Wednesday, October 6, 2010

ജലനിരപ്പ്‌ ക്രമാതീതമായി ഉയര്‍ന്നു; പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

കൊല്ലം: വൃഷ്‌ടിപ്രദേശങ്ങളില്‍ നിന്ന്‌ നീരൊഴുക്ക്‌ ശക്‌തിപ്പെട്ടതിനെ തുടര്‍ന്ന്‌ കല്ലട പരപ്പാര്‍ അണക്കെട്ട്‌ പരമാവധി സംഭരണശേഷിയായ 115.82 മീറ്റര്‍ കവിഞ്ഞു. ഇതേ തുടര്‍ന്ന്‌ ഇന്നലെ രാത്രി 8.25ന്‌ അണക്കെട്ടിന്റെ മൂന്ന്‌ ഷട്ടറുകളും തുറന്നു. കല്ലട ജലസേചന പദ്ധതി പ്രദേശങ്ങളില്‍ ജില്ലാ കലക്‌ടര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌.

കഴിഞ്ഞ മൂന്നു ദിവസമായി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ ശക്‌തമായി തുടരുകയാണ്‌. അണക്കെട്ടിന്റെ കൈവഴികളായ കുളത്തൂപ്പുഴ, കല്ലട, ശെന്തുരുണി ആറുകളില്‍ നിന്നുള്ള പ്രവാഹം ക്രമാതീതമാണ്‌. ഇന്നലെ രാവിലെ അണക്കെട്ടില്‍ 115.24 മീറ്റര്‍ ജലനിരപ്പ്‌ രേഖപ്പെടുത്തി. ഉച്ചയ്‌ക്ക് 12 ഓടെ നീരൊഴുക്ക്‌ കുറഞ്ഞെങ്കിലും വീണ്ടും ശക്‌തമായി. വൈകിട്ട്‌ നാലിന്‌ ജലനിരപ്പ്‌ 115.63 മീറ്ററായി ഉയര്‍ന്നതോടെ കെ.ഐ.പി. ചീഫ്‌ എന്‍ജിനിയര്‍ സ്‌ഥലം സന്ദര്‍ശിച്ചു. പത്തനാപുരം തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉന്നത റവന്യൂ ഉദ്യോഗസ്‌ഥരും സ്‌ഥലത്തെത്തി.

രാത്രി 8.- ജലനിരപ്പ്‌ പരമാവധി സംഭരണശേഷിയായ(ഫുള്‍ റിസര്‍വോയര്‍ ലെവല്‍) 115.82 മീറ്റര്‍ അടി കവിഞ്ഞതോടെ മൂന്ന്‌ ഷട്ടറുകളും ഭാഗികമായി തുറക്കാന്‍ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ വിജയചന്ദ്രന്‍പിള്ള ഉത്തരവിട്ടു. 360 സെന്റീമീറ്റര്‍ ഉയരമുള്ള ഷട്ടറുകളുടെ മൂന്ന്‌ സെന്റീമീറ്റര്‍ മാത്രമാണ്‌ ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്‌. ഉന്നത ഉദ്യോഗസ്‌ഥര്‍ രാത്രി വൈകിയും അണക്കെട്ടില്‍ ക്യാമ്പ്‌ ചെയ്‌ത് സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്‌.

ജലസേചന പദ്ധതിക്ക്‌ പുറമെ കെ.എസ്‌.ഇ.ബിയുടെ കല്ലട പവര്‍ഹൗസും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇന്നലെ രാത്രിയും വൈദ്യുതി ഉല്‍പ്പാദനം തുടര്‍ന്നു. അണക്കെട്ട്‌ തുറന്നതോടെ കിഴക്കന്‍ മേഖലയിലെ പ്രധാന പട്ടണങ്ങളായ കൊട്ടാരക്കര, പുനലൂര്‍ മേഖലകളില്‍ പോലീസ്‌ ജാഗ്രത പുലര്‍ത്തുകയാണ്‌. രാത്രി പോലീസ്‌ അനൗണ്‍സ്‌മെന്റും നടന്നു.

No comments:

Post a Comment