Thursday, October 7, 2010

 ഭാര്യയെ ഉളിക്കു കുത്തിക്കൊന്ന പ്രതിക്കു വധശിക്ഷ
മഞ്ചേരി: പയ്യനാട്‌ സുചിത്ര വധക്കേസില്‍ ഒന്നാം അതിവേഗ കോടതി ഭര്‍ത്താവിനു വധശിക്ഷ വിധിച്ചു. ചാരിത്ര്യശുദ്ധിയില്‍ സംശയിച്ചു ഭാര്യയെ ഉളികൊണ്ടു കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വണ്ടൂര്‍ കാരാട്‌ കേലേമ്പാടം വെള്ളില രാമചന്ദ്രനെ(40)യാണു മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി പി.എസ്‌. നസീര്‍ അഹമ്മദ്‌ മരണംവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്‌. 2009 സെപ്‌റ്റംബര്‍ അഞ്ചിനു രാത്രി ഒമ്പതരയ്‌ക്കായിരുന്നു സംഭവം. ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലാണു സുചിത്ര കൊല്ലപ്പെട്ടത്‌.

മരപ്പണിക്കാരനായ രാമചന്ദ്രന്‍ സുചിത്രയെ ഉളികൊണ്ടു കുത്തിക്കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്‌. ഭാര്യയുടെ ദേഹത്തു മാരകമായ 47 കുത്തുകള്‍ ഏല്‍പ്പിച്ച പ്രതി പൈശാചികവും മനുഷ്യത്വരഹിതവുമായ കൃത്യമാണു ചെയ്‌തതെന്നു കോടതി നിരീക്ഷിച്ചു. പയ്യനാട്‌ കുട്ടിപ്പാറ പ്ലാമ്പില്‍ അച്യുതന്റെ മകളാണു സുചിത്ര (36). ഭര്‍ത്താവിന്റെ സംശയം മൂലം 12 വര്‍ഷമായി സുചിത്ര വേര്‍പിരിഞ്ഞായിരുന്നു താമസം. ഇവര്‍ക്കു രണ്ടു പെണ്‍കുട്ടികളും ഒരു മകനുമുണ്ട്‌. ഇളയ രണ്ടു മക്കള്‍ സുചിത്രയ്‌ക്കൊപ്പവും മൂത്തമകള്‍ വിജിഷ രാമചന്ദ്രന്റെ കൂടെയുമായിരുന്നു താമസം. ബന്ധുക്കളും നാട്ടുകാരും മധ്യസ്‌ഥതയിലൂടെ പ്രശ്‌നം പരിഹരിച്ചതിനേത്തുടര്‍ന്നു രാമചന്ദ്രന്‍ ഭാര്യയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതിന്റെ എട്ടാം ദിവസമായിരുന്നു കൊലപാതകം. രക്‌തം ഇറ്റുന്ന ഉളിയുമായി അച്‌ഛന്‍ വാതില്‍ തുറന്നു പുറത്തേക്കു വരുന്നതു കണ്ടതായി മകള്‍ വിജിഷ നല്‍കിയ മൊഴി നിര്‍ണായകമായി. റിമാന്‍ഡില്‍ കഴിഞ്ഞ പ്രതിയെ ജാമ്യത്തിലിറക്കാന്‍ ബന്ധുക്കളെത്തിയിരുന്നില്ല. പ്രതിക്കു വേണ്ടി കോടതി അഭിഭാഷകനെ നിയമിക്കുകയായിരുന്നു. രാമചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി.

No comments:

Post a Comment