്രൈവറുമായ പുന്ന സ്വദേശി പ്രദീപിനെതിരേ കോളജ്‌ പ്രിന്‍സിപ്പലിനും മാനേജ്‌മെന്റിനും രേഖാമൂലം പരാതി നല്‍കിയത്‌. ലൈംഗിക, ശാരീരിക പീഡനങ്ങളടക്കമുള്ള കാര്യങ്ങള്‍ പരാതിയിലുണ്ടെങ്കിലും ഇക്കാര്യം പോലീസില്‍ അറിയിക്കാതെ ഒതുക്കി. ഇതേത്തുടര്‍ന്ന്‌ ഒരു വിദ്യാര്‍ഥിനി കുന്നംകുളം ഡിവൈ.എസ്‌.പി.: പി. രാധാകൃഷ്‌ണന്‌ രേഖകളടക്കം പരാതിപ്പെട്ടതോടെയാണു സംഭവം പുറത്തായത്‌.

കോളജ്‌ വനിതാ ഹോസ്‌റ്റല്‍ വാര്‍ഡനായ മല്ലികയുടെ ഭര്‍ത്താവും ബസ്‌ ഡ്രൈവറുമായ പ്രദീപ്‌ ഭാര്യയുടെ സഹായത്തോടെ വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഭാര്യയുടെ മൊബൈലില്‍ പെണ്‍കുട്ടികള്‍ കുളിക്കുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇത്‌ ഇന്റര്‍നെറ്റില്‍ കൊടുക്കുമെന്നുമായിരുന്നു ഭീഷണി.

ഇതേക്കുറിച്ചു പെണ്‍കുട്ടികള്‍ പത്തിനു കോളജ്‌ പ്രിന്‍സിപ്പലിനു വാക്കാല്‍ പരാതി നല്‍കി. എന്നാല്‍, രേഖാമൂലം നല്‍കാനായിരുന്നു പ്രിന്‍സിപ്പലിന്റെ നിര്‍ദേശം.


ഇതനുസരിച്ച്‌ പതിമൂന്നിന്‌ പെണ്‍കുട്ടികള്‍ പ്രിന്‍സിപ്പലിനു വീണ്ടും പരാതി നല്‍കി. ഇതേക്കുറിച്ച്‌ കോളജിലെ ഡോ. രതി, റീഡര്‍ ഡോ. ശ്യാമള എന്നിവര്‍ നടത്തിയ അന്വേഷണത്തിലും പീഡനം നടന്നെന്നു കണ്ടെത്തി. തുടര്‍ന്നു മാനേജ്‌മെന്റ്‌ പുറമേ നിന്നുള്ള അഡ്വ. സ്‌മിതാ ഗിരീഷിനെക്കൊണ്ടു പെണ്‍കുട്ടികളില്‍നിന്നും മൊഴിയെടുത്തു.

അഡ്വ. സ്‌മിതാ ഗിരീഷും ഇതേക്കുറിച്ചുളള റിപ്പോര്‍ട്ട്‌ മാനേജ്‌മെന്റിനു നല്‍കി.

ബസ്‌ ഡ്രൈവര്‍ക്കും അയാളുടെ ഭാര്യക്കുമെതിരേ വ്യക്‌തമായ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടും ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോളജ്‌ അധികൃതര്‍ തയാറായില്ല. ഗുരുതരാമായ സംഭവം പോലീസിനെ അറിയിക്കാതെ കോളജ്‌ അധികൃതര്‍ മൂടിവെയ്‌ക്കുകയാണ്‌ ചെയ്‌തത്‌.
പോലീസിന്‌ ലഭിച്ച രഹസ്യ കത്തിനെ തുടര്‍ന്ന്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
=================================================

No comments:

Post a Comment