ലക്ഷ്‌മി സ്വയം പോയി; മാതാപിതാക്കളുടെ മടിത്തട്ടിലേക്ക് |
ഹരിപ്പാട്: തന്നെ തനിച്ചാക്കി വാഹനാപകടത്തില്‍ മരിച്ച മാതാപിതാക്കളുടെ അടുക്കലേക്ക് ലക്ഷ്‌മി യാത്രയായി. ഫെബ്രുവരി 17 ന് വാഹനാപകടത്തില്‍ മരിച്ച കുമാരപുരം കാഞ്ഞയില്‍ ലക്ഷ്‌മി നിവാസില്‍ ബിജു-സിന്ധു ദമ്പതികളുടെ ഏകമകള്‍ ലക്ഷ്‌മി(16)യെയാണ് മുമ്പു മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കായംകുളം എസ്.എന്‍. സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായിരുന്നു. ലക്ഷ്‌മിയുടെ പത്താം ക്ലാസ് വിജയത്തിനായി പനച്ചിക്കാട് സരസ്വതീക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ പോകുമ്പോഴാണ് വാഹനാപകടത്തില്‍ ബിജുവും സിന്ധുവും മരണമടഞ്ഞത്. ലക്ഷ്‌മിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. സിന്ധുവിന്റെ മാതാപിതാക്കളായ രാമചന്ദ്രനും പത്മിനിക്കുമൊപ്പം സിന്ധുവിന്റെ കുടുംബവീട്ടിലാണ് ലക്ഷ്‌മി തുടര്‍ന്നു താമസിച്ചിരുന്നത്. ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്നു പറഞ്ഞ് പോയ ലക്ഷ്‌മി വൈകുന്നേരം തിരിച്ചെത്താഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീട്ടില്‍ ലക്ഷ്‌മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലക്ഷ്‌മി ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല. രാവിലെ ഇവിടേക്കു വരുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. ഫെബ്രുവരി 17 -ലെ അപകടത്തിന് ശേഷം ഈ വീട്ടില്‍ ആരും താമസിച്ചിരുന്നില്ല. മൃതദേഹത്തിന് അരികില്‍നിന്നു കിട്ടിയ ലക്ഷ്‌മിയുടെ ഡയറിയില്‍ സ്വയം മരിക്കുകയാണെന്നും ആരുടെയും സ്വത്ത് വേണ്ടെന്നും എഴുതിയിരുന്നതായി പോലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്‌മി ശസ്‌ത്രക്രിയയ്‌ക്കു ശേഷം ഉണങ്ങാത്ത മുറിവുകളുമായാണ് പരീക്ഷ എഴുതിയത്. 82 ശതമാനം മാര്‍ക്ക് നേടിയിരുന്നു.(mangalam) |
Monday, October 4, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment