Wednesday, October 6, 2010

ഹജ്‌

ഹജ്‌: അടിയന്തരഘട്ടം നേരിടാന്‍ അത്യാധുനിക സംവിധാനം
ജിദ്ദ: ഹജ്‌ വേളയില്‍ ഏത്‌ അടിയന്തരഘട്ടവും നേരിടുന്നതിന്‌ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്ന്‌ ഹജ്‌ സിവില്‍ ഡിഫന്‍സ്‌ സേനാ മേധാവി കേണല്‍ സുലൈമാന്‍ അല്‍അംറു വ്യക്‌തമാക്കി.

ഹജ്‌ ജോലികളുമായി ബന്ധപ്പെട്ട സിവില്‍ ഡിഫന്‍സിന്റെ മുപ്പത്തിയഞ്ചോളം മേധാവികളുടെ യോഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌.

സിവില്‍ ഡിഫന്‍സിന്റെ വിവിധ സേവന മേഖലകളില്‍ ഹജ്‌ വേളയില്‍ വളണ്ടിയര്‍മാരായി സേവനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴവെള്ളം തിരിച്ചുവിടുന്നതിനുള്ള ഓവുചാലുകളെല്ലാം വ്യത്തിയാക്കിയിട്ടുണ്ട്‌.

ഹജ്‌ വേളയില്‍ മഴയും വെള്ളപ്പൊക്കവുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ജപ്പാന്‍ കാലാവസ്‌ഥ നിരീക്ഷകരുടെ അഭിപ്രായത്തെക്കുറിച്ച്‌ ഇതുവരെ കാലാവസ്‌ഥ വകുപ്പിലെ ഉത്തരവാദപ്പെട്ടവരാരും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഹജ്‌ വേളയിലെ പോരായ്‌മകള്‍ ഇല്ലാതാക്കി കൂടുതല്‍ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ തീര്‍ഥാടകര്‍ക്ക്‌ നല്‍കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനാണ്‌ യോഗം വിളിച്ചുകൂട്ടിയത്‌.

യോഗത്തില്‍ ജംറകളിലേക്കുള്ള വഴികള്‍ വികസിപ്പിക്കുക, അറഫയില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ധാരണയുണ്ടായതായി മക്ക ഹജ്‌ മന്ത്രാലയ ബ്രാഞ്ച്‌ ഓഫിസ്‌ അസിസ്‌റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി ആദില്‍ ബല്‍ഖൈര്‍ പറഞ്ഞു. തീര്‍ഥാടകരുടെ താമസ കേന്ദ്രങ്ങളില്‍ നിശ്‌ചിത ആളുകളില്‍ കൂടുതല്‍പേരെ താമസിപ്പിക്കുക, റൂമുകളില്‍ സ്‌റ്റൗ ഉപയോഗിക്കുക, നടവഴികളിലും ലിഫ്‌റ്റുകള്‍ക്കടുത്തും കിടന്നുറങ്ങുക തുടങ്ങി തീര്‍ഥാകരുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment