mathrubhumi
Posted on: 06 Oct 2010
ബാലരാമന്‍
ഇതിനിടയിലാണ് 'ഫെങ്ങ് നല്ല നേതാവാണ്' എന്ന് അയാളെ ന്യായീകരിക്കുന്ന പോസ്റ്റ് ഒരു ചൈനീസ് ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്. ഫെങ്ങിനെ കുറ്റവിമുക്തനാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്തിലെ വാദങ്ങള്‍ ഇങ്ങനെ പോകുന്നു:
1. ഫെങ്ങ് ഒരു വര്‍ഷം കൊണ്ട് വാങ്ങിയ ആകെ കൈക്കൂലി 60,000 റിംനിമ്പി (ഏതാണ്ട് നാല് ലക്ഷം രൂപ) മാത്രമാണ്. ചൈനയില്‍ ഇത്ര കുറച്ച് കൈക്കൂലി വാങ്ങിയ മറ്റൊരു നേതാവുണ്ടാവില്ല.
2. സ്വയം കൈക്കൂലി വാങ്ങുകയല്ലാതെ ഒരു നേതാവിനും ആപ്പീസര്‍ക്കും ഇയാള്‍ പത്ത് റിംനിമ്പി കൈക്കൂലി കൊടുക്കുകയോ അവിഹിത സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ല. സ്വയം ഒരു ഫോണ്‍ കാര്‍ഡിന്റെ ആവശ്യം വന്നപ്പോള്‍ എല്ലാവരേയും പോലെ ഫെങ്ങും രണ്ട് മണിക്കൂര്‍ ക്യൂ നിന്നു. അയാളുടെ ഭാര്യയുടെ ബന്ധുക്കള്‍ക്കൊന്നും പിന്‍വാതില്‍ നിയമനം വാങ്ങിക്കൊടുത്തിട്ടുമില്ല.
3. ഫെങ്ങ് തന്റെ കാമുകിമാര്‍ക്ക് ഉപഹാരമായി നല്‍കിയത് മൊബൈല്‍ ഫോണും എംപി4 പ്ലേയറുമൊക്കെയാണ്, ബാക്കി നേതാക്കന്മാരൊക്കെ ബെന്‍സ് കാറും ലക്ഷ്വറി അപാര്‍ട്ട്‌മെന്റുകളുമൊക്കെയാണ് വെപ്പാട്ടിമാര്‍ക്ക് നല്‍കുന്നത്. ഇത്രയും മിതവ്യയശീലമുള്ള ഒരു സ്ത്രീലമ്പടനെ എവിടെ കിട്ടും!
4. ഇത്ര സ്ത്രീലമ്പടനായിട്ടുപോലും അയാള്‍ സ്വന്തം ഭാര്യയോടൊപ്പം 25 ദിവസം ചിലവഴിച്ചു, അവര്‍ക്കും ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തു. എന്തൊരു നല്ല ഭര്‍ത്താവ്!
5. ഒരു വര്‍ഷം അയാള്‍ 89 സ്വകാര്യവിരുന്നുകളിലാണ് ആകെ പങ്കെടുത്ത് സൗജന്യമായി മദ്യപിച്ചത്, നാട്ടിലെ ലോക്കല്‍ നേതാക്കന്മാര്‍ വരെ വര്‍ഷത്തില്‍ 365 തവണയില്‍ കൂടുതല്‍ ഇത് ചെയ്യുന്നുണ്ട്.
6. ഫെങ്ങിന് സ്വന്തമായി കമ്പ്യൂട്ടറില്‍ സോഫ്റ്റ്-വേര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനറിയാം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനറിയാം, ഫോട്ടോ എടുക്കാനറിയാം, ഫോട്ടോഗ്രഫി ആസ്വദിക്കും... ഇതൊക്കെ നോക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളുടെ നിലവാരം വെച്ച് ആള്‍ ഐടി വിദഗ്ധനാണ്. ഇത്തരം ഒരു പ്രതിഭാശാലിയെ ഉപദ്രവിക്കുന്നത് ശരിയല്ല.
