Tuesday, October 5, 2010

തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ കള്ളനോട്ടൊഴുക്ക്‌
തൃശൂര്‍: തദ്ദേശതെരഞ്ഞെടുപ്പിന്റെ മറവില്‍ സംസ്‌ഥാനത്തേക്കു വന്‍ കള്ളനോട്ടൊഴുക്ക്‌. പാക്‌ ബന്ധമുള്ള ചില തീവ്രവാദ സംഘടനകളാണു കള്ളനോട്ട്‌ വിതരണത്തിനു പിന്നിലെന്ന്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ അറിവോടെ ലഷ്‌കര്‍-ഇ-തൊയ്‌ബയും അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ ഡി കമ്പനിയും നിയന്ത്രിക്കുന്ന കള്ളനോട്ട്‌ ശൃംഖലയില്‍ രാജ്യത്തെ മാവോയിസ്‌റ്റ് ഗ്രൂപ്പുകളുമുണ്ട്‌. 

അന്യസംസ്‌ഥാന തൊഴിലാളികള്‍ക്കിടയില്‍ തങ്ങിയാണ്‌ ഇവരുടെ പ്രവര്‍ത്തനം. ബംഗാളില്‍നിന്നുള്ള തൊഴിലാളികള്‍ക്കിടയില്‍ ചേക്കേറി ചില ബംഗ്ലാദേശികള്‍വഴിയും കള്ളനോട്ട്‌ വിതരണം വ്യാപകമായി നടക്കുന്നു. ശൃംഖല വികസിപ്പിക്കാന്‍ സംസ്‌ഥാനത്തെ ഏതാനും രാഷ്‌ട്രീയ നേതാക്കളും കൂട്ടുണ്ട്‌.

കള്ളനോട്ടുമായി ബന്ധപ്പെട്ട്‌ പെരുമ്പാവൂരിനടുത്തുനിന്നു പിടികൂടിയ അസാദുള്‍ ഷെയ്‌ക് എന്ന യുവാവിനെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണു കള്ളനോട്ട്‌ വ്യാപനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്‌.

പാകിസ്‌ഥാനില്‍ അച്ചടിച്ച 500 രൂപയുടെ കള്ളനോട്ടുകള്‍ സഹിതമാണു ബംഗ്ലാദേശ്‌കാരനായ ഇയാളും നാലു കൂട്ടാളികളും പിടിയിലായത്‌.

ബംഗാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബംഗ്ലാദേശ്‌ ഗ്രാമമായ മുഷിദാബാദില്‍ താമസിക്കുന്ന ഇയാളുടെ പക്കല്‍ ബംഗാളിലെ താമസക്കാരനാണെന്ന വ്യാജരേഖയുമുണ്ട്‌. ബംഗാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ ഇയാള്‍, കേരളത്തിലെത്തി ബംഗാളി തൊഴിലാളികള്‍ക്കൊപ്പം തങ്ങുകയായിരുന്നു. പണം കടം നല്‍കിയും വീട്ടു സാമഗ്രികള്‍ സൗജന്യമായി നല്‍കിയുമാണ്‌ ഇവരുമായി സൗഹൃദം സ്‌ഥാപിക്കുന്നത്‌. പിന്നീട്‌ ഇവരിലൂടെ കള്ളനോട്ട്‌ വിതരണം ചെയ്യുന്നു. അന്യസംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേരളത്തിലെ പല സ്‌ഥലങ്ങളിലും ഇയാള്‍ തങ്ങിയിട്ടുണ്ടെന്ന്‌ ഐ.ബിക്കു വിവരം ലഭിച്ചു.

ബാങ്കില്‍ കള്ളനോട്ടെത്തിച്ച സംഭവത്തില്‍ വിവാദ വ്യവസായി കെ.എ. റൗഫിനെ സംസ്‌ഥാന പോലീസ്‌ അടുത്തിടെ ചോദ്യം ചെയ്‌തിരുന്നു. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ കോഴിക്കോട്‌ പ്രധാനശാഖയില്‍ സെപ്‌തംബര്‍ ആറിനാണ്‌ ആയിരം രൂപയുടെ മുപ്പതു വ്യാജനോട്ടുകള്‍ പിടികൂടിയത്‌.

കെ.എ. റൗഫിന്റെ ചീഫ്‌് അക്കൗണ്ടന്റ്‌ മുഹമ്മ്‌ദ് സത്താറിന്റെ പേരിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കാനായി പ്യൂണ്‍ സാദിഖ്‌ കൊണ്ടുവന്ന ആയിരത്തിന്റെ 50 നോട്ടുകളില്‍ ഒമ്പതെണ്ണവും വ്യാജനായിരുന്നു. യഥാര്‍ഥ നോട്ടുകളോട്‌ ഏറെ സാമ്യം പുലര്‍ത്തുന്നവ ആയിരുന്നു ഈ കള്ളനോട്ടുകള്‍.  -ജോയ്‌ എം. മണ്ണൂര്‍ (mangalam)

No comments:

Post a Comment