Thursday, October 7, 2010

പോലീസ്‌-പോപ്പുലര്‍ ഫ്രണ്ട്‌ രഹസ്യധാരണ: പ്രതി കീഴടങ്ങി
കൊച്ചി: കൈവെട്ടു കേസില്‍ ഒളിവിലായിരുന്ന പ്രതി പോലീസും പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വവുമായുള്ള രഹസ്യധാരണപ്രകാരം മുംബൈയില്‍നിന്നു ട്രെയിന്‍മാര്‍ഗം തിരിച്ചെത്തി കീഴടങ്ങി. മൂവാറ്റുപുഴ ഡിവൈ.എസ്‌.പിയും പോപ്പുലര്‍ ഫ്രണ്ട്‌ ചുമതലപ്പെടുത്തിയ മധ്യസ്‌ഥനും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണു പ്രതി പരീത്‌ ഇന്നലെ പോലീസില്‍ കീഴടങ്ങിയത്‌.

മുംബൈയില്‍നിന്നു തിരിച്ചെത്താന്‍ പരീതിനു പോപ്പുലര്‍ ഫ്രണ്ട്‌ നിര്‍ദേശം നല്‍കിയതായും ട്രെയിന്‍ മാര്‍ഗം ഇയാള്‍ നാട്ടിലേക്കു തിരിച്ചതായും 'മംഗളം' റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. പരീതിനു കസ്‌റ്റഡിയില്‍ പീഡനമോ കാര്യമായ ചോദ്യംചെയ്യലോ ഉണ്ടാവില്ലെന്നാണു പോലീസിന്റെ ഉറപ്പ്‌. കൈവെട്ടു സംഭവത്തില്‍ നേരിട്ടു ബന്ധമുണ്ടെന്ന്‌ ആക്രമിക്കപ്പെട്ട അധ്യാപകന്റെ ബന്ധു തിരിച്ചറിഞ്ഞയാളെ പോലീസ്‌ പ്രതിപ്പട്ടികയില്‍നിന്ന്‌ ഒഴിവാക്കുകയും ചെയ്‌തു. കേസില്‍ പോലീസ്‌ ലുക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ച, മുഖ്യആസൂത്രകന്‍ എം.കെ. നാസര്‍ നേരിട്ടെത്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതും അന്വേഷണസംഘത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.

ഫ്രീഡം പരേഡ്‌ സിഡി കണ്ട്‌ അധ്യാപകന്റെ ബന്ധു തിരിച്ചറിഞ്ഞ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നവാസിനെ കേസില്‍ ആവശ്യമില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഹൈക്കോടതിയെ അറിയിച്ചത്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരെപ്പോലും അമ്പരപ്പിച്ചിരുന്നു. വീടുവളഞ്ഞു പിടികൂടാനുള്ള ആലപ്പുഴ പോലീസിന്റെ ശ്രമത്തിനിടെ ഓടിരക്ഷപ്പെട്ട നവാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണു പോലീസ്‌ മലക്കംമറിഞ്ഞത്‌. എറണാകുളത്തെ ചില പോലീസ്‌ ഉന്നതരും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള രഹസ്യധാരണകളുടെഅടിസ്‌ഥാനത്തിലാണു കേസില്‍ അടുത്തിടെയുണ്ടായ മുഴുവന്‍ അറസ്‌റ്റുമെന്ന്‌ ആരോപണമുണ്ട്‌ (mangalam).

No comments:

Post a Comment