Wednesday, October 6, 2010

ഭൂട്ടാന്‍ ലോട്ടറി അവകാശം മോണിക്കയ്‌ക്ക് ?

ഭൂട്ടാന്‍ ലോട്ടറി അവകാശം മോണിക്കയ്‌ക്ക്; മേഘയുടെ മുന്‍കൂര്‍നികുതി സ്വീകരിച്ചില്ല
പാലക്കാട്‌: ഭൂട്ടാന്‍ ലോട്ടറികളുടെ സംസ്‌ഥാനത്തെ അംഗീകൃത വിതരണക്കാര്‍ മോണിക്ക എന്റര്‍പ്രൈസസാണെന്നു വ്യക്‌തമായി. കോടതിനിര്‍ദേശ പ്രകാരം വാണിജ്യനികുതി അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ക്കു മുമ്പാകെ രേഖകള്‍ ഹാജരാക്കവേ ഭൂട്ടാന്‍ സര്‍ക്കാരിന്റെയും മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്റെയും പ്രതിനിധികള്‍ക്കാണ്‌ ഇക്കാര്യം സമ്മതിക്കേണ്ടി വന്നത്‌. ഇതേത്തുടര്‍ന്നു മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് മുന്‍കൂര്‍നികുതി അടയ്‌ക്കാ ന്‍ കൊണ്ടുവന്ന 1.75 കോടി രൂപ വാണിജ്യനികുതി വകുപ്പ്‌ നിരസിച്ചു.

ഭൂട്ടാന്‍ സര്‍ക്കാരിന്റെ ലോട്ടറീസ്‌ ജോയിന്റ്‌ കലക്‌ടര്‍ കര്‍മ ഷ്‌റുള്‍ത്രിം, സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധു ജോണ്‍ കെന്നഡി എന്നിവരാണ്‌ ഇന്നലെ ഉച്ചയ്‌ക്കു രണ്ടുമണിയോടെ രേഖകളുമായി വാണിജ്യനികുതി അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ക്കു മുമ്പാകെ ഹാജരായത്‌.

ഭൂട്ടാന്‍ സര്‍ക്കാര്‍ ലോട്ടറിയുടെ വിതരണാവകാശക്കരാര്‍ ഒപ്പിട്ടതു മോണിക്കാ എന്റര്‍പ്രൈസസുമായാണ്‌. ഇവര്‍ പമല്‍ ഹേഡന്‍ എന്ന കമ്പനിക്ക്‌ ഉപകരാര്‍ നല്‍കി.

ഇവരില്‍നിന്നാണു മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സിന്‌ ഉപകരാര്‍ കിട്ടിയത്‌. കേരളത്തില്‍ ലോട്ടറി അച്ചടിക്കുന്നതും വില്‍ക്കുന്നതും നികുതിയടയ്‌ക്കുന്നതുമെല്ലാം മേഘയാണ്‌.

2010 ഏപ്രില്‍ ഒന്നിലെ കേന്ദ്ര ലോട്ടറി നിയമപ്രകാരം അന്യസംസ്‌ഥാന ലോട്ടറി നടത്തിപ്പില്‍ അതതു സര്‍ക്കാരുകളുമായി കരാര്‍ ഒപ്പിട്ട ഏജന്‍സിതന്നെ ലോട്ടറി നടത്തണം. ഉപകരാറുകള്‍ അംഗീകരിക്കില്ല. ഇതുപ്രകാരം കേരളത്തില്‍ ഭൂട്ടാന്‍ ലോട്ടറികളുടെ നടത്തിപ്പിനുള്ള അവകാശം മോണിക്ക എന്റര്‍പ്രൈസസിനാണ്‌.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു മേഘ രേഖകള്‍ ഹാജരാക്കണമെന്നു സംസ്‌ഥാനസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്‌. പ്രൊമോട്ടര്‍ സ്‌ഥാനം തെളിയിക്കാന്‍ രണ്ടാഴ്‌ച മുമ്പു നടത്തിയ ഹിയറിംഗില്‍ രേഖകള്‍ ഹാജരാക്കാതെ മേഘ അധികൃതര്‍ വാണിജ്യനികുതിവകുപ്പ്‌ ഓഫീസില്‍നിന്ന്‌ ഇറങ്ങിപ്പോയിരുന്നു. മുഴുവന്‍ രേഖകളും വാണിജ്യനികുതി വകുപ്പിനെക്കൂടി ബോധിപ്പിക്കണമെന്ന സെപ്‌റ്റംബര്‍ 30-ന്റെ കോടതി നിര്‍ദേശത്തേത്തുടര്‍ന്നാണു മേഘയ്‌ക്ക് ഇന്നലെ രേഖകള്‍ ഹാജരാക്കേണ്ടി വന്നത്‌.

