Friday, October 1, 2010

50 ലക്ഷം ഖത്തര്‍ റിയാലിന്റെ തട്ടിപ്പ്: മലയാളിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി

അഹമ്മദ് പാതിരിപ്പറ്റ
Posted on: 01 Oct 2010

ദോഹ: ദോഹയിലെ നിരവധി കമ്പനികളെ കബളിപ്പിച്ച് പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കി ദശലക്ഷക്കണക്കിന് റിയാലിന്റെ കെട്ടിടനിര്‍മാണ സാമഗ്രികള്‍ വാങ്ങി ടണ്‍ കണക്കിന് സാധനങ്ങളുമായി കടന്നുകളഞ്ഞ മലയാളിയായ കൊല്ലം പാരിപ്പള്ളി സ്വദേശി ഹബീബ് അബ്ദുള്‍ ഖാദറിനെ പിടികൂടുന്നതിനായി തട്ടിപ്പിനിരയായ കമ്പനി ഉടമകളും ഉദ്യോഗസ്ഥരും നിയമ നടപടികള്‍ക്കുള്ള നെട്ടോട്ടം തുടങ്ങി.

ലക്ഷക്കണക്കിന് റിയാലിന്റെ പോസ്റ്റ്‌ഡേറ്റഡ് ചെക്കുകള്‍ മാറാനാവാതെ നിരാശരായ കമ്പനി അധികൃതര്‍ ഇന്ന് ഇന്ത്യന്‍ എംബസിയിലെത്തി എംബസി മിനിസ്റ്റര്‍ സന്‍ജീവ് കോഹ്‌ലിയെ കണ്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.

മലയാളികളായ കമ്പനി ഉടമകളാണ് എംബസിയിലെത്തിയത്. വ്യക്തമായ രേഖകള്‍ സഹിതം തട്ടിപ്പിനിരയായ കമ്പനികള്‍ സംഘടിതരായി ഔദ്യോഗികമായി എംബസിയില്‍ പരാതി നല്‍കും.

പോലീസ് വകുപ്പില്‍ ഓരോ കമ്പനിയും പ്രത്യേകം പ്രത്യേകം പരാതികള്‍ നല്‍കിക്കഴിഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്‌സിലും സംഘടിതമായി പരാതിനല്‍കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.

കേരള ഗവണ്‍മെന്റിനെയും കര്‍ണാടക ഗവണ്‍മെന്റിനെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഔദ്യോഗികമായി അറിയിക്കുമെന്ന് എംബസി മിനിസ്റ്റര്‍ സന്‍ജീവ് കോഹ്‌ലി കമ്പനി അധികൃതര്‍ക്ക് മറുപടി നല്‍കി.

സാധനങ്ങള്‍ ട്രെയിലറുകളില്‍ എവിടെയാണെത്തിച്ചതെന്നും എങ്ങനെ പിടികൂടാന്‍ കഴിയുമെന്നത് സംബന്ധിച്ചും ദുബായിലുള്ളവരുമായി ബന്ധപ്പെട്ട് വരുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു.

ലിനോ ട്രെയിനിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അബ്രഹാം, അല്‍സബീല്‍ ട്രെയ്ഡിങ് കമ്പനിയിലെ ബദറുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 21 കമ്പനികളുടെ പ്രതിനിധികളാണിന്ന് എംബസിയിലെത്തിയത്. അമ്പതിലധികം കമ്പനികള്‍ വഞ്ചനയിലകപ്പെട്ടതായിട്ടാണറിയുന്നത്.

വളരെ ആസൂത്രിതവും സമര്‍ഥവുമായ രീതിയിലാണ് ഹബീബും സംഘവും തട്ടിപ്പ് നടത്തിയത്. മാസങ്ങളായി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പരിപാടി പ്രകാരം പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ ബാങ്കുകളിലെത്തുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പുതന്നെ സാധനങ്ങള്‍ കടത്തുന്ന ജോലികള്‍ പൂര്‍ത്തീകരിച്ച് എക്‌സിറ്റ് പെര്‍മിറ്റടച്ച് ദോഹയില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

കമ്പനിയിലുണ്ടായിരുന്ന നിരവധി ഫിലിപ്പീന്‍സ് യുവതികളടക്കമുള്ള ജീവനക്കാരെക്കുറിച്ച് വിവരമില്ല. ജീവനക്കാര്‍ക്കൊന്നും ശമ്പളം നല്‍കിയിട്ടില്ലെന്നാണറിയുന്നത്. (mathrubhumi)

No comments:

Post a Comment