Friday, October 8, 2010

അയോധ്യ: അനുരഞ്‌ജനത്തിന്‌ ചര്‍ച്ച സജീവം
അയോധ്യ: അയോധ്യാ കേസിലെ പ്രധാന കക്ഷികളായ രാമജന്മഭൂമി ട്രസ്‌റ്റ്, നിര്‍മോഹി അഖാര, ഹാഷിം അന്‍സാരി എന്നിവര്‍ ചേര്‍ന്ന്‌ അനുരഞ്‌ജന ചര്‍ച്ച തുടങ്ങി. അലാഹാബാദ്‌ ഹൈക്കോടതിവിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാന്‍ സുന്നി വഖഫ്‌ ബോര്‍ഡും അഖിലഭാരത ഹിന്ദു മഹാസഭയും തയാറെടുക്കുന്നതിനിടയിലാണ്‌ ഇത്‌. നിമോഹി അഖാരയിലെ പഞ്ച്രാം ദാസ്‌, രാമജന്മഭൂമി ട്രസ്‌റ്റിലെ രാംവിലാസ്‌ വേദാന്തി, കേസിലെ ഏറ്റവും പഴയ ഹര്‍ജിക്കാരന്‍ ഹാഷിം അന്‍സാരി എന്നിവരാണ്‌ അയോധ്യയിലെ ഹനുമാന്‍ഗഡി ക്ഷേത്രത്തിലെ പൂജാരി മഹന്ത്‌ ഗ്യാന്‍ ദാസിന്റെ വസതിയില്‍ ചര്‍ച്ച നടത്തിയത്‌.

ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ക്കു സ്വീകാര്യമാകുന്ന തരത്തിലുള്ള പ്രശ്‌നപരിഹാര ഫോര്‍മുല ചര്‍ച്ചചെയ്‌തെന്ന്‌ അവര്‍ അവകാശപ്പെട്ടെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. കോടതിവിധിയും ചര്‍ച്ചയില്‍ കണക്കിലെടുത്തിരുന്നു.

ക്ഷേത്രനിര്‍മാണത്തിനായി മുസ്ലിംകളും മസ്‌ജിദ്‌ നിര്‍മാണത്തിനായി ഹിന്ദുക്കളും 'കര്‍സേവ' നടത്തുന്ന രീതിയിലാണു നിര്‍ദേശമെന്നാണു സൂചന. കോടതികൊണ്ടോ പാര്‍ലമെന്റിലെ നിയമനിര്‍മാണം കൊണ്ടോ പരിഹരിക്കാവുന്നതല്ല അയോധ്യാ പ്രശ്‌നമെന്നു സുപ്രീം കോടതിയെ സമീപിക്കാന്‍ തയാറെടുക്കുന്നവര്‍ മനസിലാക്കണമെന്നു മഹന്ത്‌ ഗ്യാന്‍ ദാസ്‌ പറഞ്ഞു.(mangalam)

No comments:

Post a Comment