ആള്‍മാറാട്ടം തിരിച്ചറിയുന്ന ഉപകരണം ചെന്നൈയില്‍
Posted on: 07 Oct 2010
ചെന്നൈ: ആള്‍മാറാട്ടംപോലുള്ള കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് അമേരിക്കയില്‍ നിര്‍മിച്ച പോര്‍ട്ടബിള്‍ ബയോമെട്രിക് ഓതെന്‍റിക്കേറ്റര്‍ എന്ന ഉപകരണം ഇന്ത്യയിലുമെത്തി. ചെന്നൈ ആസ്ഥാനമായ ക്വിക് സോഫ്റ്റ് സൊല്യൂഷന്‍സാണ് ഇന്ത്യന്‍ വിപണിയില്‍ ക്വിക് സ്‌കാനര്‍ പുറത്തിറക്കിയത്.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരീക്ഷയെഴുതുമ്പോഴുള്ള ആള്‍മാറാട്ടം പിടികൂടാനായി കോളേജുകളിലും സര്‍വകലാശാലകളിലും ഇതിന്റെ ഉപയോഗസാധ്യത എത്തിക്കാനാണ് കമ്പനിയുടെ പ്രാഥമിക ശ്രമമെന്ന് ക്വിക് സോഫ്റ്റ് സൊല്യൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷമേര്‍ ഷാ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൈയില്‍ ഒതുക്കിപ്പിടിക്കാവുന്ന ചെറിയ ഉപകരണമാണിത്. ഒരേസമയംതന്നെ വിദ്യാര്‍ഥികളുടെ ഫോട്ടോയും വിരലടയാളവും കണ്ണുകളുടെ ചിത്രവും ഉപകരണത്തില്‍ പകര്‍ത്താന്‍ കഴിയും. ഈ രേഖകള്‍ ഉപയോഗിച്ച് പരീക്ഷാഹാളില്‍ വിദ്യാര്‍ഥികള്‍ ആള്‍മാറാട്ടം നടത്തിയിട്ടുണ്ടോ എന്ന് രണ്ടു മിനിറ്റുകൊണ്ട് കണ്ടെത്താനാവുമെന്ന് ഷമേര്‍ ഷാ പറഞ്ഞു.
ഈ ചെറിയ ഉപകരണത്തില്‍ ഒരു ലക്ഷം പേരുടെ വിവരങ്ങളും രേഖകളും സൂക്ഷിച്ചുവെക്കാനാവും. കൂടുതല്‍ ഡാറ്റകള്‍ ലഭിക്കുകയാണെങ്കില്‍ നിലവിലുള്ള ഡാറ്റകളൊക്കെ യു.എസ്.ബി.യിലേക്ക് മാറ്റി വീണ്ടും ഉപകരണത്തില്‍ വിവരങ്ങള്‍ നിറയ്ക്കാം. വിദ്യാര്‍ഥികളുടെ രേഖകള്‍ പകര്‍ത്തുന്ന സമയംതന്നെ ഇവ കേന്ദ്ര സെര്‍വറിലേക്ക് മാറ്റപ്പെടും.
ഒരിക്കല്‍ പകര്‍ത്തിയ അടയാളങ്ങളോ രേഖകളോ ഡിജിറ്റല്‍ സാങ്കേതികത ഉപയോഗിച്ച് ഒരിക്കലും മാറ്റാനാവില്ലെന്നതാണ് ക്വിക് സ്‌കാനറിലെ പ്രധാന സുരക്ഷിതത്വമെന്ന് കമ്പനി സാരഥി ജോണ്‍ ഫിലിപ്പ് പറഞ്ഞു.
ചെന്നൈയിലും ഡല്‍ഹിയിലും ഇതിന്റെ വില്പന ആദ്യഘട്ടത്തില്‍ നടക്കും. ഉടന്‍തന്നെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തിക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു. പരമാവധി അഞ്ച് ലക്ഷം രൂപയാണ് ക്വിക് സ്‌കാനറിന്റെ ഇന്ത്യയിലെ വില.(mathrubhumi)
No comments:
Post a Comment