രേഖകള്‍ കോടതിയില്‍ ഹാജരാക്കാമെന്നും വാണിജ്യനികുതി വകുപ്പിനെ ബോധിപ്പിക്കേണ്ടതുണ്ടോയെന്നും മേഘ കോടതിയില്‍ സംശയമുന്നയിച്ചിരുന്നു. ചൊവ്വാഴ്‌ച വാണിജ്യനികുതിവകുപ്പില്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചെങ്കിലും ഇന്നലെയാണു മേഘ അതിനു തയാറായത്‌.

മേഘ ഭൂട്ടാന്‍ ലോട്ടറികളുടെ ഔദ്യോഗിക പ്രൊമോട്ടറല്ലെന്നു വ്യക്‌തമായ സാഹചര്യത്തിലാണു മുന്‍കൂര്‍നികുതി നിരസിച്ചത്‌. കേരളാ ലോട്ടറി നിയമം പാലിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇവര്‍ നല്‍കിയ ഡി ഡി മടക്കി നല്‍കുകയായിരുന്നു. ലോട്ടറിയുടെ മുന്‍കൂര്‍നികുതി ഒരുമാസം മുമ്പ്‌ അടയ്‌ക്കണ മെന്നാണു ചട്ടം. ഒക്‌ടോബര്‍ 25 മുതല്‍ 31 വരെ നറുക്കെടുപ്പിനുള്ള തുകയാണ്‌ ഇന്നലെ കൊണ്ടുവന്നത്‌. ഇതു സമയപരിധിയുടെ ലംഘനമാണ്‌.

സംസ്‌ഥാനത്തു ലോട്ടറി നടത്തുന്നവര്‍ മറ്റു ചില രേഖകള്‍കൂടി ഹാജരാക്കണമെന്നു സംസ്‌ഥാന സര്‍ക്കാര്‍ പാസാക്കിയ ലോട്ടറി ഓര്‍ഡിനന്‍സില്‍ നിര്‍ദേശിച്ചിരുന്നു. ഈ രേഖകളും ഇന്നലെ വാണിജ്യനികുതി വകുപ്പിനു മുമ്പാകെ ഹാജരാക്കിയില്ല. മുമ്പു മുന്‍കൂര്‍നികുതി അടയ്‌ക്കാതിരുന്നതിന്റെ പലിശ എപ്പോള്‍ അടയ്‌ക്കുമെന്നു മേഘ വ്യക്‌തമാക്കിയിട്ടില്ല.

ഈ മൂന്നു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു മുന്‍കൂര്‍നികുതി നിരസിച്ചത്‌. ലോട്ടറി അപ്പീലുകളില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വെള്ളിയാഴ്‌ച കൂടുതല്‍ വാദം കേള്‍ക്കും (mangalam)
======================================================.
ലോട്ടറി വിവാദം: ഭൂട്ടാന്‍ പ്രധാനമന്ത്രിയുടെ വിശദീകരണം ഇന്നുണ്ടായേക്കും
കൊച്ചി: ലോട്ടറി വിവാദത്തില്‍ ഭൂട്ടാന്‍ സര്‍ക്കാരിന്റെ നിലപാട്‌ ഇന്നറിയാം. വിവാദം ഭൂട്ടാനില്‍ ചര്‍ച്ചയായിരിക്കെ ഭൂട്ടാന്‍ പ്രധാനമന്ത്രി ജിഗ്മി തിന്‍ലേയും മറ്റു മന്ത്രിസഭാംഗങ്ങളും പങ്കെടുക്കുന്ന പത്രസമ്മേളനം ഇന്നു ഭൂട്ടാനില്‍ നടക്കും. സാന്റിയാഗോ മാര്‍ട്ടിനു ലോട്ടറി വിതരണത്തിനു കരാറുനല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണം നിലനില്‍ക്കേ, പ്രധാനമന്ത്രി നേരിട്ടു പങ്കെടുക്കുന്ന പത്രസമ്മേളനം നിര്‍ണായകമാവുമെന്നാണു പ്രതീക്ഷ. മാസംതോറും നടക്കുന്ന മന്ത്രിസഭാ തീരുമാനങ്ങളുടെ വിശദീകരണയോഗമാണ്‌ ഇന്നു നടക്കുന്നത്‌.

