'അയോധ്യ: ഒത്തുതീര്‍പ്പ് വേണമെന്നു പൊതുവികാരം | ||
വിധിവന്ന് ഏതാണ്ട് ഒന്നര ദിവസം പിന്നിട്ടിട്ടും രാജ്യത്തൊരിടത്തും അനിഷ്‌ട സംഭവങ്ങള്‍ക്കിടയാക്കാതെ നോക്കിയ ജനസമൂഹത്തിന്റെ പക്വതയാര്‍ന്ന സമീപനത്തെ ശ്ലാഘിച്ച രാഷ്‌ട്രീയകക്ഷികള്‍ സമുദായസൗഹാര്‍ദം നിലനിര്‍ത്താന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്‌തു. രമ്യമായ ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കണമെന്നു കോണ്‍ഗ്രസും വികാരപരമായ ഈ പ്രശ്‌നം ഇനിയും വലിച്ചിഴയ്‌ക്കാതെ ചര്‍ച്ചചെയ്‌തു തീര്‍ക്കാനുള്ള സാധ്യത ആരായാവുന്നതാണെന്നു ബി.ജെ.പിയും അഭിപ്രായപ്പെട്ടു. പ്രശ്‌നത്തില്‍ തല്‍സ്‌ഥിതി തുടരുകയും രാജ്യമാകെ ക്രമസമാധാനം ഉറപ്പാക്കുകയും ചെയ്യുക മാത്രമാണു കേന്ദ്രത്തിന്റെ ദൗത്യമെന്ന് ആഭ്യന്തരമന്ത്രി ചിദംബരം അഭിപ്രായപ്പെട്ടു. വിധി തൃപ്‌തികരമല്ലെങ്കിലും ജനങ്ങള്‍ ശാന്തരാവണമെന്നു ഡല്‍ഹി ജമാമസ്‌ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി വെള്ളിയാഴ്‌ച തടിച്ചുകൂടിയ സമൂഹത്തോടു പറഞ്ഞു. അടച്ചിട്ട മുറിയില്‍ ഇത്തരം നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഉടമാവകാശം തീരുമാനിക്കുന്നതിനു പകരം ഒത്തുതീര്‍പ്പും വീതംവയ്‌പ്പുമായി വിധി മാറി'. വിധി വിലയിരുത്താന്‍ അഖിലേന്ത്യാ മുസ്ലിം വ്യക്‌തിനിയമബോര്‍ഡിന്റെ നിയമസമിതി ഒന്‍പതിനുചേരും. പതിനാറിനു ബോര്‍ഡിന്റെ 51 അംഗ നിര്‍വാഹകസമിതി ചേര്‍ന്ന് അപ്പീല്‍ കാര്യം ആലോചിക്കും. വിധിയെ സ്വാഗതം ചെയ്‌ത കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി വിട്ടുവീഴ്‌ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് അഭിപ്രായപ്പെട്ടു. അയോധ്യ രാമന്റെ ജന്മസ്‌ഥലമാണെന്നു വിധിയിലൂടെ അംഗീകരിച്ചുകിട്ടിയതിലാണു ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവിനു സന്തോഷം. പക്ഷേ 1992ല്‍ ബാബ്‌റി മസ്‌ജിദ് തകര്‍ത്ത നടപടി ഒരിക്കലും അംഗീകരിക്കത്തക്കതല്ലെന്നും വിധി ഈ നടപടിയെ ലഘൂകരിച്ചുകാണുന്നില്ലെന്നും പി. ചിദംബരവും കോണ്‍ഗ്രസ് വക്‌താവ് ദിഗ്‌വിജയ് സിംഗും പറഞ്ഞു. വിധിയേച്ചൊല്ലി യു.പിയില്‍ മുലായം സിംഗും മുഖ്യമന്ത്രി മായാവതിയും കൊമ്പുകോര്‍ത്തു. വിധിയിലൂടെ മുസ്ലിംസമുദായം വഞ്ചിക്കപ്പെട്ടതായി മുലായത്തിന്റെ പ്രസ്‌താവന പുറത്തുവന്നയുടന്‍ സമുദായസൗഹാര്‍ദം തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും കര്‍ശനനടപടിയുണ്ടാകുമെന്നു മായാവതി മുന്നറിയിപ്പു നല്‍കി. വിധി ന്യൂനപക്ഷങ്ങള്‍ക്കു നിരാശാജനകമാണെങ്കിലും അന്തിമവിധിയായി ഇതിനെ കാണരുതെന്നായിരുന്നു എല്‍.ജെ.പി. പ്രസിഡന്റ് രാംവിലാസ് പസ്വാന്റെ പ്രതികരണം. വിധി സ്വാഗതാര്‍ഹവും രമ്യതയ്‌ക്കു വഴിതെളിക്കുന്നതുമാണെന്ന് എ.ഡി.എം.കെ. നേതാവ് ജയലളിത. വിധിയില്‍ പരാതിയുള്ളവര്‍ക്കു നിയമപരമായ മാര്‍ഗങ്ങള്‍ ഇനിയുമുണ്ടെന്നു സി.പി.ഐ. പ്രശ്‌നം തെരുവിലല്ല കോടതിയിലൂടെയാണു തീര്‍ക്കേണ്ടതെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഫോര്‍വേഡ് ബ്ലോക്ക് പറഞ്ഞു. (mangalam report) ====================================== | ||
Friday, October 1, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment