Monday, October 4, 2010

പെട്ടിഓട്ടോയില്‍ ട്രെയിനിടിച്ച്‌ 2 യുവാക്കള്‍ മരിച്ചു
അമ്പലപ്പുഴ: തീരദേശപാതയിലെ ആളില്ലാ ലെവല്‍ക്രോസിംഗില്‍ വീണ്ടും അപകടം. മീനെടുക്കാന്‍പോയ പെട്ടിഓട്ടോയില്‍ ട്രെയിനിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. പള്ളുരുത്തി ഇടപ്പറമ്പുവീട്ടില്‍ റഫീഖ്‌ (40), സുഹൃത്ത്‌ പള്ളുരുത്തി തങ്ങള്‍നഗര്‍ ആഷിക്‌ (35) എന്നിവരാണു മരിച്ചത്‌.

പറവൂര്‍ കപ്പക്കട പനച്ചുവട്‌ ലെവല്‍ക്രോസിംഗില്‍ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം. മീനെടുക്കാനുള്ള ബോക്‌സുകളുമായി പെട്ടിഓട്ടോയില്‍ ഇവര്‍ കടപ്പുറത്തേക്കു പോകുമ്പോള്‍ കുര്‍ളയിലേക്കു പോയ നേത്രാവതി എക്‌സ്പ്രസ്‌ ഇടിക്കുകയായിരുന്നു.

ആഷിക്‌ സംഭവസ്‌ഥലത്തും വാഹനമോടിച്ചിരുന്ന റഫീഖ്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നവഴിക്കുമാണു മരിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ പെട്ടിഓട്ടോ പൂര്‍ണമായും തകര്‍ന്നു. മത്സ്യം കൊണ്ടുവരാനുള്ള ബോക്‌സുകള്‍ പാളത്തിന്റെ ഇരുവശങ്ങളിലുമായി ചിതറി. അപകടത്തിനുശേഷം ട്രെയിന്‍ അരമണിക്കൂറോളം സംഭവസ്‌ഥലത്തു നിര്‍ത്തിയിട്ടു. ഇതു കടന്നുപോയതിനുശേഷമെത്തിയ പാസഞ്ചര്‍ ട്രെയിന്‍ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കി.

ട്രെയിന്‍ തടയാനൊരുങ്ങിയ നാട്ടുകാരിലൊരാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തതോടെ സ്‌ഥിതി കൂടുതല്‍ വഷളായി. ഇയാളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാരും പോലീസുമായി വാക്കേറ്റം നടന്നു. ഒടുവില്‍ പോലീസ്‌ മുട്ടുമടക്കിയതോടെയാണു രംഗം ശാന്തമായത്‌. റെയില്‍വേ ഗേറ്റില്‍ കാവല്‍ക്കാരനെ നിയമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച്‌ ഇന്നലെത്തന്നെ ഇവിടെ റെയില്‍വേ കാവല്‍ക്കാരനെ നിയമിച്ചു. ആലപ്പുഴയില്‍നിന്നു റെയില്‍വേ പോലീസും സംഭവസ്‌ഥലത്ത്‌ എത്തിയിരുന്നു. പുന്നപ്ര പോലീസ്‌ കേസെടുത്തു.

പൂപ്പള്ളിക്കാവില്‍ വിദേശദമ്പതികള്‍ മരിച്ചതടക്കം തീരദേശ റെയില്‍പ്പാതയിലെ ആളില്ലാ ലെവല്‍ക്രോസിംഗുകളില്‍ അടുത്തിടെ അപകടപരമ്പര തന്നെയുണ്ടായിരുന്നു. അന്നു 40 ദിവസത്തിനകം കാവല്‍ക്കാരെ നിയമിക്കുമെന്നുപറഞ്ഞ റെയില്‍വേ ഗേറ്റുകളിലൊന്നും ഇനിയും നിയമനം നടന്നിട്ടില്ല. മരിച്ച ആഷിക്കിന്റെ ഭാര്യ സുനിത. മകന്‍: ആസിഫ്‌ (പള്ളുരുത്തി എസ്‌.ഡി.പി.വൈയിലെ യു.കെ.ജി. വിദ്യാര്‍ഥി). ബുഷറയാണു റഫീക്കിന്റെ ഭാര്യ. മകള്‍ റഫിയത്ത്‌.
(mangalam)

No comments:

Post a Comment