അയോധ്യ: ഹര്‍ജിക്കാരനായ അന്‍സാരിക്കു വധഭീഷണി |
അയോധ്യ: അയോധ്യാ തര്‍ക്കഭൂമിക്കേസിലെ പ്രധാന കക്ഷികളിലൊരാളായ മുഹമ്മദ് ഹാഷിം അന്‍സാരിക്കു വധഭീഷണി. തന്റെ ജീവനു ഭീഷണിയുണ്ടെന്നും അയോധ്യാ പ്രശ്‌നത്തില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നവരാണ് അതിനു പിന്നിലെന്നും അന്‍സാരി പറഞ്ഞു. അയോധ്യാ തര്‍ക്കത്തില്‍ അനുരഞ്‌ജത്തിനായി അഖില ഭാരതീയ അഖാര പരിഷത്തിന്റെ പ്രസിഡന്റ് മഹന്ത് ഗ്യാന്‍ദാസുമായി ചര്‍ച്ച ആരംഭിച്ചപ്പോള്‍ മുതലാണു വധഭീഷണികള്‍ എത്തിത്തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. തൊണ്ണൂറുകാരനായ അന്‍സാരി കേസിലെ ആദ്യകാല കക്ഷികളിലൊരാളാണ്. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ അനുമതിയോടെയാണ് ഒത്തുതീര്‍പ്പിനു ശ്രമം തുടങ്ങിയതെന്ന് അന്‍സാരി ആവര്‍ത്തിച്ചു. ഈ വാദം വഖഫ് ബോര്‍ഡ് മുമ്പു നിഷേധിച്ചിരുന്നു. ഹൈക്കോടതിവിധി പ്രകാരമുള്ള ഭൂമി വിഭജനത്തിനു മൂന്നുമാസം സമയമുണ്ടെന്നും ഇതിനിടയില്‍ ചര്‍ച്ചയിലൂടെ രമ്യമായ പരിഹാരം ഉണ്ടാക്കാനാകുമെന്നുമാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ താന്‍ വെറുമൊരു കക്ഷിമാത്രമാണെന്ന വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ സഫര്യാബ് ജിലാനിയുടെ പരമാര്‍ശം തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ജിലാനി മാപ്പു പറഞ്ഞില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകില്ല. അതേസമയം, മൗലികവാദത്തിന്റെ തീയണയ്‌ക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്കു ജിലാനി തടസമാകുകയുമില്ല. സമാധാനം കാത്തുസൂക്ഷിക്കണമെന്നു ഹിന്ദുക്കളോടും അദ്ദേഹം അഭ്യര്‍ഥിച്ചു. കഴിഞ്ഞ 60 വര്‍ഷമായി കേസ് നടത്തുന്ന താന്‍ അനുഭവിച്ച ത്യാഗങ്ങളെപ്പറ്റി ജനങ്ങള്‍ക്കു ബോധ്യമുണ്ട്. ജനങ്ങളും മാധ്യമങ്ങളും തുടര്‍ന്നും തനിക്കു പിന്തുണ നല്‍കുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ കുഴിച്ചുമൂടണമെന്നും ഇനി പുതിയൊരു തുടക്കമാണ് ആവശ്യമെന്നും കേസിലെ മറ്റൊരു കക്ഷിയായ നിര്‍മോഹി അഖാരയുടെ തലവന്‍ മഹന്ത് ഭാസ്‌കര്‍ ദാസുമൊത്ത് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. (mangalam) |
Wednesday, October 6, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment