| മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍ |
| പൊന്‍കുന്നം: കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ രണ്ടുപേരെ പൊന്‍കുന്നം പോലീസ് പിടികൂടി. മുണ്ടക്കയം പൈങ്ങണ കട്ടൂപ്പാറയില്‍ താഹ (23), രാമപുരം പയപ്പാര്‍ ജോസഫ് അലക്‌സാണ്ടര്‍ (ഔസേപ്പച്ചന്‍-45) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെയോടെ പൊന്‍കുന്നം പോലീസ് അറസ്‌റ്റ് ചെയ്‌തത്. കൂടുതല്‍ പ്രതികളെ അടുത്തദിവസം പിടികൂടാന്‍ കഴിയുമെന്നാണ് പോലീസ് നിഗമനം. പാലാ, രാമപുരം എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങളില്‍ പണയം വെച്ചിരുന്ന 40 വളകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവിടെ നിന്നായി അഞ്ചുലക്ഷം രൂപയോളം ഇവര്‍ കൈക്കലാക്കിയതായി കണ്ടെത്തി. ഒരുപവന്‍ വീതം തൂക്കംവരുന്ന വളകളില്‍ നാലരഗ്രാം സ്വര്‍ണം മാത്രമാണുളളതെന്നു പരിശോധനയില്‍ കണ്ടെത്തി. ബാക്കി വെളളി, ചെമ്പ് എന്നീ ലോഹങ്ങള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് നിര്‍മിച്ചവയാണ് വളകള്‍. കോട്ടയം ചവിട്ടുവരിയില്‍ താമസിക്കുന്ന ശെല്‍വന്‍ എന്നയാളാണ് ഇത്തരത്തില്‍ വളകള്‍ നിര്‍മ്മിച്ച് ഇവര്‍ക്ക് നല്‍കുന്നത്. തട്ടിപ്പില്‍ പങ്കുളള ഇയാളെയും വണ്ടന്‍പതാല്‍ സ്വദേശി ജയകുമാര്‍, എഴുമറ്റൂര്‍ ജയന്‍, വെളളനാടി സുധന്‍ എന്നിവര്‍കൂടി പിടിയിലാവാനുണ്ടെന്നും പോലീസ് പറഞ്ഞു. പിടിയിലായ താഹ മുമ്പ് കള്ള നോട്ട് കേസില്‍ പ്രതിയായിട്ടുണ്ട്. രാമപുരത്ത് തടിക്കച്ചവടവും കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ നിര്‍മ്മാണവും നടത്തുന്നയാളാണ് ജോസഫ് അലക്‌സാണ്ടര്‍. ഇയാളുടെ പരിചയം വച്ചാണ് മിക്ക ബാങ്കുകളിലും തട്ടിപ്പ് നടത്തിയിരിക്കുന്നത്. എരുമേലി, മുണ്ടക്കയം, തിരുവല്ല, റാന്നി, പുല്ലാട് തുടങ്ങിയവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്‌ഥാപനങ്ങളിലും ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇത്തരത്തില്‍ വിവിധ സ്‌ഥലങ്ങളില്‍ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പോലീസിന്റെ നിഗമനം. സങ്കരലോഹത്തിനു മുകളില്‍ വിദഗ്‌ധമായി സ്വര്‍ണം പൂശിയിരിക്കുന്നതിനാല്‍ ബാങ്ക് ജീവനക്കാരുടെ പ്രാഥമിക പരിശോധനയില്‍ കൃത്രിമം കണ്ടെത്താനാവില്ല. ചെങ്ങളത്ത് വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് താഹയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് മുക്കുപണ്ടം തട്ടിപ്പിനെക്കുറിച്ചുളള വിവരം പോലീസിന് ലഭിക്കുന്നത്. കോട്ടയം എസ്.പി: പി.ജി. അശോക്കുമാറിന്റെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പളളി ഡിവൈ.എസ്.പി. പി: രഘുവരന്‍നായര്‍, പൊന്‍കുന്നം എസ്.ഐ. പി.ആര്‍. സന്തോഷ്, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ പി.വി. വര്‍ഗീസ്, ഒ.എം. സുലൈമാന്‍, എ.എം. മാത്യു, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൂട്ടുപ്രതികളെ പിടികൂടാനുളള ശ്രമത്തിലാണ് അന്വേഷണസംഘം.(mangalam) |
Thursday, October 7, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment