ഇന്ത്യ ഗംഭീരം റോബും കൂട്ടരും പറയുന്നുPosted on: 03 Oct 2010 ന്യൂഡല്‍ഹി: റോബ് ഹാരിസ്. ലണ്ടനിലെ ബ്രിസ്റ്റള്‍ ന്യൂസ് ആന്‍ഡ് മീഡിയയിലെ സ്‌പോര്‍ട്‌സ് ലേഖകന്‍. പക്ഷേ, സ്വദേശം ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനെതിരെ ഏറെ പ്രചാരണമുണ്ടായത് ഈ രണ്ടു രാജ്യങ്ങളില്‍നിന്നാണ്. എന്നാല്‍, റോബിന് ആ അഭിപ്രായമല്ല. ''ഗെയിംസിനെക്കുറിച്ച് ധാരാളം നെഗറ്റീവ് പബ്ലിസിറ്റി വന്നു, വിശേഷിച്ചും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍. അവയൊന്നും സത്യമായിരുന്നില്ലെന്ന് ഇവിടെ വന്നപ്പോള്‍ മനസ്സിലായി. ഈ പ്രസ് സെന്റര്‍തന്നെ ഉഗ്രനായിട്ടുണ്ട്. എന്തൊക്കെ സൗകര്യങ്ങളാ? സ്റ്റേഡിയങ്ങളും മനോഹരം. ഏതിനെക്കുറിച്ചും ചില കുറ്റപ്പെടുത്തലുകള്‍ ഉണ്ടാവും. എന്നാല്‍ കളികള്‍ തുടങ്ങുമ്പോഴേക്കും എല്ലാം മാറും. ഇന്ത്യ ഗംഭീരം'' -അദ്ദേഹം വിലയിരുത്തി. ഗെയിംസില്‍ ഇംഗ്ലണ്ടിനെയാണോ ഓസ്‌ട്രേലിയയെയാണോ താങ്കള്‍ പിന്തുണയ്ക്കുക? ''അതൊരു കടുപ്പമേറിയ ചോദ്യമാണ്. പത്രപ്രവര്‍ത്തകര്‍ നിഷ്പക്ഷരാവണമെന്നല്ലേപ്രമാണം. പക്ഷേ, ക്രിക്കറ്റില്‍ ഇഷ്ടം ഇംഗ്ലണ്ടിനെയാണ്.'' ജന്മനാടിനെ മറികടന്ന് ഇംഗ്ലണ്ടിനെ പ്രണയിക്കാനുള്ള കാരണം ചോദിച്ചപ്പോള്‍ പുഞ്ചിരി മാത്രമായിരുന്നു മറുപടി. കോമണ്‍വെല്‍ത്ത് ഗെയിംസ് സംബന്ധിച്ച വിവരങ്ങള്‍ ലോകമറിയുന്നത് മാധ്യമങ്ങളിലൂടെയാണ്, ഇന്ത്യയെക്കുറിച്ചുള്ള വിവരങ്ങളും. അതിനാല്‍ത്തന്നെയാണ് വിദേശികളായ മാധ്യമപ്രവര്‍ത്തകരുടെ മനസ്സറിയാന്‍ ശ്രമിച്ചത്. ന്യൂസീലന്‍ഡുകാരിയായ മിഷേല്‍ പിക്കിള്‍സ് ഒരുകാര്യം പറഞ്ഞു -''ഗെയിംസിനെതിരെ ഇന്ത്യന്‍മാധ്യമങ്ങളുടെ പ്രചാരണം അല്പം കടുത്തുപോയില്ലേ എന്നു സംശയം. നിങ്ങള്‍ക്കു പിന്നാലെയായിരുന്നു ഞങ്ങളും.'' ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനിലെ (എ.ബി.സി.) മാധ്യമപ്രവര്‍ത്തകരായ നിക്കോള്‍ റോഷ്, മാറ്റ് വേഡ്, സൈമണ്‍ ബേര്‍ഡ്‌സെല്‍, ബില്ലി കൂപ്പര്‍, പോള്‍ ലോക്യര്‍ തുടങ്ങിയവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു -''ഈ ഗെയിംസ് തകര്‍പ്പനാകും. ഒരു പക്ഷേ, മെല്‍ബണിലേതിനേക്കാള്‍ മികച്ചത്.'' അതു കേട്ടപ്പോള്‍ കൂടുതല്‍ ആഹ്ലാദം തോന്നിയത് ബിഹാറിലെ ധന്‍ബാദുകാരിയായ സിമി ചക്രവര്‍ത്തിക്കായിരിക്കും. എ.