ഫെങ്ങിനെതിരെ കുറ്റമായി ചൂണ്ടിക്കാട്ടാവുന്ന കാര്യം അയാള്‍ക്ക് പെട്ടന്ന് മദ്യം തലക്ക് പിടിക്കുമെന്നതായിരുന്നു. അതിനാല്‍ പാര്‍ട്ടി പെരുമാറ്റച്ചട്ടങ്ങളനുസരിച്ച് നേതാവാകാനുള്ള യോഗ്യത അയാള്‍ക്കില്ല. മാത്രമല്ല, രാജ്യത്തെല്ലാമുള്ള പാര്‍ട്ടി സഖാക്കളുടെ പ്രതിച്ഛായക്ക് ഇത് കളങ്കമേല്‍പ്പിക്കുകയും ചെയ്യും. എങ്കില്‍പ്പോലും ഫെങ്ങിനെ വെറുതെ വിടണം, കാരണം പകരക്കാരനായി വരുന്ന പിന്‍ഗാമി ഇതിലും ചെറ്റയായിരിക്കും, അയാള്‍ ഓണ്‍ലൈന്‍ ഡയറി എഴുതണമെന്നുമില്ല.
ഇതാണ് ഹാന്‍ ഹാന്‍ - ചൈനയിലെ ഏറ്റവും ജനപ്രിയ ബ്ലോഗറായ 27-കാരന്‍, ബെസ്റ്റ് സെല്ലര്‍ നോവലെഴുത്തുകാരന്‍, റാലി ഡ്രൈവര്‍, ഗായകന്‍. 2006-ല്‍ തുടങ്ങിയെ ഹാനിന്റെ ബ്ലോഗ് വിക്കിപീഡിയ പറയുന്നത് വിശ്വസിക്കാമെങ്കില്‍ 42 കോടി പേര്‍ ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു. (ലോകത്തിലെ കൂടിയ ബ്ലോഗര്‍മാര്‍ വരെ ഒന്നോ രണ്ടോ ലക്ഷം ഹിറ്റ് എന്നാല്‍ സ്വര്‍ഗമെന്ന് വിചാരിക്കുന്ന ലോകമാണിത്.) ചൈനയിലെ സര്‍വാധികാരികളായ കമ്യൂണിസ്റ്റ് നേതാക്കളെ കളിയാക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഹാനിന്റെ ബ്ലോഗില്‍ പുതുമയല്ല. അഭിപ്രയാസ്വാതന്ത്ര്യത്തിനുമേല്‍ അത്രയ്ക്ക് കൂച്ചുവിലങ്ങിടുന്ന ചൈനയില്‍ ഹാനിന്റെ കളി അല്‍പം കൈവിട്ടുള്ള കളിയല്ലേ എന്ന് തോന്നും. എന്നാല്‍ ഈ വര്‍ഷാരംഭത്തില്‍ ചൈനയില്‍ പലയിടത്തും നഴ്‌സറി സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായ സമയത്ത് ഇയാള്‍ എഴുതിയ പോസ്റ്റ് വായിച്ചു നോക്കൂ:
രാജ്യത്താകമാനം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന പോലീസുകാരെയെല്ലാം നഴ്‌സറി സ്‌കൂള്‍ പാറാവിനയക്കണമെന്നാണ് എന്റെ അഭിപ്രായം. കുട്ടികളെ പോലും സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാരിന് സ്വയം രക്ഷയ്ക്ക് ഇത്ര ആളുകള്‍ വേണ്ട.
ഷാങ്ഹായ് എക്‌സ്‌പോ എന്ന ചൈനയുടെ അഭിമാന പ്രശ്‌നമായ അന്തര്‍ദേശീയ വാണിജ്യമേളയുടെ തിരശ്ശീല ഉയരാന്‍ ദിവസങ്ങള്‍ മാത്രമുള്ള അന്ന് ഈ കൂട്ടക്കൊലകളുടെ വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ സര്‍ക്കാരിന് ന്യായങ്ങള്‍ ഏറെയായിരുന്നു. അനുസരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഏറെ കുറ്റബോധവമുണ്ടായിരുന്നില്ല. എന്നാലും കഴിഞ്ഞ മെയ് മാസത്തെ ആ പോസ്റ്റിങ്ങില്‍ ഹാന്‍ ഹാന്‍ ഇങ്ങനെ തുടര്‍ന്നു:
ഷാങ്ഹായ് എക്‌സ്‌പോയുടെ ആഘോഷങ്ങളുടെ ഈ ഉത്സവവേളയില്‍ ബന്ധപ്പെട്ട ഗവണ്മന്റ് അധികൃതര്‍ക്ക് ഇതൊരു അപശബ്ദമാണ്. ഗവണ്മന്റ് പറയുന്നതനുസരിച്ച് തയ്‌ഴൂ കിന്‍ഡര്‍ഗാര്‍ട്ടന്‍ സംഭവത്തില്‍ 32 പേര്‍ക്ക് പരിക്ക് പറ്റിയെന്നും ആരും മരിച്ചിട്ടില്ലെന്നും മാത്രമേ നമുക്കറിയൂ, പക്ഷേ എത്രയോ കുട്ടികള്‍ കൊല്ലപ്പെട്ടന്ന് തെരുവില്‍ അഭ്യൂഹങ്ങളുണ്ട്. നമ്മള്‍ ആരെ വിശ്വസിക്കണം? ഗവണ്മന്റ് സത്യമാണ് പറയുന്നതെങ്കില്‍ അവരെന്താണ് മക്കളെ കാണാന്‍ മാതാപിതാക്കളെ അനുവദിക്കാത്തത്? ...ഒരു കൊലയാളി കറിക്കത്തി കൊണ്ട് 32 പേരെ വെട്ടിയിട്ട് ആരും മരിച്ചില്ലെന്നോ? അയാള്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നോ? ...സ്വന്തം ശീലങ്ങളനുസരിച്ച് സാഹചര്യങ്ങളെ നേരിടുന്ന ഗവണ്മന്‍ിന്റെ രീതിയാണിത്. ഇതാണവരുടെ സ്ഥിരം പ്രക്രിയ: എന്തെങ്കിലും സംഭവിക്കുന്നത് വരെ തിന്നുക, കുടിക്കുക, രാത്രി മുഴുവന്‍ കൂത്താടുക - എന്നിട്ട് പ്രശ്‌നം ഉണ്ടായ ഉണ്ടായ ഉടന്‍ ഒളിക്കുക, ഒറ്റപ്പെടുത്തുക, മാധ്യമങ്ങളെ അകറ്റി നിര്‍ത്തുക, നിരോധനങ്ങള്‍ കൊണ്ടുവരിക,, പത്രക്കുറിപ്പുകള്‍ ഇറക്കുക, നഷ്ടപരിഹാരം പ്രഖ്യാപിക്കുക, ശവസംസ്‌കാരം നടത്തുക -പിന്നെ വീണ്ടും തിന്നാനും കുടിക്കാനും കൂത്താടാനും മടങ്ങുക. അവരുടെ രീതി കൊലയാളികളേക്കാള്‍ കഷ്ടമാണ്… ഒരു മാസത്തിനുള്ളില്‍ അഞ്ച് സ്‌കൂള്‍ കൂട്ടക്കൊലകള്‍. കൂട്ടക്കൊലയുടെ സാമൂഹ്യ കാരണങ്ങളെ പറ്റിയൊന്നും എനിക്ക് സംസാരിക്കണമെന്നില്ല.. എനിക്ക് ഒറ്റ കാര്യം പറഞ്ഞാല്‍ മതി. കൊലക്കത്തിയുമായി ഒരുവന്‍ നഴ്‌സറി സ്‌കൂളിലേക്ക് പാഞ്ഞുകയറി കുട്ടികളെ കുത്തിക്കൊല്ലുകയാണ്. എന്നാലും അത് വാര്‍ത്തയല്ല. എല്ലാവരുടെയും വയസ്സ് ഒന്നിച്ചുകൂട്ടിയാല്‍ 100 തികയുന്ന 32 കൊച്ചുകുട്ടികളെ, നിങ്ങളെയെല്ലാം കുത്തി പരിക്കേല്‍പ്പിച്ചിരിക്കുന്നു, എന്നാലും നിങ്ങളൊന്നും പത്രത്തില്‍ വരില്ല, കാരണം 100 കിലോമീറ്ററപ്പുറത്ത് വലിയ വെടിക്കെട്ടോടെ ഭയങ്കര സമ്മേളനം നടക്കാന്‍ പോവുകയാണ്. ഒപ്പം തന്നെ നിങ്ങളുടെ നാട്ടിലെ തയ്‌ഴൂവില്‍ ജനങ്ങള്‍ 'മൂന്ന് സന്തോഷങ്ങള്‍' -ദേശീയ വിനോദസഞ്ചാരദിനങ്ങള്‍, സാമ്പത്തിക സംഭാഷണങ്ങള്‍, പ്രവാസി ചൈനക്കാര്‍ ബിസിനസ് തുടങ്ങുന്നതിന്റെ ആഘോഷം - ആസ്വദിക്കുകയാണ്. ആ വയസ്സന്മാരുടെയൊക്കെ കണ്ണില്‍ നിങ്ങള്‍ കുട്ടികള്‍ രസംകൊല്ലികളാണ്. ... നശിച്ച കുട്ടികളേ, നിങ്ങള്‍ക്കാണ് ഞങ്ങള്‍ പാല്‍പ്പൊടിയിലൂടെ വിഷം തരുന്നത്, നിങ്ങളെയാണ് വാക്‌സിന്‍ കുത്തിവെച്ച് രോഗികളാക്കുന്നത്, നിങ്ങളാണ് ഭൂമി കുലുക്കങ്ങളില്‍ ചതഞ്ഞുമരിക്കുന്നത്. മുതിര്‍ന്നവരുടെ ലോകത്തെന്തെങ്കിലും പ്രശ്‌നമുണ്ടായാലും അവര്‍ കത്തികൊണ്ട് കുത്തുന്നതും നിങ്ങളെയാണ്. തയ്‌ഴൂ സര്‍ക്കാര്‍ പറയുന്നത് പോലെ തന്നെയാണ് കാര്യങ്ങള്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോവുകയാണ്, ആരും മരിച്ചിട്ടില്ലെന്ന്, ചിലര്‍ക്ക് പരിക്ക് പറ്റിയത് മാത്രമേ ഉള്ളുവെന്ന്. ഞങ്ങള്‍ മുതിര്‍ന്നവര്‍ സ്വന്തം കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടവരാണ്.. നിങ്ങള്‍ വലുതാവുമ്പോള്‍ സ്വന്തം കുട്ടികളെ സംരക്ഷിക്കുക മാത്രമല്ല, അന്യരുടെ കുട്ടികളെ സംരക്ഷിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുക കൂടി ചെയ്യുമെന്ന് ഞാന്‍ ആശിക്കുകയാണ.്
കഴിഞ്ഞ മാസം ചൈന തങ്ങളുടേതെന്നും ജപ്പാന്‍ അവരുടേതെന്നും അവകാശപ്പെടുന്ന സെങ്കാക ദ്വീപിനടുത്ത് വെച്ച് ഒരു ജാപ്പനീസ് നാവികസേന ചൈനീസ് മീന്‍പിടുത്ത ബോട്ട് പിടിച്ചെടുത്ത് ക്യാപ്റ്റനെ അറസ്റ്റ് ചെയ്തപ്പോള്‍ ചൈനയില്‍ പരക്കെ ജപ്പാന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 'രാജ്യസ്‌നേഹം എല്ലാ തെമ്മാടിയുടേയും അവസാനത്തെ അത്താണിയാണ്' (അല്ലെങ്കില്‍ സര്‍ക്കാരിന്റെ ദുഷ്‌കര്‍മങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം) എന്ന് പറയുന്ന ഹാന്‍ ഹാന്‍ മാത്രം ഇതെപ്പറ്റി ഒന്നും പറഞ്ഞില്ല. എന്താണെന്ന് ചോദിച്ചപ്പോള്‍ ചൈനീസ് സര്‍ക്കാരും ജപ്പാനും തമ്മില്‍ നടക്കുന്ന ഭൂമി തര്‍ക്കത്തില്‍ സ്വന്തമായി ഒരിഞ്ച് ഭൂമിയില്ലാത്ത സാധാരണ ചൈനക്കാരന്‍ എന്തിന് ഇടപെടണം എന്നായിരുന്നു അയാളുടെ മറു ചോദ്യം.
ഞാനും നിങ്ങളും 'മാതൃഭൂമിയുടെ' പ്രശ്‌നത്തില്‍ ഒരേ പോലെ ദുഃഖിതരാണെന്നുമാത്രം പറയരുത്. നമ്മുടെ നാട്ടില്‍ സാധാരണക്കാരന് സ്വന്തമായി ഒരിഞ്ച് ഭൂമി പോലുമില്ല, എല്ലാ ഭൂമിയും, നിങ്ങള്‍ക്കറിയാവുന്നത് പോലെ, നിങ്ങള്‍ വാടകയ്ക്ക് തന്നതാണ്. നോക്കുമ്പോള്‍ ഈ പ്രശ്‌നം മുഴുവന്‍ കാറ്റില്‍ പറന്നുപോയി തറയില്‍ വീണ ഒരു ഓടിനെ ചൊല്ലി എന്റെ വീട്ടുടമസ്ഥനും അയല്‍വാസിയും തമ്മിലുള്ള കശപിശ പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ വീട്ടുടമസ്ഥന്റെ മച്ചില്‍ നിന്നും കാറ്റത്ത് പറന്നുപോയി അയല്‍വാസിയുടെ മുറ്റത്ത് വീണതാണ് ഓട് എന്ന് എനിക്കറിയാം. അയല്‍വാസിയെ വീട്ടുടമയ്ക്ക് പേടിയാണെന്നും എനിക്കറിയാം - ഓട് ചോദിക്കാന്‍ ആ മുറ്റത്തേക്കയാള്‍ കയറില്ല. ഇതില്‍ വാടകക്കാരനായ എനിക്കെന്താണ് കാര്യം? സ്വന്തമായി ഒരിഞ്ച് ഭൂമിയില്ലാത്തവന്‍ വേറെ വല്ലവന്റെയും ഭൂമിക്ക് വേണ്ടി സമരം നടത്തുന്നതെന്തിനാണ്? സ്വന്തമായി ഒരന്തസ്സും ഇല്ലാത്ത കുടിയാന്‍ ജന്മിയുടെ അന്തസ്സിന് വേണ്ടി പൊരുതുന്നതെന്തിനാണ്? അത്തരക്കാര്‍ക്ക് നാട്ടിലെന്താണ്‌വില, റാത്തലിന്? അല്ലെങ്കില്‍, അത്തരക്കാര്‍ എത്ര പേര്‍ വേണം ഒരു റാത്തല്‍ തികയാന്‍?
ചൈനക്കുള്ളിലെ ഒരു പ്രശ്‌നത്തിന്റെ പേരിലും ജനം പ്രതിഷേധപ്രകടനം നടത്തുന്നത് പൊറുക്കാത്ത ഭരണകൂടം ജപ്പാനെതിരെ ഇപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നതിനെ പ്രോത്സാപ്പിക്കുന്നതിനും ഹാന്‍ ഹാന്‍ കാരണം നല്‍കുന്നുണ്ട്:
ചൈനയുടെ വേദിയില്‍ ഇന്നുള്ളത് മൂന്ന് വേഷങ്ങളാണ്: യജമാനന്‍, ശിങ്കിടി, പിന്നെ ഒരു നായയും. നമ്മളില്‍ മിക്കവരും ആ മൂന്ന് വേഷങ്ങളില്‍ രണ്ടെണ്ണം മാറിമാറി കെട്ടി ജീവിച്ചു പോകുന്നവരാണ്. (ഏത് രണ്ട് എന്നോ? ആരെങ്കിലും സ്വയം ഞാന്‍ യജമാനനാണെന്ന് പറയുമോ, ഏത്!) ശിങ്കിടിയില്‍ നിന്ന് യജമാനന്‍ പ്രതീക്ഷിക്കുന്നത് ചുണകെട്ട വിധേയത്വമാണ്, പക്ഷേ ഇപ്പോള്‍ വേണ്ടത് കുറച്ച് കുരക്കുന്ന പട്ടികളെയാണ്. ഒരു പ്രശ്‌നവുമില്ല. കാരണം യജമാനന്‍ എങ്ങനെയൊക്കെ പെരുമാറിയാലും വീട് കാക്കേണ്ടത് നായയുടെ ജോലിയാണ്. ... നേതാക്കന്മാരുടെ മുഖങ്ങള്‍ക്കൊന്നും ഒരു കുഴപ്പവുമില്ലാത്തപ്പോള്‍ അവര്‍ നമ്മുടെ മുഖത്തടിക്കും, അവര്‍ക്ക് മുഖം നഷ്ടപ്പെടുമ്പോഴോ, നമ്മള്‍ അത് അവര്‍ക്കുവേണ്ടി നേടിക്കൊടുക്കണം, എങ്ങനെയുണ്ട്!
