Friday, October 1, 2010

വ്യാജ കേരളം --- മായം.. മായം.

മലപ്പുറത്തു കള്ളില്‍ കലര്‍ന്നത്‌ 3% മെഥനോള്‍
തൃശൂര്‍: മലപ്പുറം മദ്യദുരന്തത്തിനു കാരണമായ വിഷക്കള്ളില്‍ മൂന്നു ശതമാനത്തോളം മീതൈല്‍ ആല്‍ക്കഹോള്‍ (മെഥനോള്‍) കലര്‍ന്നെന്നു ഫോറന്‍സിക്‌ റിപ്പോര്‍ട്ട്‌. റിപ്പോര്‍ട്ട്‌ പോലീസിനു കൈമാറി. ഉള്ളില്‍ച്ചെന്നാല്‍ അന്ധത, വൃക്കയുടെയും കരളിന്റെയും നാശം, തൊലി വരള്‍ച്ച എന്നിവയ്‌ക്കു പുറമേ മരണംവരെ സംഭവിക്കാവുന്നത്ര മാരകവിഷമാണു മെഥനോള്‍.

വ്യാജക്കള്ളിനു വീര്യം കൂട്ടാനായി ഡയസെപാം ഉള്‍പ്പെടെയുള്ള രാസവസ്‌തുക്കള്‍ ചേര്‍ക്കാറുണ്ടെങ്കിലും ലിറ്ററിന്‌ 25 രൂപ മാത്രം വിലയുള്ള മീതൈല്‍ ആല്‍ക്കഹോള്‍ ഇത്രയും കൂടിയ തോതില്‍ ചേര്‍ത്തതിന്റെ കാരണം ദുരൂഹമാണ്‌. മദ്യദുരന്തത്തിനു പിന്നില്‍ അബ്‌കാരികള്‍ തമ്മിലുള്ള കുടിപ്പക മൂലമുള്ള ചതിയോ അട്ടിമറിയോ നടന്നിരിക്കാമെന്നാണു റിപ്പോര്‍ട്ട്‌ നല്‍കുന്ന സൂചനയെന്നു പോലീസ്‌ പറയുന്നു.

കുറ്റിപ്പുറം, പേരശന്നൂര്‍ കള്ളുഷാപ്പുകളിലെ കള്ള്‌ സാമ്പിളുകളിലാണു മൂന്നു ശതമാനത്തോളം മെഥനോള്‍ കണ്ടെത്തിയത്‌. ദുരന്തം നടന്ന വണ്ടൂര്‍ ഷാപ്പിന്റെ കരാറുകാരനായ അബ്‌കാരിയുടെ ഗോഡൗണില്‍നിന്നു ശേഖരിച്ച കള്ളില്‍ ഒന്നുമുതല്‍ ഒന്നര ശതമാനംവരെ മീതൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തി. അതേസമയം, വണ്ടൂര്‍ ഷാപ്പില്‍നിന്നു ശേഖരിച്ച സാമ്പിളില്‍ മീതൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞില്ല. മദ്യദുരന്തം നടന്നയുടന്‍ വണ്ടൂര്‍ ഷാപ്പിലെ കള്ള്‌ മറിച്ചുകളഞ്ഞു പകരം മായം ചേരാത്ത കള്ള്‌ വച്ചിരിക്കാമെന്നും ആ സാമ്പിളാകാം ലാബില്‍ ലഭിച്ചതെന്നും ഫോറന്‍സിക്‌ വിദഗ്‌ധര്‍ പറയുന്നു.

മലപ്പുറം മദ്യദുരന്തവുമായി ബന്ധപ്പെട്ടു 35 സാമ്പിളുകളാണു തിരുവനന്തപുരത്തെ

ഫോറന്‍സിക്‌ സയന്‍സ്‌ ലാബില്‍ പരിശോധിച്ചത്‌. സ്വാഭാവിക ചെത്തുകള്ളിനു പകരം കൃത്രിമക്കള്ളാണു വിറ്റതെന്നു പരിശോധനയില്‍ കണ്ടെത്തി. കള്ളില്‍ അനുവദനീയമായ 8.1% ആല്‍ക്കഹോളിനു പകരം 10 ശതമാനത്തിലേറെ ആല്‍ക്കഹോളടങ്ങിയ കള്ളാണു കണ്ടെത്തിയത്‌.

മീതൈല്‍ ആല്‍ക്കഹോളിനു പുറമേ വീര്യം കൂട്ടാനുള്ള ഡയസപാം, കള്ളിന്റെ സ്വാഭാവികനിറം ലഭിക്കാനായി ജലച്ചായച്ചിത്രങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ആര്‍ട്ടിസ്‌റ്റ് വൈറ്റ്‌, കള്ളിനു പുതുമ തോന്നാനും കുറച്ചു ദിവസം സൂക്ഷിച്ചാലും പുളിക്കാതിരിക്കാനും സമൃദ്ധമായ പത ഉണ്ടാകാനുമായി ചേര്‍ക്കുന്ന സോഡിയം ബൈ കാര്‍ബണേറ്റ്‌ തുടങ്ങിയവയുടെ അംശവും സ്‌ഥിരീകരിച്ചു. കള്ളില്‍ മൂന്നു ശതമാനത്തോളം മീതൈല്‍ ആല്‍ക്കഹോള്‍ കലരാനുള്ള സാധ്യത വിരളമാണെന്നു ഫോറന്‍സിക്‌ വിദഗ്‌ധര്‍ പറയുന്നു.ഇത്രയും കൂടിയ നിരക്കില്‍ മീതൈല്‍ ആല്‍ക്കഹോള്‍ കലരാനുള്ള വീഴ്‌ച കൃത്രിമക്കള്ള്‌ നിര്‍മിക്കുന്ന സംഘത്തിനു സംഭവിക്കാനും സാധ്യതയില്ല. അതുകൊണ്ടുതന്നെ അട്ടിമറി സാധ്യതയിലേക്കാണു ഫോറന്‍സിക്‌ ഫലം വിരല്‍ചൂണ്ടുന്നത്‌.
-ജോയ്‌ എം. മണ്ണൂര്‍ (mangalam)

No comments:

Post a Comment