മാര്‍ട്ടിനെതിരേ ഇന്ത്യയില്‍ നിന്നുള്ള പരാതികളുടെ പകര്‍പ്പ്‌ ഭൂട്ടാന്‍ പ്രധാനമന്ത്രിക്കും ലഭിച്ചിരുന്നതായി വിവാദം ഭൂട്ടാനില്‍ പുറത്തുകൊണ്ടുവന്ന ബിസിനസ്‌ ഭൂട്ടാന്‍ പത്രം വെളിപ്പെടുത്തിയിരുന്നു. ലോട്ടറി വിഷയം വിശദീകരിക്കാന്‍ കഴിഞ്ഞ തിങ്കളാഴ്‌ച ഭൂട്ടാന്‍ ധനകാര്യ സെക്രട്ടറിയും ലോട്ടറി ഡയറക്‌ടറേറ്റ്‌ മേധാവിയും നടത്തിയ പത്രസമ്മേളനത്തില്‍ മാര്‍ട്ടിനുമായുള്ള കരാറിനെ ഭൂട്ടാന്‍ ശരിവച്ചിരുന്നു. മാര്‍ട്ടിനു കരാറു നല്‍കിയതില്‍ സാമ്പത്തിക നഷ്‌ടമുണ്ടായിട്ടില്ലെന്നു വിശദീകരിച്ച ഭൂട്ടാന്‍ ധനകാര്യ മന്ത്രാലയം അഴിമതി നടന്നതിനു തെളിവില്ലെന്നും കഴിഞ്ഞദിവസം വ്യക്‌തമാക്കിയിരുന്നു.

എന്നാല്‍ വില്‍പന നികുതി ഇനത്തിലും മറ്റും പ്രതിവര്‍ഷം ഭൂട്ടാനു ലഭിക്കേണ്ട കോടികള്‍ മാര്‍ട്ടിന്‍ വെട്ടിച്ചെടുത്തതായാണു 'ബിസിനസ്‌ ഭൂട്ടാന്‍' ആരോപിക്കുന്നത്‌. ഭൂട്ടാന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ കേസില്‍ ഹാജരാകാന്‍ അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ടോയെന്ന കാര്യവും ഇന്നു വ്യക്‌തമാവുമെന്നാണു സൂചന.

അഭിഭാഷകരെ നിയോഗിച്ചിട്ടില്ലെന്നു ഭൂട്ടാന്‍ സര്‍ക്കാര്‍ മുമ്പുതന്നെ വെളിപ്പെടുത്തിയിരുന്നെങ്കിലും കോടതി ചെലവുകള്‍ വഹിച്ചതു ഭൂട്ടാന്‍ സര്‍ക്കാരാണെന്നാണു അഭിഷേക്‌ മനു സിംഗ്‌വി അവകാശപ്പെടുന്നത്‌. സിംഗ്‌വി കേസില്‍നിന്നു പിന്മാറിയതിനു പിന്നാലെ മറ്റൊരു അഭിഭാഷകനായ രാജീവ്‌ നയ്യാര്‍ ഭൂട്ടാനുവേണ്ടി ഹൈക്കോടതിയിലെത്തിയിരുന്നു. ടി. അഭിജിത്‌ (mangalam)
======================================================

No comments:

Post a Comment