ഹാന്‍ തന്നെ വേറൊരിക്കല്‍ പറഞ്ഞതുപോലെ ചൈനീസ് ഭരണഘടന ജനങ്ങള്‍ക്ക് പത്രസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. പക്ഷേ ജനം ആ സ്വാതന്ത്ര്യം ഉപയോഗിക്കുന്നത് തടയാനുള്ള സ്വാതന്ത്ര്യം നേതാക്കന്മാര്‍ക്കും നല്‍കുന്നുണ്ട്. മാധ്യമങ്ങളുടെ റഫറന്‍സിനായി നിരോധിക്കപ്പെട്ട വാക്കുകളുടെ പട്ടികയുള്ള പദാവലി തന്നെ ഗവണ്മന്റ് ഇറക്കുന്നുണ്ട്. എന്നിട്ടും ഈ ചെറുപ്പക്കാരന്‍ മാത്രം ഈ ആപല്‍ക്കരമായ സര്‍ക്കസ് കളിച്ചുകൊണ്ട് അവിടെ ജീവിക്കുന്നു എന്നറിയണമെങ്കില്‍ ഹാന്‍ ഹാന്‍ ആരാണെന്ന് മനസ്സിലാക്കണം.
ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഹാന്‍ ഹാന്‍ ചൈനയിലെ 1980-കള്‍ക്ക് ശേഷം പിറന്ന തലമുറയില്‍പെട്ടവനാണെന്നതാണ്. 1980-കളിലാണ് ചൈനയില്‍ ദമ്പതിമാര്‍ക്ക് ഒരു കുട്ടി മാത്രമേ പാടുള്ളുവെന്ന നിയമം പ്രാബല്യത്തില്‍ വന്നത്. ഈ തലമുറയില്‍പ്പെട്ടവര്‍ വളരുന്ന കാലത്താണ് 'ദാരിദ്ര്യം പങ്കിടലല്ല സോഷ്യലിസം' എന്ന വിശദീകരണത്തോടെ മാര്‍ക്കറ്റ് സോഷ്യലിസം എന്ന ലേബലില്‍ വിപണി സമ്പദ്‌വ്യവസ്ഥ ചൈനയില്‍ നിലവില്‍ വന്നതും. അന്നാട്ടിന്റെ ഉത്പാദനമേഖലയിലും സമ്പദ് വ്യവസ്ഥയിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന നെറ്റിസന്‍മാരില്‍ മിക്കവരും ഈ തലമുറക്കാരാണ്. ചൈനീസ് മാധ്യമങ്ങള്‍ തന്നെ ഹാന്‍ ഹാനിനെ വിശേഷിപ്പിക്കുന്നത് ആ തലമുറയുടെ ശബ്ദമായിട്ടാണ്.
ഹൈസ്‌കൂള്‍ പരീക്ഷയില്‍ ചൈനീസ് അടക്കം ഏഴ് വിഷയങ്ങളില്‍ തോറ്റ് വീണ്ടും പരീക്ഷയ്ക്ക് പഠിക്കുന്ന കാലത്താണ് 1999-ല്‍ ദേശീയാടിസ്ഥാത്തില്‍ നടത്തിയ 'നവ സങ്കല്‍പ രചനാ മത്സര'ത്തില്‍ എഴുതിയ പ്രബന്ധത്തിന് ഒന്നാം സമ്മാനം നേടിക്കൊണ്ട് ഹാന്‍ ഹാന്‍ വെള്ളിവെളിച്ചത്തിലേക്ക് വന്നത്. ഈ എസ്സേയുടെ വിഷയം നോവലാക്കി എഴുതുമെന്നും ആ നോവലിന്റെ റോയല്‍റ്റി വഴി താന്‍ സമ്പന്നനാകുമെന്നും ആ ബാലന്‍ അധ്യാപകരോട് പറഞ്ഞപ്പോള്‍ അവര്‍ 'പാവം പൊട്ടന്‍' എന്ന് സഹതപിച്ചു. പക്ഷേ ഹാന്‍ പറഞ്ഞത് തമാശയായിരുന്നില്ല. പറഞ്ഞതുപോലെ പയ്യന്‍ പരീക്ഷയെഴുതാതെ പകരം ട്രിപ്പിള്‍ ഗേറ്റ് എന്ന നോവലെഴുതുക തന്നെ ചെയ്തു. ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ചപ്പാടിലൂടെ വിവരിക്കപ്പെടുന്ന നോവല്‍ ചൈനീസ് വിദ്യാഭ്യാസ സമ്പ്രദായത്തിന് നേരെത്തന്നെയാണ് വിരല്‍ ചൂണ്ടിയത്. അധ്യാപകരെ വേശ്യകളോട് ഉപമിക്കുന്ന ഹാന്‍ നോവലില്‍ ഒരിടത്ത് പറയുന്നത് ഇങ്ങനെയാണ്: അധ്യാപകര്‍ വേശ്യകളേക്കാള്‍ കാര്യപ്രാപ്തി ഉള്ളവരാണ്. വേശ്യകള്‍ പണമുണ്ടാക്കുന്നത് ആനന്ദം നല്‍കിക്കൊണ്ടാണ്. യാതന മാത്രം വിളമ്പിക്കൊണ്ടാണ് അധ്യാപകര്‍ പണമുണ്ടാക്കുന്നത്.
ട്രിപ്പിള്‍ ഗേറ്റ് |
അതിനിടയിലാണ് ഡ്രൈവിങ്ങ് ഭ്രമം ഹാനിനെ കാര്‍ റാലിയില്‍ കൊണ്ടെത്തിച്ചത്. കുറഞ്ഞ വാക്കില്‍ പറഞ്ഞാല്‍ അവിടെയും ഫലം നാടകീയമായിരുന്നു. അഭിജാതമായ 2007 ചൈന സര്‍കീറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഹാന്‍ ജേതാവായി, റേസിങ്ങ് ട്രാക്കിലും ഹാനിന്ന് യുവാക്കളുടെ ഹരമാണ്. റേസിങ്ങില്‍ ഹാനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വമ്പന്‍ കമ്പനികള്‍ തന്നെ തയ്യാറായി. ഇതേ കാലത്തിനിടയില്‍ ഹാന്‍ രചിച്ച് ആലപിച്ച ഗാനങ്ങളും ബോക്‌സോഫീസ് പട്ടികകളില്‍ സ്ഥാനം പിടിച്ചുതുടങ്ങിയിരുന്നു.
'80കള്‍ക്ക് ശേഷമുണ്ടായവരാണ് 21-ാം നൂറ്റാണ്ടിലെ യുവതലമുറ. അല്‍പമെങ്കിലും അഭ്യസ്തവിദ്യരായ, അണുകുടുംബങ്ങളില്‍ നിന്നും വരുന്ന രാഷ്ട്രീയ/സാമൂഹ്യ പ്രതിബദ്ധതകളൊന്നുമില്ലാത്ത തലമുറ. അവര്‍ക്ക് മനസ്സിലാകുന്ന 'കൂള്‍' ഭാഷയില്‍ കാര്യം പറയുന്ന ജനപ്രീതി തന്നെയാണ് അയാളുടെ സുരക്ഷയും. ഹാനിന്റെ ബ്ലോഗ് വിലക്കിയാല്‍ ചൈനയുടെ സൈബര്‍സ്‌പേസില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്ന് അധികൃതര്‍ ഭയക്കുന്നുണ്ട്.
ഹാന്‍ ഹാന്റെ ബ്ലോഗ് വലിയ വിലക്കുകളില്ലാതെ തുടരുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അയാളുടെ അര്‍ഷ പ്രകടനങ്ങളെല്ലാം നമ്മുടെ നാട്ടില്‍ പറയുന്ന അരാഷ്ട്രീയ ബുദ്ധിജീവിയുടെ പ്രതികരണങ്ങളാണ്. ഹാനിന് യാതൊരു രാഷ്ട്രീയ അജന്‍ഡകളുമില്ല. അയാള്‍ ഒരു സംഘടിത രാഷ്ട്രീയ വിഭാഗത്തിന്റെയോ വക്താവോ പ്രവര്‍ത്തകനോ അല്ല. ടിബറ്റ്, ജനാധിപത്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍, ഉയാഘുര്‍ വംശീയ കലാപങ്ങള്‍ ഇതൊന്നും ഹാനിന്റെ ബ്ലോഗില്‍ വിഷയങ്ങളല്ല ('ഹാവൂ ഭാഗ്യം!' എന്ന് അധികൃതര്‍). ഔദ്യോഗികമായ വിലക്കുകളുള്ള വിഷയങ്ങളിലൊന്നും ഹാന്‍ കൈ വെക്കുന്നില്ല. എന്നാലും ചിലപ്പോഴൊക്കെ അതിര് വിടുന്നു എന്ന് തോന്നുന്നുമ്പോള്‍ ചില പോസ്റ്റിങ്ങുകള്‍ ഗവണ്മന്റ് മായ്ച്ചുകളയാറുണ്ട്. പക്ഷേ അതിനും മുമ്പ് തന്നെ ആരാധകര്‍ ഇത് ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം പേസ്റ്റ് ചെയ്യുന്നതിനാല്‍ ഒന്നും 1984-ലെ മിനിട്രൂത്ത് ചെയ്യുംപോലെ എന്നേന്നേക്കുമായി ബാഷ്പീകരിക്കപ്പെടുന്നില്ല.