ബി.സി. സംഘത്തിലെ ഇന്ത്യന്‍ സാന്നിധ്യമാണവര്‍. മെയിന്‍ പ്രസ് സെന്ററിലുള്ളവരില്‍ മഹാഭൂരിപക്ഷവും വിദേശികളാണ്. ഓരോരോ ജോലികളുമായി അവര്‍ ഓടിനടക്കുന്നു. ഗെറ്റി ഇമേജസ്, എ.എഫ്.പി., എ.പി., ഓസ്‌ട്രേലിയന്‍ അസോഷ്യേറ്റഡ് പ്രസ് (എ.എ.പി.), ന്യൂസ് ലിമിറ്റഡ്, പ്രസ് അസോസിയേഷന്‍ തുടങ്ങി അന്താരാഷ്ട്ര വാര്‍ത്താ -ചിത്ര ഏജന്‍സികള്‍ക്കെല്ലാം പ്രസ് സെന്ററില്‍ പ്രത്യേകം ഓഫീസുകളുണ്ട്. പ്രഗതി മൈതാനത്തെ ഇന്ത്യന്‍ ട്രേഡ് പ്രമോഷന്‍ ഓര്‍ഗനൈസേഷന്‍ സമുച്ചയത്തിലാണ് 6700 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ മെയിന്‍ പ്രസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമകേന്ദ്രം. സംഘാടകരുടെ കണക്കനുസരിച്ച് 2000 മാധ്യമപ്രവര്‍ത്തകരാണ് ഗെയിംസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയിട്ടുള്ളത്. ഇതില്‍ 800 വിദേശികള്‍. മെയിന്‍ പ്രസ് സെന്ററില്‍ ഒരേസമയം 400 ലേഖകര്‍ക്കും 200 ഫോട്ടോഗ്രാഫര്‍മാര്‍ക്കും ജോലിചെയ്യാനുള്ള സൗകര്യമുണ്ട്. എല്ലാ അത്യാധുനിക സങ്കേതങ്ങളും പ്രവര്‍ത്തനസജ്ജം. എന്നാല്‍, പ്രസ് സെന്ററിനെ വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം സേവനസന്നദ്ധരായി ഓടിനടക്കുന്ന വോളന്റിയര്‍മാര്‍ തന്നെ. സദാ പുഞ്ചിരി തെളിയുന്ന ഈ യുവമുഖങ്ങള്‍ മേളയുടെ വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാകുന്നു. ലോകത്തെവിടെച്ചെന്നാലും മലയാളികളുണ്ടാവും എന്നാണ് ചൊല്ല്. മെയിന്‍ പ്രസ് സെന്ററിലും അതു സത്യമായി. ഇവിടത്തെ കമ്പ്യൂട്ടര്‍ശൃംഖലയുടെ നിയന്ത്രണം കൈയാളുന്നത് രണ്ട് മലയാളിയുവാക്കള്‍ -പാലക്കാട്ടുകാരന്‍ പി. പ്രതീഷും തൃശ്ശൂരുകാരന്‍ പി.ടി. സിന്റോയും. ഡല്‍ഹിയില്‍ എച്ച്.സി.എല്ലിലെ എന്‍ജിനീയര്‍മാരാണ് ഇരുവരും. ഇവര്‍ കഴിഞ്ഞാല്‍പ്പിന്നെ പ്രസ് സെന്ററിലുള്ള പത്രപ്രവര്‍ത്തകരിലും മലയാളികളേറെ (mathrubhumi) ====================================================. |
Saturday, October 2, 2010
CWG, Delhi 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment