സമീമിന്റെ മരണം: കൊലപാതകമെന്ന് ബന്ധുക്കള്‍
Posted on: 01 Oct 2010
കാസര്‍കോട്: പനയാല്‍ തച്ചങ്ങാട് ഹൗസിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സമീം (19) സൗദിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ഒട്ടേറെ ദുരൂഹതയുണ്ടാക്കുന്നതായി ബന്ധുക്കള്‍ പരാതിപ്പെടുന്നു. കെ.എസ്.യു പ്രവര്‍ത്തകന്‍ കൂടിയായ സമീം കഴിഞ്ഞമാസം 29നാണ് ഖത്തറില്‍ ജോലിക്ക് പോയത്. അവിടെ സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ലഭിച്ച സമീം തന്നെ പീഡിപ്പിക്കുന്നതായി വീട്ടുകാരെ തുടക്കം മുതല്‍ വിളിച്ചറിയിച്ചിരുന്നു. സ്‌പോണ്‍സര്‍ ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നവെന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞതായി സമീമിന്റെ പിതാവ് മുഹമ്മദ് കുഞ്ഞി പറഞ്ഞു.
ജോലിയില്‍ കയറിയ ആദ്യത്തെ നാലു ദിവസം വീട്ടിലേക്ക് വിളിച്ചുവെങ്കിലും പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. എന്നാല്‍ സപ്തംബര്‍ 28നാണ് സൗദി അതിര്‍ത്തിയില്‍ സമീമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖത്തറില്‍ വിസയുള്ള സമീം കുഞ്ഞിബി മുഹമ്മദ് കുഞ്ഞി എങ്ങനെ സൗദിയില്‍ എത്തിയെന്നത് ദുരൂഹമാണ്.
മണലാരണ്യത്തില്‍ കാണപ്പെട്ട മൃതശരീരം പോലീസാണ് കിങ് ഫഹദ് ആസ്പത്രിയിലെത്തിച്ചത്. ഇതൊരു കൊലപാതകമാണെന്ന് സമീമിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടെ മൃതദേഹം നാട്ടിലെത്തിക്കാമെന്നും നഷ്ടപരിഹാരം നല്‍കാമെന്നും സ്‌പോണ്‍സര്‍ സമീമിന്റെ പിതാവിനെ അറിയിച്ചിട്ടുണ്ട്. പക്ഷേ കേസിന് പോകരുതെന്നുള്ള നിബന്ധനയുമുണ്ട്. ഇതിനോട് സമീമിന്റെ ബന്ധുക്കള്‍ക്ക് യോജിപ്പില്ല. ഇതൊരു കൊലപാതകമാണെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് സമീമിന്റെ പിതാവ് കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
സമിമിന്റെ മരണത്തോടെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗത്തെയാണ് വീട്ടുകാര്‍ക്ക് നഷ്ടപ്പെട്ടത്. ഗള്‍ഫില്‍ പോയി ജോലിചെയ്ത് നന്നാവാമെന്ന് കരുതിയ കുടുംബത്തിന് ഒരു മാസത്തിനകം കിട്ടിയ മരണവാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു. കുഞ്ഞിബിയാണ് ഉമ്മ.
ഷെഫീഖ്, ബാസിത്, റഫീഖ്, ഷഫ്‌നാസ്, ഫൗസിയ, ഷഫീന എന്നിവര്‍ സഹോദരങ്ങളാണ്.
(mathrubhumi)
No comments:
Post a Comment