അന്തര്‍ദേശീയ വാര്‍ത്താ വാരികയായ ടൈം ഇക്കൊല്ലം ലോകത്തെ ഏറ്റവും സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയുണ്ടാക്കിയപ്പോള്‍ കൂട്ടത്തില്‍ ബരാക്ക് ഒബാമയുടെയും ബില്‍ ഗേറ്റ്‌സിനുമെല്ലാം കൂട്ടത്തില്‍ ഹാന്‍ ഹാനുമുണ്ടായിരുന്നു. ഇതിന് വേണ്ടി ടൈം ലേഖകന്‍ ഹാനിനെ ഇന്റര്‍വ്യൂ ചെയതപ്പോഴും അയാളുടെ മറുപടികള്‍ ഈ നിഷേധിയുടെ രസികത്വത്തോടെ തന്നെയായിരുന്നു. ചൈനീസ് സാഹിത്യത്തില്‍ സ്വന്തം സ്ഥാനമെന്താണെന്ന് ചോദിച്ചപ്പോള്‍ തന്നെ ഹാന്‍ മറുപടി ഇങ്ങനെയായിരുന്നു: നിങ്ങളുടെ വായനക്കാര്‍ക്ക് ചൈനീസ് സാഹിത്യത്തില്‍ വലിയ താല്‍പര്യമുണ്ടാകുമെന്ന് തോന്നുന്നില്ല...'പിന്നെ സ്വന്തം സ്ഥാനം നിര്‍ണയിക്കല്‍ വിവരം കെട്ട പരിപാടിയാണ്, അധികം വിനയം കാണിച്ചാല്‍ ആരും മൈന്റ് ചെയ്യില്ല, ഞാന്‍ ഭയങ്കരനാണ് എന്ന് വിചാരിച്ചാലും കാര്യമില്ല.'
ചൈനയില്‍ ജനാധിപത്യം വരാനുള്ള സാധ്യതയെ പറ്റി ചോദിച്ചപ്പോഴാണ് ഹാന്‍ കോമണ്‍സെന്‍സോടെ മറുപടി നല്‍കിയത്...'സമീപ ഭാവിയിലൊന്നും ഈ രാജ്യത്ത്് ബഹുകക്ഷി ജനാധിപത്യം വരാനിടയില്ല എന്ന വസ്തുത എനിക്ക് അംഗീകരിക്കാനാകും. പക്ഷേ ഇവിടെ അതിലും അടിയന്തരമായ, യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രശ്‌നങ്ങളുണ്ട് - പത്രസ്വാതന്ത്ര്യവും സാസ്‌കാരിക സ്വാതന്ത്ര്യവും പോലുള്ള കാര്യങ്ങള്‍. കുറഞ്ഞത് അതൊന്നും അത്ര ആശയറ്റ കാര്യങ്ങളല്ല. ആശയറ്റതല്ലാത്ത കാര്യങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യുന്നതാണെനിക്കിഷ്ടം. '
പുരുഷന്മാരുടെ അമേരിക്കന്‍ മാസികയായ എസ്‌ക്വയറിന്റെ ചൈനീസ് എഡിഷന്‍ പത്രാധിപരായ മായിമു പറയുന്നത് ഹാന്‍ ഹാന്‍ ഒരു നോര്‍മല്‍ ചെറുപ്പക്കാരനാണെന്നാണ്. ''അവന് സുന്ദരികളെ ഇഷ്ടമാണ്, ശരിയല്ലെന്ന് തോന്നുന്ന കാര്യം പറഞ്ഞാല്‍ 'നോ' എന്ന് പറയും. ചൈനയില്‍ കൂടുതല്‍ ഹാന്‍ ഹാന്‍മാരുണ്ടായിരുന്നെങ്കില്‍ ഈ രാജ്യം എത്രയോ നോര്‍മലായി പോയേനെ.' (mathrubhumi)
No comments:
Post a Comment